എം.ടി, പ്രിയദര്‍ശന്‍ ആന്തോളജി സിനിമയുടെ ചിത്രീകരണം കോഴിക്കോട്ട്; 'ഓളവും തീരവും' സിനിമയില്‍ നായകന്‍ മോഹന്‍ലാല്‍
'ഓളവും തീരവും' ആദ്യ സിനിമയില്‍ 'ബാപ്പുട്ടി' എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് മധുവാണെങ്കില്‍ പുനരാഖ്യാനത്തില്‍ ഈ കഥാപാത്രത്തെ മോഹന്‍ലാലാണ് അവതരിപ്പിക്കുക
പി.എന്‍ മേനോന്‍റെ സംവിധാനത്തില്‍ 1970ല്‍ പുറത്തിറങ്ങിയ 'ഓളവും തീരവും' സിനിമയുടെ പുനരാഖ്യാനം വരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ആദ്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയ എം.ടി വാസുദേവന്‍ നായര്‍ തന്നെയാണ്. എം.ടിയുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന ആന്തോളജി ചിത്രത്തിലൊന്നായാണ് 'ഓളവും തീരവും' ഒരുങ്ങുന്നത്. ആന്തോളജിയില്‍ രണ്ട് ചിത്രങ്ങള്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യും. ബിജുമോനോന്‍ നായകനാവുന്ന 'ശിലാലിഖിത'വും 'ഓളവും തീരവും' ആണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങള്‍.
'ഓളവും തീരവും' ആദ്യ സിനിമയില്‍ 'ബാപ്പുട്ടി' എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് മധുവാണെങ്കില്‍ പുനരാഖ്യാനത്തില്‍ ഈ കഥാപാത്രത്തെ മോഹന്‍ലാലാണ് അവതരിപ്പിക്കുക. ജൂലൈ ആദ്യ വാരം കോഴിക്കോട് വെച്ച് ചിത്രീകരണം ആരംഭിക്കും. സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കും. ഫിലിം അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ളയാണ് സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവെച്ചത്.
എം.ടി വാസുദേവന്‍ നായരുടെ പത്ത് കഥകള്‍ ആണ് നെറ്റ്ഫ്ലിക്സ് ആന്തോളജി സിനിമയാകുന്നത്. എല്ലാ സിനിമകള്‍ക്കും എം.ടി തന്നെയാണ് തിരക്കഥയെഴുതുന്നതും. മോഹന്‍ലാല്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍, ആസിഫ് അലി, പാര്‍വതി തിരുവോത്ത് തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ ആന്തോളജി ചിത്രത്തില്‍ അണിനിരക്കും. പ്രമുഖ സംവിധായകരായ ജയരാജ്, പ്രിയദര്‍ശന്‍, ലിജോ ജോസ് പെല്ലിശേരി, ശ്യാമപ്രസാദ്, സന്തോഷ് ശിവന്‍, മഹേഷ് നാരായണന്‍ തുടങ്ങിയവരാണ് ചിത്രങ്ങളൊരുക്കുന്നത്. എം.ടിയുടെ മകള്‍ അശ്വതി വി നായര്‍ ക്രിയേറ്റീവ് പ്രൊഡ്യൂസറുടെ ചുമതലക്കൊപ്പം ഒരു ചിത്രവും സംവിധാന ചെയ്യുന്നുണ്ട്.
MT, Priyadarshan Anthology film shoot in Kozhikode; Mohanlal in the movie 'Olavum Theeravum'
Adjust Story Font
16