Quantcast

'മിസ്റ്റർ അന്ധകർ രാജ്'; കശ്മീർ ഫയൽസിനെതിരായ പ്രകാശ് രാജിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി വിവേക് അഗ്നിഹോത്രി

പ്രകാശ് രാജ് കാഴ്ച്ചക്കാരെ കുരയ്ക്കുന്ന നായ്ക്കള്‍ എന്ന് വിളിച്ചെന്ന് വിവേക് അഗ്നിഹോത്രി

MediaOne Logo

Web Desk

  • Updated:

    2023-02-09 12:22:02.0

Published:

9 Feb 2023 12:19 PM GMT

മിസ്റ്റർ അന്ധകർ രാജ്; കശ്മീർ ഫയൽസിനെതിരായ പ്രകാശ് രാജിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി വിവേക് അഗ്നിഹോത്രി
X

ദി കാശ്മീർ ഫയൽസ് ചിത്രത്തിനെതിരെ നടൻ പ്രകാശ് രാജ് നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ വിവേക് അഗ്നിഹോത്രി. തന്റെ സിനിമ അർബൻ നക്‌സലുകൾക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചുവെന്ന് വിവേക് അഗ്നിഹോത്രി ട്വിറ്ററിൽ കുറിച്ചു. ഇത് ചെറിയ ആളുകളുടെ സിനിമയാണെന്ന് പറഞ്ഞ വിവേക് അഗ്നിഹോത്രി പ്രകാശ് രാജിനെ അന്ധകാർ രാജെന്നാണ് വിശേഷിപ്പിച്ചത്. പ്രകാശ് രാജ് കാഴ്ച്ചക്കാരെ കുരയ്ക്കുന്ന നായ്ക്കൾ എന്ന് വിളിച്ചുവെന്നും വിവേക് അഗ്നിഹോത്രി കൂട്ടിച്ചേർത്തു.

മാതൃഭൂമി ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സിലെ സെഷനിലായിരുന്നു പ്രകാശ് രാജ് കശ്മീർ ഫയൽസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. ബോയ്‌ക്കോട്ട് സംസ്‌കാരത്തിനെതിരെയും അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു. 'ഞാൻ കണ്ടതിൽവെച്ച് ഏറ്റവും മോശം ചിത്രമാണ് കശ്മീർ ഫയൽസ്, നമുക്കറിയാം ഇതാര് നിർമിച്ചതാണെന്നത്, അന്താരാഷ്ട്ര ജൂറി അതിനെ മാറ്റി നിർത്തി, എന്തുകൊണ്ടാണ് തനിക്ക് ഓസ്‌കാർ ലഭിക്കാത്തതെന്നാണ് സംവിധായകൻ ചോദിക്കുന്നത്. വളരെ സെൻസിറ്റിവായിട്ടുള്ള മാധ്യമമാണ് നമുക്ക് ചുറ്റുമുള്ളത്. ഒരു പ്രത്യേക അജണ്ടയിലുള്ള ചിത്രം ഇവിടെ ചെയ്യാനാകും. എനിക്കു ലഭിച്ച വിവരങ്ങൾ അനുസരിച്ച് 2000 കോടിയാണ് ഇത്തരം ചിത്രങ്ങൾ ഒരുക്കാൻ അവർ മാറ്റിവച്ചിരിക്കുന്നത്. പക്ഷെ നിങ്ങൾക്ക് എപ്പോഴും ഒരാളെ വിഡ്ഡിയാക്കാനാകില്ല'- കശ്മീർ ഫയൽസിനെക്കുറിച്ച് പ്രകാശ് രാജ് പ്രതികരിച്ചു.

പഠാനെതിരായ ബഹിഷ്‌കരണാഹ്വാനത്തിലും പ്രകാശ് രാജ് പ്രതികരിച്ചിരുന്നു. '700 കോടി കളക്ഷൻ നേടിയ ചിത്രമാണ് പഠാൻ. ബഹിഷ്‌കരണാഹ്വാനം നടത്തുന്നവർ കുരയ്ക്കുക മാത്രമേയുള്ളൂ പക്ഷെ കടിക്കില്ല'-പ്രകാശ് രാജ് പറഞ്ഞു. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമായ 'ദി കശ്മീർ ഫയൽസി'നെതിരെ രാജ്യത്തും അന്താരാഷ്ട്രതലത്തിലും വലിയ തോതിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.

പാകിസ്താൻ പിന്തുണയുള്ള ഭീകരരുടെ പീഡനത്താൽ കശ്മീരിൽനിന്ന് പലായനം ചെയ്യേണ്ടിവന്ന ഹിന്ദു പണ്ഡിറ്റുകളുടെ കഥയെന്ന പേരിലാണ് ചിത്രം ആഘോഷിക്കപ്പെട്ടത്. എന്നാൽ, ബി.ജെ.പി ചിത്രത്തെ ആശയപ്രചാരണത്തിനായി ഉപയോഗിക്കുകയാണെന്നും രാജ്യത്ത് വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതാണ് ചിത്രമെന്നും വ്യാപക വിമർശനമുയർന്നിരുന്നു. അനുപം ഖേർ, മിഥുൻ ചക്രവർത്തി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

TAGS :

Next Story