Quantcast

ഖാന്‍മാര്‍ പ്രതികരിക്കാത്തത് എന്തുകൊണ്ട്? നസറുദ്ദീന്‍ ഷാ പറയുന്നതിങ്ങനെ..

'നിലപാടുകള്‍ പറയുന്നതുകൊണ്ട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്നുണ്ട്. പാകിസ്ഥാനിലേക്കുള്ള ടിക്കറ്റ് കിട്ടിയിട്ടുണ്ട്'

MediaOne Logo

Web Desk

  • Updated:

    2021-09-15 16:57:46.0

Published:

15 Sep 2021 4:56 PM GMT

ഖാന്‍മാര്‍ പ്രതികരിക്കാത്തത് എന്തുകൊണ്ട്? നസറുദ്ദീന്‍ ഷാ പറയുന്നതിങ്ങനെ..
X

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ആമിര്‍ ഖാനും ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും സാമൂഹ്യ വിഷയങ്ങളില്‍ എന്തുകൊണ്ട് ഇടപെടുന്നില്ലെന്നതിന്‍റെ കാരണം വ്യക്തമാക്കി നടന്‍ നസറുദ്ദീന്‍ ഷാ. അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒരുപാടുണ്ട്. എന്തെങ്കിലും പറഞ്ഞാല്‍ ആക്രമണം നേരിടേണ്ടിവരുമെന്ന് അവര്‍ക്ക് പേടിയുണ്ടാകുമെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു.

'അവര്‍ മൂന്ന് പേര്‍ക്കും വേണ്ടി എനിക്ക് സംസാരിക്കാനാകില്ല. പക്ഷെ എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒരുപാടുണ്ടെന്ന് എനിക്ക് മനസ്സിലാക്കാനാകും. സാമ്പത്തികമായി മാത്രമല്ല എല്ലാ തരത്തിലുള്ള ആക്രമണങ്ങളും നേരിടേണ്ടിവരും'-- എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ നസറുദ്ദീന്‍ ഷാ പറഞ്ഞു. മുസ്‍ലിംകള്‍ മാത്രമല്ല നിലപാടുകള്‍ പറയുന്ന എല്ലാവരും ആക്രമിക്കപ്പെടുന്നുണ്ട്. സംവിധായകന്‍ ആനന്ദ് പട്‌വര്‍ധനെതിരെ വലതുപക്ഷത്ത് നിന്നും നിരന്തരം ആക്രമണം ഉണ്ടാകുന്ന കാര്യം നസറുദ്ദീന്‍ ഷാ ചൂണ്ടിക്കാട്ടി.

നിലപാടുകള്‍ പറയുന്നതുകൊണ്ട് താനും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്നുണ്ട്. പാകിസ്ഥാനിലേക്കുള്ള ടിക്കറ്റ് കിട്ടിയിട്ടുണ്ട്. ബോംബെ-കൊളംബോ, കൊളംബോ-കറാച്ചി റീഫണ്ടബിള്‍ ടിക്കറ്റാണ് വാഗ്ദാനം ചെയ്യപ്പെട്ടതെന്ന് ഷാ പറഞ്ഞു. സിനിമാമേഖലയില്‍ മുസ്‌ലിംകള്‍ക്കെതിരെ വിവേചനം നിലനില്‍ക്കുന്നതായി തനിക്ക് തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരാണ് ഏറ്റവും പണമുണ്ടാക്കുന്നത് എന്നതനുസരിച്ചാണ് ബോളിവുഡില്‍ ഓരോരുത്തരുടെയും വില. ഇപ്പോഴും മൂന്ന് ഖാന്‍മാര്‍ (ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍) തന്നെയാണ് സിനിമാ മേഖലയില്‍ മുന്‍പന്തിയിലുള്ളതെന്നും ഷാ പറഞ്ഞു. കരിയറിന്‍റെ തുടക്കത്തില്‍ പേരുമാറ്റാന്‍ ഉപദേശം ലഭിച്ചിരുന്നു. എന്നാല്‍ താനതു മാറ്റിയില്ല. പേരിന് നീളം കൂടുതലായതുകൊണ്ട് മാറ്റണമെന്ന ആവശ്യമാണ് ഉയര്‍ന്നതെന്നും ഷാ പറഞ്ഞു.

സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചും സര്‍ക്കാരിന് അനുകൂലവുമായുള്ള ചിത്രങ്ങളെടുക്കാന്‍ കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്ന് പ്രേരണയുണ്ട്. സര്‍ക്കാര്‍ പ്രൊപഗണ്ടകളെ പച്ചയ്ക്ക് അവതരിപ്പിക്കുന്ന ചിത്രങ്ങളെടുക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. അവര്‍ക്കെതിരായ കേസുകളില്‍ ക്ലീന്‍ചിറ്റ് നല്‍കാമെന്ന വാഗ്ദാനവുമുണ്ട്. നാസി ജര്‍മനിയിലും ഇത്തരത്തിലുള്ള ശ്രമങ്ങളുണ്ടായിരുന്നു. ലോകോത്തര സിനിമാനിര്‍മാതാക്കളോട് നാസി തത്ത്വശാസ്ത്രം പ്രചരിപ്പിക്കുന്ന ചിത്രങ്ങളെടുക്കാന്‍ നിര്‍ദേശമുണ്ടായിട്ടുണ്ടെന്നും ഷാ പറഞ്ഞു.

Next Story