സിനിമാ കോൺക്ലേവിൽനിന്ന് മുകേഷിനെ മാറ്റുന്നതാണ് ഉചിതം; നയരൂപീകരണത്തിലും കുറ്റാരോപിതരെ ഒഴിവാക്കണം-പ്രേംകുമാർ
'ധർമജൻ എന്റെ നല്ല സുഹൃത്താണ്. പക്ഷേ, ഒരു സ്ത്രീയോടാണു സംസാരിക്കുന്നതെന്ന ബോധ്യം അദ്ദേഹത്തിനുണ്ടാകേണ്ടിയിരുന്നു.'
പ്രേംകുമാര്‍
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് നേരത്തെ പുറത്തുവരേണ്ടതായിരുന്നുവെന്ന് കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ. മൊഴികൾ നൽകിയ നടികൾ പരാതിയുമായി രംഗത്തുവരാൻ തയാറാകണമെന്ന്. സിനിമ നയരൂപീകരണ സമിതിയിൽനിന്ന് കുറ്റാരോപിതരെ ഒഴിവാക്കണമെന്നും മുകേഷിനെ സിനിമാ കോൺക്ലേവിൽ പങ്കെടുപ്പിക്കാതിരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമയിൽ സ്ത്രീ സുഹൃത്തുക്കൾ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങളും പരാതികളും അന്വേഷിക്കാൻ ഇങ്ങനെയൊരു സമിതി രൂപീകരിച്ചതു തന്നെ ധീരമായ നടപടിയാണെന്ന് പ്രേംകുമാർ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലൊന്നുമില്ലാത്തതാണ്. മുൻ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണെന്നതിനാൽ അതിനൊരു ജുഡിഷ്യൽ സ്വഭാവമുണ്ട്. സമൂഹത്തിൽ സ്ത്രീകൾ തുറന്നുപറയാൻ മടിക്കുന്ന കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റിപ്പോർട്ട് കുറച്ചുകൂടി നേരത്തെ പുറത്തുവരണമായിരുന്നു എന്നാണു കരുതുന്നത്. എന്നാൽ, സർക്കാരിനു മുൻപിൽ ഒരുപാട് സാങ്കേതികതടസങ്ങളുണ്ടായിരുന്നു. ഇക്കാര്യത്തിൽ ജസ്റ്റിസ് ഹേമ തന്നെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. വിഷയങ്ങളെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ അന്വേഷണസംഘത്തെ നിയമിച്ചിട്ടുണ്ട്. കമ്മിറ്റു മുന്നിൽ മൊഴികൾ നൽകിയ നടികൾ പരാതിയുമായി രംഗത്തുവരാൻ തയാറാകണമെന്നും പ്രേംകുമാർ ആവശ്യപ്പെട്ടു.
''സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടോ എന്ന് അറിയില്ല. അങ്ങനെയൊരു ഗ്രൂപ്പ് സിനിമയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ പുതിയ സിനിമകൾ വിജയിക്കില്ലായിരുന്നു. യഥാർഥ കലാകാരന്മാരെ ആർക്കും ഒഴിവാക്കാനാകില്ല. ആരോപണങ്ങൾ നേരിടുന്നവർക്കൊപ്പം വേദി പങ്കിടാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അവർ തുറന്നുപറയണം. സിനിമാ കോൺക്ലേവ് ബഹിഷ്‌ക്കരിക്കുകയല്ല, സഹകരിക്കുകയാണു വേണ്ടത്. കുറ്റാരോപിതരെ പരിപാടിയിൽനിന്നു മാറ്റിനിർത്തണം. കോൺക്ലേവിൽ മുകേഷിനെ പങ്കെടുപ്പിക്കാതിരിക്കുന്നതാണ് ഉചിതം. സർക്കാർ ഇക്കാര്യം ആലോചിക്കണം. നയരൂപീകരണ സമിതിയിൽനിന്ന് ആരോപിതരെ ഒഴിവാക്കണം.
പുതിയ ചെയർമാൻ ചുമതലയിലേക്കു സ്ത്രീകളെ കൊണ്ടുവരണം. ഇക്കാര്യത്തിൽ പിന്നാമ്പുറ നീക്കങ്ങളെക്കുറിച്ച് അറിയില്ല. ഇക്കാര്യത്തിൽ അവസാന തീരുമാനം സർക്കാരിന്റേതാണ്. എന്നാൽ, തീരുമാനം ഉടനുണ്ടാകുമെന്നും പ്രേംകുമാർ പറഞ്ഞു.
നടൻ ധർമജൻ ബോൾഗാട്ടി ചാനൽ അവതാരകയെ അധിക്ഷേപിച്ച സംഭവത്തിലും അവർ പ്രതികരിച്ചു. ധർമജൻ എന്റെ നല്ല സുഹൃത്താണ്. പക്ഷേ, ഒരു സ്ത്രീയോടാണു സംസാരിക്കുന്നതെന്ന ബോധ്യമുണ്ടാകേണ്ടതുണ്ടായിരുന്നു. അദ്ദേഹം സംസാരിച്ച ഭാഷയും സ്വരവുമൊന്നും പരിഷ്‌കൃതസമൂഹത്തിനു ചേർന്നതല്ല. സമൂഹത്തെ സ്വാധീനിക്കാനും ശരിയിലേക്കു നയിക്കാനും ശക്തിയുള്ളവരാണ് കലാകാരന്മാർ. അങ്ങനെയുള്ളവർ സംസാരം കൊണ്ടും പ്രവൃത്തികൊണ്ടും മാതൃകയാകേണ്ടതാണ്. ചാനൽ അവതാരകയോട് നടത്തിയ പ്രതികരണം വിഷമമുണ്ടാക്കുന്നതായെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു.
Summary: ''Mukesh should be removed from the cinema conclave, and the accused should be kept aside in policy making'': Asks Kerala Chalachitra Academy Vice Chairman Premkumar
Adjust Story Font
16