'ഞാൻ അതിനകത്തിരുന്ന് കരയുകയായിരുന്നു'; തന്റെ 'ആടുജീവിതം' സ്ക്രീനിൽ കണ്ട് നജീബ്
മലയാളത്തിന് ഇതുപോലൊരു സിനിമ സമ്മാനിച്ച ബ്ലെസി സാറിനോടാണ് നന്ദി പറയേണ്ടതെന്നാണ് എഴുത്തുകാരൻ ബെന്യാമിന്റെ പ്രതികരണം.
'ആടുജീവിതം' കണ്ട് തീയേറ്ററിലിരുന്ന് കരയുകയായിരുന്നെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും ആദ്യ ഷോ കണ്ടിറങ്ങിയ ശേഷം നജീബ് മാധ്യമങ്ങളോട് പ്രതികരിച്ചു. മലയാളത്തിന് ഇതുപോലൊരു സിനിമ സമ്മാനിച്ച ബ്ലെസി സാറിനോടാണ് നന്ദി പറയേണ്ടതെന്നാണ് എഴുത്തുകാരൻ ബെന്യാമിന്റെ പ്രതികരണം.
"ഇനി എന്ത് പറയാനാ, ഇതെല്ലാം കണ്ടോണ്ട് ഞാൻ അതിനകത്തിരുന്ന് കരയുകയായിരുന്നു. ഞാൻ അവിടെ അനുഭവിച്ച അതേ കാര്യങ്ങളാണ് പൃഥ്വിരാജ് സിനിമയിൽ കാണിച്ചത്. ബ്ലെസി സാറിന്റടുത്ത് ഞാൻ പറഞ്ഞുകൊടുത്തത് അതുപോലെ അദ്ദേഹത്തിന് പറഞ്ഞുകൊടുത്ത് അഭിനയിച്ചതല്ലേ. പൃഥ്വിരാജ് അവസാനം എന്നെ വന്ന് കണ്ടിരുന്നു" - നജീബ് പറയുന്നു.
സിനിമയിൽ എല്ലാവരും ഒന്നിനൊന്ന് മികച്ച അഭിനയം കാഴ്ചവച്ചെന്നും അതിന് നന്ദി പറയേണ്ടത് ഇത്രയും കഠിനപ്രയത്നം ചെയ്ത ബ്ലെസി സാറിനോടാണെന്നുമാണ് ബെന്യാമിൻ പറയുന്നത്. പൃഥ്വിരാജിനെ തന്നെ മനസിൽ കണ്ടാണ് ബ്ലെസി ആടുജീവിതത്തിന്റെ തിരക്കഥയെഴുതിയതെന്നും ബെന്യാമിൻ കൂട്ടിച്ചേർത്തു.
അതേസമയം, 'ആടുജീവിതം' പ്രേക്ഷകർ ഏറ്റെടുത്തതിൽ നന്ദി അറിയിച്ച് പൃഥ്വിരാജ് രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ സിനിമയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് താരം നന്ദി അറിയിച്ചത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് ആടുജീവിതം. 2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ചെങ്കിലും വർഷങ്ങളുടെ തയാറെടുപ്പുകൾക്കൊടുവിൽ 2018ലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. കോവിഡ് കാലത്ത് ചിത്രീകരണം നീണ്ടുപോവുകയും ചെയ്തു. ചിത്രത്തിനായി പൃഥ്വിരാജ് 30 കിലോയോളം ഭാരം കുറച്ചിരുന്നു.
Adjust Story Font
16