'അങ്ങനെയല്ല, തെറ്റായി വ്യാഖ്യാനിച്ചതാണ്'; വിരമിക്കൽ വാർത്തകളിൽ വ്യക്തത വരുത്തി വിക്രാന്ത് മാസി
വിക്രാന്ത് മാസി അഭിനയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന റിപ്പോർട്ടുകൾ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്
മുംബൈ: സിനിമാ പ്രേമികളെ ഞെട്ടിച്ച വാർത്തയായിരുന്നു ബോളിവുഡ് നടൻ വിക്രാന്ത് മാസി അഭിനയം നിർത്തുന്നു എന്നത്. കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് താൻ അഭിനയം അവസാനിപ്പിക്കുന്നതായി താരം വ്യക്തമാക്കിയിരുന്നത്.
എന്നാൽ സമൂഹമാധ്യമ കുറിപ്പ് തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അഭിനയം നിർത്തുന്നില്ലെന്നും ഒരിടവേള എടുക്കുന്നു എന്നുമാണ് താരം ഇന്ന് വ്യക്തമാക്കിയത്. ആരോഗ്യത്തിനും കുടുംബത്തിനും മുൻഗണന നൽകുന്നതിനാൽ താൻ ഒരു നീണ്ട ഇടവേളയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും താരം പറയുന്നു.
“അഭിനയമാണ് അറിയാവുന്ന പണി. എനിക്കുള്ളതെല്ലാം ലഭിച്ചത് അഭിനയത്തിലൂടെയാണ്. ഇപ്പോള്‍ അതില്‍ നിന്നൊരു ഇടവേള ആവശ്യമാണ്. ഇനിയും എനിക്ക് മെച്ചപ്പെടുത്താനുണ്ട്''- മാസി പറഞ്ഞു. “ഞാൻ അഭിനയത്തിൽ നിന്ന് വിരമിക്കുകയാണ് എന്നത് എന്റെ പോസ്റ്റിന്റെ തെറ്റായ വ്യാഖ്യാനമാണ്. കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതിനും ഒപ്പം ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സമയം ശരിയാണെന്ന് തോന്നുമ്പോൾ മടങ്ങി വരും''- താരം കൂട്ടിച്ചേര്‍ത്തു.
ബോളിവുഡിലെ പുതിയ താരോദയമായ വിക്രാന്ത് മാസി അഭിനയത്തിൽ നിന്ന് വിരമിക്കുന്നു എന്ന വാര്‍ത്തയ്ക്ക് ഇടവരുത്തിയത് അദ്ദേഹത്തിന്‍റെ തന്നെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റായിരുന്നു. 2025ഓടെ സിനിമ നിര്‍ത്തുമെന്ന തരത്തിലായിരുന്നു അതിലെ ഉള്ളടക്കം. ഇതിന് പിന്നാലെ 37 വയസുകാരനായ വിക്രാന്തിന്‍റെ വിരമിക്കല്‍ വലിയ വാര്‍ത്തയായി മാറി. ഇതിലാണ് ഇപ്പോള്‍ നടന്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
2007-ല്‍ ‘ധൂം മച്ചാവോ ധൂം’ എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് വിക്രാന്ത് മാസി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. 2013-ല്‍ രണ്‍വീര്‍ സിങ്, സോനാക്ഷി സിന്‍ഹ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ വിക്രമാദിത്യ മോഠ്വനിയുടെ ലൂട്ടേര എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മിര്‍സാപുര്‍ പരമ്പരയിലെ പ്രകടനം കരിയറിലെ പ്രധാന വഴിത്തിരിവായിരുന്നു. മലയാളചിത്രം ഫോറന്‍സികിന്റെ റീ മേക്കിലും താരം അഭിനയിച്ചു. 12ത്ത് ഫെയിൽ എന്ന ചിത്രം താരത്തിന്റെ ഗ്രാഫ് തന്നെ ഉയര്‍ത്തിയിരുന്നു.
Adjust Story Font
16