യുക്രൈൻ പ്രതിസന്ധി; റഷ്യയിൽ ഹോളിവുഡ് സിനിമകൾ റിലീസ് ചെയ്യില്ലെന്ന് നിർമ്മാണ കമ്പനികൾ
ഡിസ്നിയുടെ ഏറ്റവും പുതിയ ചിത്രമായ 'ടേണിങ് റെഡ്' മാർച്ച് 10 ന് റഷ്യയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു
യുക്രൈനിൽ റഷ്യൻ ആക്രമണം അതിതീവ്രമായ സാഹചര്യത്തിൽ ഹോളിവുഡ് സിനിമകൾ റിലീസ് ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് സിനിമ നിർമാണ കമ്പനികൾ. യൂണിവേഴ്‌സ്, പാരമൗണ്ട്, സോണി, ഡിസ്നി, വാർണർ ബ്രോസ് തുടങ്ങിയ മുൻനിര ഹോളിവുഡ് നിർമാണ കമ്പനികളാണ് പ്രഖ്യാപനവുമായി രംഗത്തെത്തിയത്. ദി വാൾട്ട് ഡിസ്നി കമ്പനിയാണ് ഇതുമായി ബന്ധപ്പെട്ട് നിലപാട് ആദ്യം സ്വീകരിച്ചത്.
ഡിസ്നിയുടെ ഏറ്റവും പുതിയ ചിത്രമായ ടേണിങ് റെഡ് മാർച്ച് 10 ന് റഷ്യയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. യുക്രൈനിനെതിരെയുള്ള ആക്രമണം റഷ്യ അവസാനിപ്പിക്കാത്തിടത്തോളം കാലം റഷ്യയിൽ ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്നും ഡിസ്നി വ്യക്തമാക്കി. ഈ ആഴ്ച പ്രദർശനം നിശ്ചയിച്ചിരുന്ന വാർണർ ബ്രോസിൻറെ ബാറ്റ്മാൻ, വരാനിരിക്കുന്ന സോണി പിക്‌ചേഴ്‌സിൻറെ മോർബിയസ്, പാരാമൗണ്ടിന്റെ ''ദി ലോസ്റ്റ് സിറ്റി'', ''സോണിക് ദി ഹെഡ്ജ്‌ഹോഗ് 2' എന്നീ സിനിമകളും റഷ്യയിൽ പ്രദർശിപ്പിക്കില്ലെന്ന് നിർമാണ കമ്പനികൾ അറിയിച്ചു. യാതൊരു പ്രകോപനവുമില്ലാതെ യുക്രൈനിനെ റഷ്യ ആക്രമിക്കുകയും അവിടെ ജീവിക്കുന്ന സാധാരണ ജനങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി വിടുകയും ചെയ്യുകയായിരുന്നു എന്നാണ് സിനിമ നിർമ്മാണ കമ്പനികളുടെയും വിലയിരുത്തൽ.
അതേസമയം യുക്രൈൻ-റഷ്യ സംഘർഷത്തിൽ രണ്ടാംഘട്ട സമാധാന ചർച്ച ഇന്നുണ്ടായേക്കുമെന്നാണ് സൂചന. ചർച്ചയ്ക്കായി യുക്രൈൻ പ്രതിനിധി സംഘം തിരിച്ചതായി പ്രസിഡിന്റിന്റെ ഉപദേഷ്ടാവ് മിഖായേലോ പൊഡോലിയാക് പറഞ്ഞു. രണ്ടു ദിവസംമുൻപ് ബെലറൂസിൽ നടന്ന റഷ്യ-യുക്രൈൻ സമാധാന ചർച്ച ഫലംകണ്ടിരുന്നില്ല. യുക്രൈൻ സംഘം ഹെലികോപ്ടറിലാണ് ചർച്ചയ്ക്കായി തിരിച്ചിരിക്കുന്നത്. പ്രാദേശിക സമയം രാത്രി ഏഴരയ്ക്ക് ചർച്ച ആരംഭിക്കുമെന്ന് യുക്രൈൻ സംഘത്തിലുള്ള ഡെവിഡ് അരാഖമിയ ഫേസ്ബുക്ക് കുറിപ്പിൽ വെളിപ്പെടുത്തി.
യുദ്ധഭൂമിയിൽനിന്ന് നാട്ടുകാർക്ക് രക്ഷപ്പെടാനായി മാനുഷിക ഇടനാഴി സ്ഥാപിക്കുന്ന കാര്യമായിരിക്കും ആദ്യം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുശേഷമായിരിക്കും വെടിനിർത്തൽ, സേനാപിന്മാറ്റം അടക്കമുള്ള വിഷയങ്ങളിലേക്ക് യുക്രൈൻ കടക്കുക. രണ്ടാംഘട്ട ചർച്ച ഉടൻ ആരംഭിക്കുമെന്ന് റഷ്യൻസംഘത്തിലെ പ്രമുഖനായ വ്ളാദ്മിർ മെഡിൻസ്‌കിയെ ഉദ്ധരിച്ച് നേരത്തെ ബെലറൂസ് വാർത്താ ഏജൻസിയായ ബെൽറ്റ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, ചർച്ച എവിടെവച്ചായിരിക്കുമെന്ന കാര്യം വ്യക്തമല്ല.
Adjust Story Font
16