പരാതിയില്ല, പരിഭവമില്ല; അനാവശ്യ ചർച്ചകള്‍ അവസാനിപ്പിക്കണമെന്ന് മാമുക്കോയയുടെ മക്കള്‍
മാമുക്കോയക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്ന് സംവിധായകൻ വി.എം വിനു ഇന്നലെ പറഞ്ഞിരുന്നു
കോഴിക്കോട്: മരണാന്തര ചടങ്ങുകളില്‍ താരങ്ങള്‍ വരാത്തതില്‍ പരാതിയില്ലെന്ന് മാമുക്കോയയുടെ മക്കള്‍. "വിദേശത്തുള്ള മമ്മൂട്ടിയും മോഹന്‍ലാലും വിളിച്ച് സാഹചര്യം അറിയിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തുള്ള ദീലിപും മറ്റു താരങ്ങളും വിളിച്ചന്വേഷിച്ചിരുന്നു. ഷൂട്ടും പരിപാടികളും മുടക്കി ചടങ്ങുകള്‍ക്ക് പോകുന്നതിനോട് ഉപ്പക്കും താല്പര്യമുണ്ടായിരുന്നില്ല. ഇന്നസെന്‍റുമായി വളരെ അടുപ്പമുണ്ടായിരുന്ന ആളാണ് ഉപ്പ. പക്ഷേ ആ സമയത്ത് ഉപ്പ നാട്ടിൽ ഉണ്ടായിരുന്നില്ല ഒരു പരിപാടിക്ക് പോയതായിരുന്നു. അന്ന് വാപ്പയും വന്നിട്ടില്ല. ഉപ്പാക്ക് ശത്രുക്കളായി ആരുമില്ല, ഒരു കള്ളം പോലും പറയാത്ത ആളാണ്. അത് കൊണ്ടു തന്നെ ശത്രുത കൊണ്ടൊന്നുമല്ല ആരും വരാതിരുന്നത്. വരാൻ കഴിയാതിരുന്നവരുടെ ബുദ്ധിമുട്ടുകള്‍ മനസിലാകുമെന്നും" എന്നാണ് മക്കള്‍ പറഞ്ഞത്. അനാവശ്യ ചർച്ചകള്‍ അവസാനിപ്പിക്കണെന്നും മാമുക്കോയയുടെ മക്കളായ മുഹമ്മദ് നിസാറും അബ്ദുല് റഷീദും പറഞ്ഞു.
മാമുക്കോയക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്ന് സംവിധായകൻ വി.എം വിനു ഇന്നലെ പറഞ്ഞിരുന്നു. മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകൾക്ക് പലരും വരുമെന്ന് കരുതി. പക്ഷേ വന്നില്ല. എറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നെന്നുമാണ് വിനു പറഞ്ഞത്.
'മാമുക്കോയയെ ഉപയോഗപ്പെടുത്തിയ എത്ര സംവിധായകരുണ്ട്. സത്യൻ അന്തിക്കാട് ഒഴികെ ഒരു കുട്ടി പോലും എത്തിയില്ല. വളരെ നീചമായ പ്രവർത്തിയായിപ്പോയി. എന്നോടു ചോദിച്ചവരോടു ഞാൻ പറഞ്ഞു. മാമുക്കോയ ഒരു കാര്യം ചെയ്യണമായിരുന്നു. ടാക്‌സി വിളിച്ച് എറണാകുളത്ത് പോയി മരിക്കണമായിരുന്നു. അപ്പോൾ എല്ലാവർക്കും വരാൻ സൗകര്യമാവുമായിരുന്നു. ഇവിടെ ദൂരമല്ലെ അവർക്ക് വരാൻ പറ്റില്ലല്ലോ.
എത്രയെത്ര ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചു. ആ സിനിമകളുടെയെല്ലാം വിജയത്തിന്റെ ഭാഗമായിരുന്നില്ലേ മാമുക്കോയ. അഭിനേതാക്കളും സംവിധായകരും സിനിമാ സംഘടനകളുടെ തലപ്പത്ത് ഇരിക്കുന്നവരും അത് ചിന്തിക്കേണ്ടതായിരുന്നു'- എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
Adjust Story Font
16