Quantcast

നല്ല കഥയ്ക്ക് കൂട്ടായി നല്ല സംഗീതം; തിയേറ്ററില്‍ മികച്ച അനുഭവം നല്‍കി ഓ മൈ ഡാര്‍ലിംഗ്

രണ്ടര മണിക്കൂർ കുടുംബസമേതം തീയറ്ററിൽ ഇരുന്ന് ആസ്വദിക്കാവുന്ന ഒരു നല്ല സിനിമ തന്നെയാണ് ഓ മൈ ഡാർലിംഗ്.

MediaOne Logo

Web Desk

  • Updated:

    2023-02-24 07:17:22.0

Published:

24 Feb 2023 7:15 AM GMT

നല്ല കഥയ്ക്ക് കൂട്ടായി നല്ല സംഗീതം; തിയേറ്ററില്‍ മികച്ച അനുഭവം നല്‍കി ഓ മൈ ഡാര്‍ലിംഗ്
X

പ്രണയമാണ് ഇതിവൃത്തം, പക്ഷേ അതിൽ പുതുമയുണ്ട്. സമൂഹത്തിന് നല്ലൊരു സന്ദേശവും സിനിമ നൽകുന്നു. ഒറ്റ വാക്കില്‍ ഇങ്ങനെ പറയാം, അനിഖ സുരേന്ദ്രനും നവാഗതനായ മെൽവിൻ ബാബുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഓ മൈ ഡാര്‍ലിംഗിനെ കുറിച്ച്. മുകേഷ്, ജോണി ആന്‍റണി, മഞ്ജുപിള്ള, ലെന, വിജയരാഘവൻ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. നവാഗതനായ അൽഫ്രെഡ് ഡി സാമുവൽ ആണ് സംവിധായകൻ. മെൽവിനും, അനിഖയും അവതരിപ്പിക്കുന്ന ജോയൽ, ജെനി എന്നീ കഥാപാത്രങ്ങളുടെ പ്രണയവും അതിൽ നടക്കുന്ന രസകരവും, അതുപോലെ സങ്കീർണവുമായ സംഭവങ്ങളാണ് കഥയുടെ ഇതിവൃത്തം.


മനഃശാസ്ത്രത്തിലെ ഡിനൈല്‍ എന്ന സങ്കീര്‍ണമായ ഫ്രോയിഡീയന്‍ ആശയത്തെ ഒരു ഡ്രാമാറ്റിക് കോമഡിയിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ഓ മൈ ഡാര്‍ലിംഗ്. അസുഖമായോ മറ്റെന്തെങ്കിലും സംഭവവുമായോ ബന്ധപ്പെട്ട് നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ചില അവസ്ഥകളെ അംഗീകരിക്കാന്‍ കൂട്ടാക്കാതെ പൂര്‍ണമായും നിരാകരിക്കുന്ന ഒരു മാനസികാവസ്ഥയാണ് ഡിനൈല്‍.. ഇതൊരു മാനസികപ്രശ്നമാണ്. ഇതിനെ വളരെ രസകരമായി ചിത്രം കൈകാര്യം ചെയ്തിട്ടുണ്ട്.

ജോയലിന്‍റെയും ജെനിയുടെയും പ്രണയമാണ് ചിത്രത്തിന്‍റെ ആദ്യ പകുതിയിൽ നിറഞ്ഞു നിൽക്കുന്നത്. ഇരുവരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സംഭവം അവരുടെ പ്രണയ ജീവിതത്തിൽ സംഭവിക്കുന്നതോടെയാണ് ആദ്യ പകുതി അവസാനിക്കുന്നത്. ആ സംഭവം കഥയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. ഇടവേളയ്ക്ക് ശേഷം അതിനോട് ജെനി പൊരുത്തപ്പെടുന്നതും, ജോയൽ അതിനെ തരണം ചെയ്യാൽ ശ്രമിക്കുന്നതും കാണാം. ഒടുവിൽ ജോയൽ അതിനോട് പൊരുത്തപ്പെട്ട് വരുന്നതോടെയാണ് ആരും പ്രതീക്ഷിക്കാത്ത തലത്തിലേക്ക് കഥ നീങ്ങുന്നത്.


