'മറുപടി പറയാൻ ഉദ്ദേശിക്കുന്നില്ല'; വിവാഹമോചന വാർത്തയോട് പ്രതികരിച്ച് സ്വാതി റെഡ്ഡി
ആമേനു പുറമെ നോര്‍ത്ത് 24 കാതം, മോസയിലെ കുതിര മീനുകള്‍, ഡബിള്‍ ബാരല്‍, ആട് ഒരു ഭീകരജീവിയാണ് എന്നീ മലയാള ചിത്രങ്ങളിലും സ്വാതി വേഷമിട്ടിട്ടുണ്ട്
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേനിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച നായികയാണ് സ്വാതി റെഡ്ഡി. സ്വാതിയും ഭർത്താവ് വികാസ് റെഡ്ഡിയും വിവാഹമോചിതരാവുകയാണെന്ന് വാർത്തകള്‍ പ്രചരിച്ചിരുന്നു. ഭർത്താവ് വികാസുമൊത്തുള്ള ചിത്രങ്ങള്‍ സ്വാതി തന്‍റെ ഇൻസ്റ്റഗ്രാം അക്കൌണ്ടിൽ നിന്ന് നീക്കം ചെയ്തതാണ് വിവാഹമോചന വാർത്തകള്‍ പ്രചരിക്കാൻ കാരണം. അതേ സമയം വിവാഹമോചന വാർത്തകളോട് പ്രതികരിക്കാൻ തയാറല്ലെന്ന് അറിയിച്ചിരിക്കുകയാണ് സ്വാതി. സ്വാതിയുടെ വരാനിരിക്കുന്ന ചിത്രമായ മന്ത് ഓഫ് മധുവിന്റെ പ്രൊമോഷൻ പരിപാടിക്കിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രെമോഷനിടെ സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പിന്നാലെ ഒരു മാധ്യമപ്രവർത്തകൻ വിവാഹമോചന വാർത്തയെക്കുറിച്ച് സ്വാതിയോട് ചോദിച്ചു. എന്നാൽ താൻ വന്നത് സിനിമയുടെ പ്രെമോഷനുമായി ബന്ധപ്പെട്ടാണെന്നും വ്യക്തിപരമായ ചോദ്യങ്ങള്‍ക്ക് മറുപടി പറയാൻ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു സ്വാതിയുടെ മറുപടി.
'താൻ പതിനാറാം വയസിൽ സിനിമാ ജീവിതം തുടങ്ങിയതാണ്. അന്നത്തെക്കാലത്ത് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ എങ്ങനെയായിരിക്കുമെന്ന് അറിയില്ല. സോഷ്യൽ മീഡിയ ഉപയോഗിച്ച് അവർ എന്റെ ജീവിതം കൊണ്ട് ഫുട്ബോൾ കളിക്കുമായിരുന്നു. കാരണം എങ്ങനെ പെരുമാറണമെന്ന് അന്നത്തെക്കാലത്ത് എനിക്കറിയില്ലായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല, നടിയെന്ന നിലയിൽ ചില കാര്യങ്ങള്‍ എനിക്ക് ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. എന്‍റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഒന്നും പറയില്ല. അതിനാൽ നിങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകേണ്ടതില്ല'- സ്വാതി റെഡ്ഡി.
2005ല്‍ പുറത്തിറങ്ങിയ ഡേഞ്ചര്‍ എന്ന ചിത്രത്തിലൂടെയാണ് സ്വാതി സിനിമയിലെത്തിയത്. ശശികുമാറിന്‍റെ സുബ്രഹ്മണ്യപുരത്തിലൂടെയാണ് സ്വാതി നായിക എന്ന നിലയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ആമേനു പുറമെ നോര്‍ത്ത് 24 കാതം, മോസയിലെ കുതിര മീനുകള്‍, ഡബിള്‍ ബാരല്‍, ആട് ഒരു ഭീകരജീവിയാണ് എന്നീ മലയാള ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. 2022-ൽ പഞ്ചതന്ത്രം എന്ന ചിത്രത്തിലാണ് സ്വാതി അവസാനമായി അഭിനയിച്ചത്. നവീൻ ചന്ദ്രയും രാജ ചെമ്പോലുവും അഭിനയിച്ച സ്വാതിയുടെ മന്ത് ഓഫ് മധു ഒക്ടോബർ 6-ന് തിയേറ്ററുകളിൽ എത്തും.
Adjust Story Font
16