Quantcast

എന്‍റെ സിനിമ മോശം ആണെന്ന് പറയാനുള്ള യോഗ്യത കമൽഹാസന് മാത്രം: അല്‍ഫോന്‍സ് പുത്രൻ

പടം കണ്ടവർക്ക് അഭിപ്രായം പറഞ്ഞുകൂടെയെന്നും, എങ്കിൽ കമൽഹാസനു കാണാൻ മാത്രമായി സിനിമ എടുത്തുകൂടെയെന്നുമൊക്കെയാണ് പ്രക്ഷകർ അല്‍ഫോന്‍സ് പുത്രനോട് ചോദിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-01-23 12:36:33.0

Published:

23 Jan 2023 12:33 PM GMT

എന്‍റെ സിനിമ മോശം ആണെന്ന് പറയാനുള്ള യോഗ്യത കമൽഹാസന് മാത്രം: അല്‍ഫോന്‍സ് പുത്രൻ
X

ഏറെ കാത്തിരിപ്പിനൊടുവിൽ തിയറ്ററിലെത്തിയ ചിത്രമായിരുന്നു അല്‍ഫോന്‍സ് പുത്രന്‍റെ 'ഗോള്‍ഡ്'. നേരം, പ്രേമം എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം അല്‍ഫോന്‍സ് ഒരുക്കുന്ന ചിത്രമായതുകൊണ്ടു തന്നെ വലിയ പ്രതീക്ഷകളായിരുന്നു പ്രേക്ഷകര്‍ക്ക്. എന്നാല്‍ ഈ പ്രതീക്ഷകളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു ചിത്രം റിലീസ് ചെയ്തത്. നെഗറ്റീവ് പ്രതികരണങ്ങളും ട്രോളുകളും കൊണ്ട് സോഷ്യല്‍മീഡിയ നിറയുകയായിരുന്നു.

ചിത്രത്തിനെ വിമർശിച്ച പ്രക്ഷന് തന്‍റെ ഇൻസ്റ്റഗ്രാം പേജിലുടെ മറുപടി നൽകിയിരിക്കുകയാണ് അല്‍ഫോന്‍സ് പുത്രന്‍. ഈ മറുപടിയാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. 'ഗോള്‍ഡ് ഒരു മോശം സിനിമ തന്നെയാണ് , അത് അംഗീകരിച്ച് അടുത്ത പടം ഇറക്ക്.. അപ്പോള്‍ സീൻ മാറും' എന്നായിരുന്നു കമന്‍റ്. 'ഇത് തെറ്റാണ് ബ്രോ. നിങ്ങള്‍ക്ക് സിനിമ ഇഷ്ടപ്പെട്ടില്ല എന്നു പറയാം. എന്‍റെ സിനിമ മോശം ആണെന്ന് പറയാനുള്ള യോഗ്യത ഇന്ത്യയിൽ ഞാൻ ആകെ കണ്ടത് കമൽഹാസൻ സാറിൽ മാത്രമാണ്. അദ്ദേഹം മാത്രമാണ് സിനിമയിൽ എന്നെക്കാള്‍ കൂടുതൽ പണി അറിയാവുന്ന വ്യക്തി' എന്നാണ് ഇതിനു മറുപടിയായി പുത്രൻ കുറിച്ചത്.

പടം കണ്ടവർക്ക് അഭിപ്രായം പറഞ്ഞുകൂടെയെന്നും, എങ്കിൽ കമൽഹാസനു കാണാൻ മാത്രമായി സിനിമ എടുത്തുകൂടെയെന്നുമൊക്കെയാണ് പ്രക്ഷകർ അല്‍ഫോന്‍സ് പുത്രനോട് ചോദിക്കുന്നത്.

'ഗോള്‍ഡ്'എന്ന ചിത്രത്തിന്‍റെ തകർച്ചക്ക് പിന്നാലെ വിമര്‍ശനങ്ങളും ട്രോളുകളും കടുത്തിരുന്നു. ഈ സാഹചര്യത്തിൽ ഇനി മുതല്‍ സമൂഹമാധ്യമങ്ങളില്‍ തന്‍റെ മുഖം കാണിക്കില്ലെന്നും താന്‍ ആരുടെയും അടിമയല്ലെന്നും കുറിച്ചുകൊണ്ട് ഫേസ്ബുക്ക് പേജില്‍ നിന്ന് തന്‍റെ പ്രൊഫൈല്‍ ചിത്രം പിൻവലിച്ചിരുന്നു.

നിങ്ങൾ എന്നെ ട്രോളുകയും എന്നെയും ഗോൾഡ് സിനിമയെ കുറിച്ച് മോശമായി പറയുകയും ചെയ്യുന്നത് നിങ്ങളുടെ സംതൃപ്തിക്കു വേണ്ടിയാണ്. അത് നിങ്ങൾക്ക് ഇഷ്ടമായിരിക്കാം. എന്നാൽ എനിക്ക് അങ്ങനെയല്ല. അതുകൊണ്ട് പ്രതിഷേധ സൂചകമായി സമൂഹ മാധ്യമങ്ങളിൽ ഞാൻ എന്‍റെ മുഖം കാണിക്കില്ല. ഞാൻ നിങ്ങളുടെ അടിമയല്ല, എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാൻ ആ‍‍ർക്കും അവകാശം നൽകിയിട്ടില്ല. നിങ്ങൾക്ക് വേണമെങ്കിൽ എന്‍റെ സിനിമകൾ കാണാം.

എന്‍റെ പേജിൽ വന്ന് നിങ്ങളുടെ ദേഷ്യം പ്രകടിപ്പിക്കരുത്. ഇനി അങ്ങനെ ചെയ്താൽ, ഞാൻ സോഷ്യൻ മീഡിയയിൽ നിന്ന് അപ്രത്യക്ഷനാകും. ഞാൻ പഴയതു പോലെയല്ല. ഞാൻ എന്നോടും എന്‍റെ പങ്കാളിയോടും കുട്ടികളോടും എന്നെ ഇഷ്ടപ്പെടുന്നവരോടും ഞാൻ വീഴുമ്പോൾ എന്‍റെ അരികിൽ നിൽക്കുന്നവരോടും സത്യസന്ധത പുലർത്തുന്ന വ്യക്തിയാണ്. ഞാൻ വീണപ്പോൾ നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ല. ആരും മനഃപൂർവം വീഴില്ല. അത് പ്രകൃതിദത്തമായി, സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതിനാൽ അതേ പ്രകൃതി എന്നെ പിന്തുണയോടെ സംരക്ഷിക്കും. നല്ലൊരു ദിനം ആശംസിക്കുന്നു...." എന്നായിരുന്നു അൽഫോൻസ് പുത്രൻ തന്‍റെ ഫേസ്ബുക്കിൽ കുറിച്ചത്.

TAGS :

Next Story