''ഞാനും ഇടതു സഹയാത്രികനാണ്; അവര് കാണണ്ട''- സൈബർ ആക്രമണത്തിൽ 'ന്നാ താൻ കേസ് കൊട്' സംവിധായകൻ
''ഞാനും ഇടതു സഹയാത്രികനാണ്. ഞാൻ വിശ്വസിക്കുന്ന സർക്കാർ ഭരിക്കുമ്പോൾ റോഡിൽ തകരാറുണ്ടെങ്കിൽ അത് പറയാനുള്ള പൂർണമായ അധികാരം എനിക്കുണ്ട്''-രതീഷ് ബാലകൃഷ്ണ പൊതുവാൾ
കൊച്ചി: 'ന്നാ താൻ കേസ് കൊട്' സിനിമയ്‌ക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ. മാപ്പുപറഞ്ഞാലേ സിനിമ കാണൂ എന്നു പറഞ്ഞവർ പടം കാണേണ്ടതില്ലെന്ന് രതീഷ് പ്രതികരിച്ചു. കൊച്ചിയിൽ പ്രേക്ഷകർക്കൊപ്പം ആദ്യ ഷോ കണ്ടു പുറത്തിറങ്ങിയ രതീഷ് മാധ്യമങ്ങളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിവാദമൊന്നുമില്ല. പടം കണ്ട് ആളുകൾ ചിരിക്കുകയും കൈയടിക്കുകയും ചെയ്തു. പിന്നെ എവിടെയാണ് വിവാദമുള്ളത്? വഴിയിൽ കുഴിയുണ്ട്, തിയറ്ററിലേക്ക് വരുമ്പോൾ ശ്രദ്ധിക്കണമെന്ന് പറയുമ്പോൾ ആർക്കെങ്കിലും കൊള്ളുന്നുണ്ടെങ്കിൽ അത് അവരുടെ പ്രശ്‌നമാണ്. സിനിമ ഉണ്ടാക്കുന്നയാളുടെയോ കലാകാരന്റെയോ അഭിനേതാവിന്റെയോ പ്രശ്‌നമല്ല-രതീഷ് ബാലകൃഷ്ണ പൊതുവാൾ പറഞ്ഞു.
പരസ്യത്തിനു പിന്നിലുള്ള വിവാദം പൊതുജനങ്ങൾ ഏറ്റെടുക്കുന്നുണ്ടെങ്കിൽ അത് മണ്ടത്തരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ''ഞാനും രാഷ്ട്രീയബോധവും പാരമ്പര്യവുമുള്ള ആളാണ്. ഇടതുപക്ഷ സഹയാത്രികനാണ് അച്ഛൻ. ഞാനും അതു തന്നെയാണ്. എനിക്ക് പറയാനുള്ള അവകാശമുണ്ട്. ഞാൻ വിശ്വസിക്കുന്ന സർക്കാർ ഭരിക്കുമ്പോൾ റോഡിൽ തകരാറുണ്ടെങ്കിൽ അത് പറയാനുള്ള പൂർണമായ അധികാരം എനിക്കുണ്ട്. അത് പോസ്റ്റുകളിലൂടെയായിരിക്കും. ചിലപ്പോൾ ഞാൻ ചെയ്യുന്ന സിനിമകളിലൂടെയായിരിക്കും. അത് ആർക്കെങ്കിലും കൊള്ളുന്നുണ്ടെങ്കിൽ എനിക്ക് ഒന്നും പറയാൻ പറ്റില്ല.''-രതീഷ് കൂട്ടിച്ചേർത്തു.
'തിയറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന സിനിമയുടെ പരസ്യ പോസ്റ്ററിനെതിരെയാണ് ഇടത് അനുകൂല പ്രൊഫൈലുകൾ വൻ വിമർശനവുമായി രംഗത്തെത്തിയത്. സംസ്ഥാന സർക്കാരിനെയും പൊതുമരാമത്ത് വകുപ്പിനെയും അവഹേളിക്കാനുള്ള ശ്രമമാണ് പരസ്യത്തിലെന്നാണ് പ്രധാന വിമർശനം. പരസ്യം പിൻവലിച്ചു മാപ്പുപറഞ്ഞില്ലെങ്കിൽ ചിത്രം ബഹിഷ്‌ക്കരിക്കാനും ആഹ്വാനമുയരുന്നുണ്ട്.
'ദേവദൂതർ പാടി...' ഗാനരംഗത്തിലെ കുഞ്ചാക്കോ ബോബന്റെ വൈറൽ ഡാൻസിലൂടെ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം റിലീസ് ദിവസത്തെ സൈബർ ആക്രമണത്തിലൂടെ കൂടുതൽ ശ്രദ്ധ നേടിയിരിക്കുകയാണ്. എന്നാൽ, കാര്യങ്ങളെ അതീവഗൗരവമായിട്ട് കാണുന്നതിനു പകരം കുറച്ചുകൂടി സരസമായിട്ട് എടുക്കണമെന്നായിരുന്നു സൈബർ ആക്രമണത്തോട് നടൻ പ്രതികരിച്ചത്. പരസ്യം കണ്ടപ്പോൾ തനിക്ക് ചിരിയാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു. വൈരാഗ്യം, അമർഷം തുടങ്ങിയ കാര്യങ്ങൾ മാറ്റിയിട്ട് ഇതിലെ നന്മകളെന്താണ്, നല്ലതെന്താണെന്ന് കണ്ടു മനസിലാക്കണം. ഈ സിനിമയിൽ അതു തന്നെയാണ് കൂടുതലുള്ളതെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മളൊരു നല്ല കാര്യം ചെയ്യുമ്പോൾ നല്ലതിലെന്താണ് ചീത്ത എന്നു കാണാനാണ് ഇപ്പോൾ സമൂഹം കൂടുതൽ ശ്രമിക്കുന്നതെന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു.
കാസർകോടിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം പയ്യന്നൂരുകാരനായ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ന്നാ താൻ കേസ് കൊട്'. സന്തോഷ് ടി. കുരുവിളയാണ് നിർമാണം. കള്ളനായ അംബാസ് രാജീവൻ എന്ന പേരിൽ അറിയപ്പെടുന്ന കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. ഗായത്രി ശങ്കറാണ് നായിക.
Summary: "They need not to watch the movie"; says 'Nna, Thaan Case Kodu' movie director Ratheesh Balakrishnan Poduval
Adjust Story Font
16