Quantcast

'35 ലക്ഷമല്ല, കിട്ടിയത് അതിന്റെ എത്രയോ ഇരട്ടി'- ജയിലറിലെ പ്രതിഫലത്തെ കുറിച്ച് വിനായകൻ

"നാട്ടിലെ ചില വിഷങ്ങൾ എഴുതി വിടുന്നതാണ് 35 ലക്ഷമെന്നൊക്കെ."

MediaOne Logo

Web Desk

  • Updated:

    2023-09-16 07:55:19.0

Published:

16 Sep 2023 7:32 AM GMT

vinayakan
X

രജനീകാന്ത് നായകനായ ജയിലറിൽ വർമൻ എന്ന വില്ലൻ കഥാപാത്രം നടൻ വിനായകന്റെ കരിയറിലെ അവിസ്മരണീയ വേഷങ്ങളിലൊന്നാണ്. ചിത്രത്തിൽ മലയാളി പശ്ചാത്തലമുള്ള വില്ലനായിരുന്നു വർമൻ. ആ വില്ലൻ വേഷത്തിന് 35 ലക്ഷം രൂപയാണ് നടന് പ്രതിഫലമായി കിട്ടിയത് എന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നത്. അത് വെറും നുണക്കഥയാണ് എന്ന് വ്യക്തമാക്കുകയാണിപ്പോൾ വിനായകൻ. അതിന്റെ എത്രയോ ഇരട്ടിയാണ് തനിക്ക് നിർമാതാക്കൾ തന്നത് എന്നതും അദ്ദേഹം പറയുന്നു. സാർക് ന്യൂസ് എന്ന യൂട്യൂബ് ചാനലിനോടാണ് നടന്റെ പ്രതികരണം.

'അതൊക്കെ നുണയാണ്. നിർമാതാവ് അതൊന്നും കേൾക്കണ്ട. അതിന്റെ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി ലഭിച്ചിട്ടുണ്ട്. നാട്ടിലെ ചില വിഷങ്ങൾ എഴുതി വിടുന്നതാണ് 35 ലക്ഷമെന്നൊക്കെ. എന്തായാലും അതിൽ കൂടുതൽ ലഭിച്ചു. ഇത്രയൊക്കെ വിനായകന് കിട്ടിയാല്‍ മതി എന്നു ചിന്തിക്കുന്ന ചിലരുണ്ട്. ചോദിച്ച പ്രതിഫലമാണ് അവർ തന്നത്. സെറ്റിൽ പൊന്നുപോലെ നോക്കി. ചെയ്ത ജോലിക്ക് കൃത്യമായ ശമ്പളം ലഭിച്ചു. എനിക്ക് അത്രയൊക്കെ മതി'- നടൻ പറഞ്ഞു.

ഇത്രയും സ്‌ട്രെച്ച് ചെയ്ത് വേറൊരു കഥാപാത്രവും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'പുറത്തിറങ്ങി അഭിനയിക്കാൻ എനിക്ക് താത്പര്യമില്ല. അതുകൊണ്ടാണ് പുറത്തോട്ടു പോകാത്തത്. അറിയാത്ത ആളുകളുടെ മുഖത്തു നോക്കി ചിരിക്കാൻ പറ്റില്ല. അതൊരു മോശം കാര്യമായിട്ടാണ് തോന്നിയിട്ടുള്ളത്. ജയിലറിനെ സംബന്ധിച്ചിടത്തോളം ഒരു വർഷമാണ് വർമൻ എന്ന കഥാപാത്രത്തെ ഹോൾഡ് ചെയ്തുവച്ചത്. ഷൂട്ടില്ലെങ്കിൽ ആ കഥാപാത്രത്തെക്കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കും. പൊട്ടിത്തകർന്നു പോയി ഒരു കൊല്ലം. ഇത്രയും സ്‌ട്രെച്ച് ചെയ്ത് വേറൊരു കഥാപാത്രവും ചെയ്തിട്ടില്ല'- വിനായകൻ പറഞ്ഞു.

ദൈവവിശ്വാസിയായ സോഷ്യലിസ്റ്റാണ് താനെന്നും വിനായകൻ കൂട്ടിച്ചേർത്തു. സംഘടനാ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ആളല്ല. ഇടതുപക്ഷത്തിന് വോട്ടു ചെയ്യുന്നു എന്നു മാത്രം. വീട്ടിലുള്ളവരെല്ലാം ഇടത് ചായ്‌വുള്ളവരാണ്. ബന്ധുക്കളൊക്കെ പാർട്ടി അംഗങ്ങളും. തനിക്ക് അംഗത്വമില്ല. ദൈവവിശ്വാസിയാണ്. വ്യക്തമായി പറഞ്ഞാൽ ഒരു സോഷ്യലിസ്റ്റാണ്- രാഷ്ട്രീയത്തെ കുറിച്ച് വിനായകൻ പറഞ്ഞു.

'എല്ലാവരെയും ഹാപ്പിയാക്കുന്ന മനുഷ്യനാണ് രജനീകാന്ത്. ഫ്രെയിമിലേക്ക് വരുമ്പോൾ അദ്ദേഹത്തിന്റെ എനർജി അപാരമാണ്. നമുക്ക് പുള്ളിയുടെ മുമ്പിൽ നിക്കാൻ പറ്റില്ല. എന്റെ ഭാഗ്യത്തിന് എല്ലാം നന്നായി വന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റാണ് ജയിലർ.' - വിനായകൻ കൂട്ടിച്ചേര്‍ത്തു.




TAGS :

Next Story