തെലങ്കാന മന്ത്രിയുടെ ക്ഷണം സ്വീകരിച്ച് മുനവ്വർ ഫാറൂഖി; ഹൈദരാബാദിൽ ജനുവരിയിൽ സ്റ്റേജ് ഷോ
ഹിന്ദുത്വ ഭീഷണിയെ തുടർന്ന് ബംഗളൂരുവിൽ നിശ്ചയിച്ചിരുന്ന മുനവ്വര്‍ ഫാറൂഖിയുടെ ഷോ റദ്ദാക്കിയതിനെ തെലങ്കാന മന്ത്രി കെടി രാമറാവു വിമർശിച്ചിരുന്നു. മുനവ്വറിനെ ഹൈദരാബാദിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു
ഹിന്ദുത്വ ഭീഷണികൾക്കിടെ മുംബൈയിൽ കോൺഗ്രസ് പിന്തുണയോടെ നടത്തിയ പരിപാടിക്കു പിറകെ ഹൈദരാബാദിലും സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവ്വർ ഫാറൂഖി എത്തുന്നു. അടുത്ത മാസമാണ് ഹൈദരാബാദിലെ ഫാറൂഖിയുടെ പരിപാടി. ഹിന്ദുത്വ ഭീഷണിയെ തുടർന്ന് ബംഗളൂരുവിൽ നിശ്ചയിച്ചിരുന്ന മുനവ്വറിന്‍റെ ഷോ റദ്ദാക്കിയതിനെ തെലങ്കാന വിവര, സാങ്കേതികവിദ്യാ മന്ത്രി കെടി രാമറാവു വിമർശിച്ചിരുന്നു. അദ്ദേഹത്തെ ഹൈദരാബാദിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
മുനവ്വർ ഫാറൂഖി തന്നെയാണ് ഹൈദരാബാദിലെ പരിപാടിയുടെ വിവരങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പുറത്തുവിട്ടത്. ജനുവരി ഒൻപതിനാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ഷോയുടെ ടിക്കറ്റ് വിതരണവും ആരംഭിച്ചിട്ടുണ്ട്.
Hyderabad https://t.co/lX2QjQIxTC pic.twitter.com/DRQ9T84yMa
— munawar faruqui (@munawar0018) December 21, 2021
മൂന്നു ദിവസം മുൻപാണ് ഹിന്ദുത്വ ഭീഷണിക്കിടയിലും കോൺഗ്രസ് പിന്തുണയോടെ മുനവ്വർ ഫാറൂഖി മുംബൈയിൽ സ്റ്റാൻഡ് അപ് കോമഡി ഷോ അവതരിപ്പിച്ചത്. ബംഗളൂരുവിലടക്കം രാജ്യത്തെ 16ഓളം നഗരങ്ങളിൽ വിവിധ പരിപാടികൾ റദ്ദാക്കപ്പെട്ടതിനുശേഷം ഫാറൂഖിയുടെ ആദ്യ ഷോയായിരുന്നു ഇത്. ആൾ ഇന്ത്യ പ്രൊഫഷനൽ കോൺഗ്രസിന്റെ മഹാരാഷ്ട്രാ ഘടകത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി നടന്നത്.
ഗുരുഗ്രാം, റായ്പൂർ, അഹ്‌മദാബാദ്, സൂറത്ത്, ഗോവ അടക്കമുള്ള നിരവധി ഇന്ത്യൻ നഗരങ്ങളിൽ കോമഡി ഷോയ്ക്കുള്ള അനുമതി അധികൃതർ നിഷേധിച്ചതിനു പിറകെയായിരുന്നു ബംഗളൂരുവിലെ പരിപാടിയും റദ്ദാക്കിയത്. ഹിന്ദുത്വ ഭീഷണിയെത്തുടർന്നായിരുന്നു ഇത്. ഇതോടെ ഈ രംഗം വിടുകയാണെന്ന് വികാരഭരിതമായൊരു സോഷ്യൽ മീഡിയ കുറിപ്പിലൂടെ ഫാറൂഖി പ്രഖ്യാപിച്ചു.
സംഭവം രാജ്യത്ത് ഏറെ ചർച്ചയാകുന്നതിനിടെയാണ് കർണാടക സർക്കാരിനെ വിമർശിച്ച് തെലങ്കാന മന്ത്രി കെടിആർ രംഗത്തെത്തിയത്. രാഷ്ട്രീയപരമായി ഒരേ പക്ഷക്കാരല്ലാത്തതിന്റെ പേരിൽ തെലങ്കാന രാഷ്ട്രസമിതി(ടിആർഎസ്) സർക്കാർ മുനവ്വർ ഫാറൂഖിയുടെയും കുനാൽ കംറയുടെയുമെല്ലാം പരിപാടികൾ റദ്ദാക്കില്ലെന്നും ഹൈദരാബാദിൽ പരിപാടി അവതരിപ്പിക്കാൻ ഇവരെ ക്ഷണിക്കുകയാണെന്നും രാമറാവു അറിയിച്ചിരുന്നു.
Summary: Stand-up comedian Munawar Faruqui announced on Twitter that he will be performing a show in Hyderabad. Faruqui informed that he will be performing his show 'Dhandho' on 9 January 2022.
Adjust Story Font
16