'എന്‍റെ സിനിമാ വരവില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് എന്‍റെ ഉമ്മയാണ്'; ലുഖ്മാന്‍ അവറാന്‍
''സിനിമാ സ്വപ്നം എന്ന കാര്യം ആകെ ഉമ്മയോട് മാത്രമാണ് പറഞ്ഞത്. വീട്ടില്‍ വേറെയാരോടും അങ്ങനെ ഒന്നും പറഞ്ഞിരുന്നില്ല. ചില മാസങ്ങളില്‍ വീട്ടിലേക്ക് പൈസ അയച്ചുകൊടുക്കാന്‍ പറ്റില്ല. അപ്പോള്‍ ഉമ്മ സ്വര്‍ണ്ണം വല്ലതും പണയം വെച്ച് അത് കൊടുക്കും. അടുത്ത പ്രാവശ്യം കിട്ടുമ്പോള്‍ തന്നാല്‍ മതിയെന്ന് പറയും. ഉമ്മ ശരിക്കും എന്‍റെ കൂടെ നിന്നിരുന്നു'
തല്ലുമാലയിലെ ജംഷി എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് ആര്‍ക്കും അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. തിയറ്ററില്‍ ഇടിപ്പൂരം ഒരുക്കിയ ലുഖ്മാന്‍റെ കഥാപാത്രം വലിയ പ്രേക്ഷക പ്രശംസ നേടിക്കൊടുത്തു. തല്ലുമാലയുടെ ഗംഭീര വിജയത്തിന് ശേഷം ആളങ്കം എന്ന സിനിമയുമായി ലുഖ്മാന്‍ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. സിനിമയുടെ പ്രചാരണങ്ങളുടെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ ലുഖ്മാന്‍ സിനിമയിലെ തുടക്കകാലം ഓര്‍മ്മിക്കുന്നത് ഇങ്ങനെയാണ്. ഹര്‍ഷദ് സംവിധാനം ചെയ്ത 'ദായോം പന്ത്രണ്ടും' എന്ന സിനിമയിലൂടെയാണ് ലുഖ്മാന്‍ സിനിമയിലെത്തുന്നത്. അന്ന് ആദ്യ സിനിമയുടെ ഭാഗമായി വന്ന എല്ലാവരും ഇന്ന് മലയാള സിനിമയില്‍ സജീവമാണെന്ന് ലുഖ്മാന്‍ പറയുന്നു. കോഴിക്കോട്ടെ കനകാലയം ബംഗ്ലാവ് എന്ന വീട് കേന്ദ്രീകരിച്ചായിരുന്നു സിനിമാ പ്രവര്‍ത്തനങ്ങളെന്നും ലുഖ്മാന്‍ പറഞ്ഞു. സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഏറ്റവും സന്തോഷവതിയായി കാണുന്ന ഒരാള്‍ തന്‍റെ ഉമ്മയാണെന്നും ആദ്യമായി തിയറ്ററില്‍ വന്ന് ഉണ്ടയും തല്ലുമാലയും ഓപ്പറേഷന്‍ ജാവയും കണ്ടപ്പോള്‍ വലിയ സന്തോഷമായിരുന്നെന്നും ലുഖ്മാന്‍ പറയുന്നു. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ലുഖ്മാന്‍ മനസ്സുതുറന്നത്.
'സിനിമാ സ്വപ്നം എന്ന കാര്യം ആകെ ഉമ്മയോട് മാത്രമാണ് പറഞ്ഞത്. വീട്ടില്‍ വേറെയാരോടും അങ്ങനെ ഒന്നും പറഞ്ഞിരുന്നില്ല. എന്‍ജിനിയറിങ് കഴിഞ്ഞ് ട്രെയിനിയായി ജോലി ചെയ്യുന്ന ശമ്പളമാണ് വീട്ടില്‍ തരുന്നതെന്നാണ് പറഞ്ഞിരുന്നത്. ചില മാസങ്ങളില്‍ വീട്ടിലേക്ക് പൈസ അയച്ചുകൊടുക്കാന്‍ പറ്റില്ല. അപ്പോള്‍ ഉമ്മ സ്വര്‍ണ്ണം വല്ലതും പണയം വെച്ച് അത് കൊടുക്കും. അടുത്ത പ്രാവശ്യം കിട്ടുമ്പോള്‍ തന്നാല്‍ മതിയെന്ന് പറയും. ഉമ്മ ശരിക്കും എന്‍റെ കൂടെ നിന്നിരുന്നു. ഇതും കൂടി നോക്ക്, ഇല്ലേല്‍ ഗള്‍ഫിലേക്ക് പോകെന്ന് പറയും. ആ ഉമ്മ ആദ്യമായി തിയറ്ററില്‍ വന്ന് ഉണ്ടയും തല്ലുമാലയും ഓപ്പറേഷന്‍ ജാവയും കണ്ടു. ഉമ്മക്ക് വലിയ സന്തോഷമാണ്. ഞാനൊക്കെ എത്ര വേദനിച്ചിട്ടുണ്ടെന്ന് അറിയോന്ന് ചോദിക്കും. എന്‍റെ സിനിമാ വരവില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് എന്‍റെ ഉമ്മയായിരിക്കും'; ലുഖ്മാന്‍ പറഞ്ഞു
നടനാവണമെന്ന് ആദ്യം പറയാന്‍ മടിയായിരുന്നു. നടനാവണമെന്ന് പറയാന്‍ മടിച്ചിട്ട് അസിസ്റ്റന്‍റ് ഡയറക്ടറാവണമെന്ന് പറഞ്ഞിട്ടുണ്ടെന്നും ലുഖ്മാന്‍ പറഞ്ഞു. തല്ലുമാല സിനിമ പുറത്തിറങ്ങിയ സമയത്ത് കോഴിക്കോട് 'ജാക്‌സൺ ബസാർ യൂത്ത്' എന്ന സിനിമയുടെ ചിത്രീകരണ സെറ്റിലായിരുന്നു. സിനിമ കാണണമെന്ന് വലിയ ആഗ്രഹമുണ്ടെങ്കിലും ചിത്രീകരണ തിരക്കുകളാല്‍ സാധിച്ചില്ല. പിന്നീട് ആഗ്രഹം അടക്കാനാവാതെ രാത്രി തന്നെ സുഹൃത്തുമൊന്നിച്ച് മാസ്ക് വെച്ച് തിയറ്ററില്‍ പോയി. ആദ്യമായിട്ടാണ് തന്നെ അത്രയും പവറില്‍ സ്ക്രീനില്‍ കാണുന്നതെന്നും അന്ന് വൈകാരികമായി പോയെന്നും ലുഖ്മാന്‍ പറയുന്നു.
ലുക്മാൻ അവറാൻ, ഗോകുലൻ, സുധി കോപ്പ, ജാഫർ ഇടുക്കി, ശരണ്യ ആർ. എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ത്രില്ലർ ചിത്രം 'ആളങ്കം' ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. ഷാനി ഖാദറാണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സിയാദ് ഇന്ത്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷാജി അമ്പലത്ത്, ബെറ്റി സതീഷ് റാവൽ എന്നിവർ ചേർന്നാണ് 'ആളങ്കം' നിർമിച്ചിരിക്കുന്നത്. മാമുക്കോയ, കലാഭവൻ ഹനീഫ്, കബീർ കാദിർ, രമ്യ സുരേഷ്, ഗീതി സംഗീത തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം സമീർ ഹഖ്.
Adjust Story Font
16