പ്രണയം എന്നത് മനസ്സുകൾ തമ്മിലുള്ള ഇഴുകി ചേരലാണെന്ന് ജോയലിവിടെ തെളിയിക്കുന്നു. ചിത്രം അവസാനിക്കുന്നത് നമ്മുടെ നാട്ടിൽ അധികം കണ്ടിട്ടില്ലാത്ത ഒന്നിനെ വളരെ സാധാരണ സംഭവമായി അവതരിപ്പിച്ചാണ്. സമീപകാലത്ത് ഒരു സിനിമാതാരം വഴിയാണ് ഈ വിഷയം ശ്രദ്ധിക്കപ്പെട്ടതെന്ന് പറയാം. അന്ന് ആ താരം ഒരുപാട് വിമർശിക്കപ്പെടുകയും, ഇത് എന്തോ വലിയ തെറ്റായ കാര്യമായി ചിത്രീകരിക്കപ്പെടുകയും ഉണ്ടായി. സിനിമയിലെ സന്ദർഭം താരത്തിന്‍റെ ജീവിതത്തിൽ നിന്ന് വ്യത്യസ്തമാണെങ്കിലും, അതിനോടുള്ള പൊതുസമൂഹത്തിന്‍റെ കാഴ്ചപ്പാട് എന്താണ് എന്ന വ്യക്തമായി വരച്ചു കാണിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

ഇത് ഒരു സാധാരണ കാര്യം മാത്രമാണെന്നും, അസാധാരണമായി ഒന്നുമില്ലെന്നുമുള്ള നല്ല സന്ദേശമാണ് ചിത്രം നൽകുന്നത്. അന്യന്‍റെ സ്വകാര്യതയിലേക്ക് കടന്നു കയറി അഭിപ്രായപ്രകടനം നടത്തുന്ന വലിയ വിഭാഗത്തിനെ വളരെ ലളിതമായി എന്നാൽ എല്ലാവർക്കും കൃത്യമായി മനസ്സിലാവുന്ന രീതിയിൽ ചിത്രം വിമർശിച്ചിട്ടുണ്ട്. സാധാരണ ഒരു ചിത്രം പോലെയാണ് തുടങ്ങുന്നതെങ്കിലും ആരും പ്രതീക്ഷിക്കാത്ത രീതിയിലേക്കാണ് ചിത്രത്തിന്‍റെ ക്ലൈമാക്സ് കൊണ്ടുപോയിരിക്കുന്നത്.

സീരിയസായ വിഷയമാണ് കൈകാര്യം ചെയ്യുന്നതെങ്കിലും തമാശകൾക്ക് ഒരു കുറവും തിരക്കഥാകൃത്ത് ജിനേഷ് കെ ജോയി വരുത്തിയിട്ടില്ല. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറുന്ന മലയാളികളുടെ സ്വഭാവത്തെ പോലും നർമത്തിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ചെറിയ റോളുകൾ ചെയ്തവർ പോലും തങ്ങളുടെ വേഷത്തെ ഭംഗിയാക്കിയിട്ടുണ്ട്. മികച്ച ഛായാഗ്രഹണവും നല്ല കഥയ്ക്ക് കൂട്ടായി നല്ല സംഗീതവും എത്തുന്നതോടെ ഒരു മികച്ച ഒരു അനുഭവമായി ഓ മൈ ഡാര്‍ലിംഗ് മാറുന്നു. ഒരു പാട്ടുപോലും പ്രേക്ഷകര്‍ക്ക് അനാവശ്യമായി ഫീല്‍ ചെയ്യില്ല. പാട്ടുകളെ കൃത്യമായി പ്ലേസ് ചെയ്യാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

മുകേഷ്, ജോണി ആന്‍റണി, മഞ്ജുപിള്ള, ലെന, വിജയരാഘവൻ തുടങ്ങിയവരുടെ അഭിനയ പരിചയസമ്പത്ത് സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. പുതുമുഖത്തിന്‍റേതായ ചില പോരായ്മകൾ ഒഴിച്ചാൽ തന്‍റെ കഥാപാത്രത്തോട് നൂറ് ശതമാനം നീതി പുലർത്താന്‍ മെൽവിൻ സാധിച്ചു. ബാലതാരമായി വന്ന് പ്രേക്ഷകരുടെ മനം കവര്‍ന്ന അനിഖ നായിക വേഷം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. രണ്ടര മണിക്കൂർ കുടുംബസമേതം തീയറ്ററിൽ ഇരുന്ന് ആസ്വദിക്കാവുന്ന ഒരു നല്ല സിനിമ തന്നെയാണ് ഓ മൈ ഡാർലിംഗ്.

TAGS :

Next Story