ബഹിഷ്‌കരണക്കാർ എവിടെ? ബ്രഹ്‌മാസ്ത്രക്ക് ആദ്യ ദിനം തന്നെ മികച്ച കളക്ഷൻ
ആമിർഖാനും അക്ഷയ്കുമാറുമൊക്കെ ബോക്‌സ്ഓഫീസിൽ മൂക്കും കുത്തി വീണപ്പോൾ പ്രതീക്ഷളത്രയും അയാൻ മുഖർജിയുടെ ഈ ബ്രഹ്‌മാണ്ഡ ചിത്രത്തിലായിരുന്നു.
മുംബൈ: വൻ ബഹിഷ്‌കരണ ക്യാമ്പയിനുകൾക്കിടയിലും നേട്ടം സ്വന്തമാക്കി രൺബീർ കപൂർ-ആലിയ ഭട്ട് ചിത്രം ബ്രഹ്‌മാസ്ത്ര. വെള്ളിയാഴ്ച പ്രദർശനത്തിനെത്തിയ ചിത്രം, പുതിയ റിപ്പോർട്ടുകൾ പ്രകാരം ബോക്‌സ്ഓഫീസിൽ ആദ്യ ദിനം തന്നെ മികച്ച കളക്ഷൻ സ്വന്തമാക്കിയെന്നാണ്. ബോളിവുഡ് ഹങ്കാമ റിപ്പോർട്ട് പ്രകാരം ചിത്രം ആദ്യ ദിനം 36.50 കോടി മുതൽ 38.50 കോടി വരെ നേടിയെന്നാണ്.
ഒഴിവ് ദിവസമല്ലാതിരുന്നിട്ട് പോലും ബോളിവുഡിൽ ഒരു ചിത്രത്തിന് ഇത്രയും കളക്ഷൻ നേടുന്നത് ആദ്യമാണ്. പ്രമുഖ ട്രേഡ് വെബ്‌സൈറ്റ് ബോക്‌സ്ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം ചിത്രം 35-36 കോടി നേടിയെന്നാണ്. റിലീസിന് മുമ്പെ ചിത്രത്തിന് വൻ ബുക്കിങും ലഭിച്ചിരുന്നു. കോവിഡിന് ശേഷം രേഖപ്പെടുത്തിയ മികച്ച അഡ്വാൻസ് ബുക്കിങും ഈ ചിത്രത്തിനായിരുന്നു. ബോളിവുഡിനെ സംബന്ധിച്ചിടത്തോളം ബ്രഹ്‌മാസ്ത്രയിൽ വൻ പ്രതീക്ഷയാണ്. ആമിർഖാനും അക്ഷയ്കുമാറുമൊക്കെ ബോക്‌സ്ഓഫീസിൽ മൂക്കും കുത്തി വീണപ്പോൾ പ്രതീക്ഷളത്രയും അയാൻ മുഖർജിയുടെ ഈ ബ്രഹ്‌മാണ്ഡ ചിത്രത്തിലായിരുന്നു.
അതിനിടയിലാണ് രൺബീർ കപൂർ ബീഫ് ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞതിന് സമൂഹമാധ്യമങ്ങളിൽ ഹേറ്റ് ക്യാമ്പയിൻ സജീവമായത്. രൺബീറും ആലിയഭട്ടും ഉജ്വയ്‌നിലെ ഒരു ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനെതിരെ ബജ്‌റങ്ദൾ പരസ്യമായി രംഗത്ത് എത്തിയിരുന്നു. പിന്നാലെയാണ് ബ്രഹ്‌മാസ്ത്ര ബഹിഷ്‌കരണ ഹാഷ്ടാഗുകൾ ട്വിറ്ററിൽ സജീവമായത്. ഏകദേശം 410 കോടി രൂപയാണ് ബ്രഹ്‌മാസ്ത്ര എന്ന ചിത്രത്തിനായി ചെലവായത്. ബജറ്റ് കൊണ്ട് ഹിന്ദി ബെൽറ്റിലെ വലിയ ചിത്രങ്ങളിലൊന്നാണ് ബ്രഹ്‌മാസ്ത്ര. വൈ.ആർ.എഫ് നിർമിച്ച തങ്ക്‌സ് ഓഫ് ഹിന്ദുസ്താൻ എന്ന ചിത്രത്തിന് 310 കോടി ചെലവായിരുന്നു.
ഗംഗുബായ് കത്തിയാവാഡി, ബൂൽ ബുലയ്യ 2, ദ കശ്മീർ ഫയൽസ് എന്നിവ ഈ വർഷം ബോളിവുഡിൽ നിന്ന് പണം വാരിയ ചിത്രങ്ങളാണ്. അതേസമയം ആദ്യദിനം കളക്ഷനിൽ നേട്ടമുണ്ടാക്കിയെങ്കിലും നിരൂപകർക്കിടയിൽ നിന്നും മികച്ച അഭിപ്രായമല്ല ബ്രഹ്‌മാസ്ത്രക്ക് ലഭിക്കുന്നത്. തിയേറ്റർ എക്‌സ്പീരിയൻസ് അർഹിക്കുന്ന ചിത്രമെന്ന് കണ്ടവരെല്ലാം പറയുന്നുണ്ട്. അമിതാഭ് ബച്ചൻ, നാഗാർജുന തുടങ്ങി വൻ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബോളിവുഡിലെ ഒരു സൂപ്പർതാരവും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
Adjust Story Font
16