'ടാഗോറിനെ അപമാനിച്ചു': കരണ്‍ ജോഹറിനെതിരെ വിമര്‍ശനം
'റോക്കി ഔര്‍ റാണി കീ പ്രേം കഹാനി' യുടെ ട്രെയിലര്‍ പുറത്തുവന്നതിനു പിന്നാലെയാണ് വിമര്‍ശനം
മുംബൈ: കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത 'റോക്കി ഔര്‍ റാണി കീ പ്രേം കഹാനി' എന്ന സിനിമയില്‍ രവീന്ദ്രനാഥ ടാഗോറിനെ അപമാനിച്ചെന്ന് വിമര്‍ശനം. സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നതിനു പിന്നാലെയാണ് കരണ്‍ ജോഹറിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പരാതി ഉയര്‍ന്നത്.
രവീന്ദ്രനാഥ ടാഗോറിന്‍റെ ചിത്രം കണ്ട് മനസിലാകാതെ റോക്കിയെന്ന കഥാപാത്രമായി എത്തിയ രണ്‍വീര്‍ സിങ് മുത്തച്ഛാ എന്ന് വിളിച്ചതാണ് വിവാദമായത്. ദേശീയഗാനം രചിച്ച, നൊബേല്‍ പുരസ്കാരം നേടിയ ടാഗോറിനെ അപമാനിച്ചെന്നാണ് വിമര്‍ശനം.
രണ്‍വീര്‍ സിങ് റോക്കിയെന്ന കഥാപാത്രമായി എത്തിയപ്പോള്‍ ആലിയ ഭട്ടാണ് റാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ പശ്ചാത്തലത്തില്‍ നിന്നുമുള്ള റോക്കിയും റാണിയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ പ്രമേയം. പേരുപോലെ തന്നെ പ്രണയവും തമാശയും കലര്‍ത്തിയ ഫാമിലി ഡ്രാമയായാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
"ട്രെയിലർ ബംഗാളികള്‍ക്കെതിരായ പതിവ് തമാശകൾ കൊണ്ട് നിറഞ്ഞതാണ്. കരൺ ജോഹർ ഇപ്പോഴും തന്റെ 2000 പതിപ്പിൽ കുടുങ്ങിക്കിടക്കുകയാണ്. ഈ സിനിമ പരാജയപ്പെടും"- എന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവിന്‍റെ വിമര്‍ശനം.
"ആഡംബര സെറ്റുകൾ, സമ്പന്നമായ വസ്ത്രങ്ങൾ, വലിയ ഡാൻസ് നമ്പറുകൾ എന്നിവ കാണിച്ചാല്‍ പ്രേക്ഷകര്‍ക്ക് ധാരാളമെന്ന് അദ്ദേഹം കരുതിയിരിക്കാം. തിരക്കഥയില്‍ ആര് ശ്രദ്ധിക്കുന്നു! "- എന്നാണ് മറ്റൊരാള്‍ രോഷത്തോടെ കുറിച്ചത്. "ട്രെയിലർ രസകരമാണെങ്കിലും, ആ രംഗം കൊള്ളില്ല" എന്നാണ് വേറൊരു ട്വീറ്റ്.
"ബോളിവുഡ് ഒരിക്കലും ഭൂതകാലത്തിൽ നിന്ന് ഒന്നും പഠിക്കാൻ പോകുന്നില്ല. നിങ്ങൾക്ക് എങ്ങനെ രവീന്ദ്രനാഥ ടാഗോറിനെ കളിയാക്കാനാകും! അദ്ദേഹത്തെപ്പോലെ മഹാനായ മനുഷ്യനെ അനാദരിക്കുന്നത് അങ്ങേയറ്റം അസ്വീകാര്യമാണ്"- എന്നാണ് മറ്റൊരു വിമര്‍ശനം.
നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററില്‍ റിലീസ് ചെയ്യുന്ന കരണ്‍ ജോഹര്‍ സിനിമയാണ് റോക്കി ഔർ റാണി കി പ്രേം കഹാനി. 2016ല്‍ ഏ ദിൽ ഹേ മുഷ്‌കിൽ എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ കരണ്‍ ജോഹറിന്‍റേതായി തിയേറ്ററില്‍ എത്തിയത്. ജയാ ബച്ചൻ, ധർമേന്ദ്ര, ശബാന ആസ്മി തുടങ്ങിയ താരങ്ങളും റോക്കി ഔർ റാണി കി പ്രേം കഹാനിയിലുണ്ട്. ജൂലൈ 28നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
Adjust Story Font
16