Quantcast

അല്‍ഫോണ്‍സ തേപ്പുകാരിയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നവരോട്, കുറിപ്പുമായി ഓപ്പറേഷന്‍ ജാവയുടെ എഡിറ്റര്‍

മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറിയപ്പോഴും ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങള്‍ ശക്തരല്ലെന്നും ഒളിഞ്ഞും തെളിഞ്ഞും ചിത്രത്തില്‍ സ്ത്രീവിരുദ്ധത പ്രകടമാണെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു

MediaOne Logo

Web Desk

  • Published:

    19 May 2021 4:31 PM GMT

അല്‍ഫോണ്‍സ തേപ്പുകാരിയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നവരോട്, കുറിപ്പുമായി ഓപ്പറേഷന്‍ ജാവയുടെ എഡിറ്റര്‍
X

തരുൺ മൂർത്തി സംവിധാനം ചെയ്ത ഓപ്പറേഷൻ ജാവ തിയേറ്ററിലും ഒടിടി റിലീസിന് ശേഷവും മികച്ച പ്രതികരണങ്ങള്‍ ലഭിച്ച ചിത്രമാണ്. മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറിയപ്പോഴും ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങള്‍ ശക്തരല്ലെന്നും ഒളിഞ്ഞും തെളിഞ്ഞും ചിത്രത്തില്‍ സ്ത്രീവിരുദ്ധത പ്രകടമാണെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തരം നിരൂപക വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ എഡിറ്റര്‍ നിഷാദ് യൂസഫ്. സ്ത്രീകള്‍ ദുര്‍ബലരാണ് എന്നാണ് സംവിധായകന്‍റെ കാഴ്ചപ്പാടെന്ന് വിശ്വസിക്കുന്നവര്‍ക്കുള്ള മറുപടിയായാണ് നിഷാദ് ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചത്. പ്രധാന സ്ത്രീ കഥാപാത്രങ്ങളിലൊരാളായ അല്‍ഫോണ്‍സയെ തേപ്പുകാരിയായി ചിത്രീകരിക്കുന്നവര്‍ക്കുള്ള മറുപടിയും കുറിപ്പിലുണ്ട്.

നിഷാദ് യൂസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഓപ്പറേഷൻ ജാവയിലെ സ്ത്രീ സാന്നിധ്യത്തെക്കുറിച്ച് സംസാരിയ്ക്കാനുള്ള സമയമാണ്, കാരണം ജാവയുടെ ടീമിൽ ഉള്ള ആളെന്ന നിലയ്ക്ക് അവരെപ്പറ്റി സംസാരിക്കേണ്ടത് അനിവാര്യവുമാണ്. ട്രോളുകളിലും നിരൂപണങ്ങളിലും നിറഞ്ഞ തേപ്പു കഥകൾക്കുമപ്പുറമുള്ള സ്ത്രീ സാന്നിധ്യം മനസ്സിലാക്കാൻ പലർക്കും കഴിയാതെ പോയിടത്തു നിന്നു തന്നെ പറഞ്ഞു തുടങ്ങാം.

ജാനകി- രാമനാഥൻ

തന്റെ ഭാര്യയുടേതെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന നഗ്ന വിഡിയോ അവളുടേതല്ല എന്ന് തെളിയിക്കാൻ സമൂഹം നിർബന്ധിതനാക്കുന്ന രാമനാഥന്റേയും ജാനകിയുടെയും പോരാട്ടം. ചില യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ഈ സെഗ്‌മെന്റിൽ ജാനകിയെ വിശ്വസിച്ചു കൂടെ നില്ക്കുന്ന രാമനാഥനാണു നിരൂപകന്റെ പ്രശ്നം. കാരണം യഥാർഥ സംഭവത്തിൽ ആ സ്ത്രീ ഒറ്റയ്ക്കായിരുന്നത്രേ, സുഹൃത്തേ ഏതാണ് താങ്കൾ പറഞ്ഞ ഈ യഥാർഥ സംഭവം?

സൈബർ സെല്ലിൽ നിരന്തരമായി വന്നു പോകുന്ന കേസുകളിൽ നിന്നും എഴുത്തുകാരൻ ഉണ്ടാക്കിയെടുക്കുന്നതാണ് ഓരോ കഥാപാത്രങ്ങളെയും, കണ്ടതും കേട്ടതുമായ അറിവിൽ നിന്നും ഭാര്യയെ ചേർത്തു പിടിയ്ക്കുന്ന രാമനാഥനാവണം യഥാർഥ പുരുഷൻ എന്ന തിരിച്ചറിവിലേയ്ക്കു നടന്നു കയറിയ എഴുത്തുകാരന്റെ ചിന്തയെ മനസ്സിലാക്കാൻ പറ്റാതെ പോകുന്നതിനു കാരണം താങ്കൾ പിന്തുടർന്ന പോരുന്ന ചില അജൻഡകളാണ് അതിനെ മാറ്റിവെച്ചു സിനിമ കാണു.. ജാവയിലെ ജാനകി പൊരുതാൻ ശേഷിയില്ലാത്തവളല്ല, അവൾ തളർന്നു പോകുന്നവളുമല്ല പൊരുതി ജയിക്കുന്നവളാണ്, ചേർത്തു പിടിക്കുന്നവനാണ് രാമനാഥൻ എന്ന പുരുഷൻ.

അൽഫോൻസ

അൽഫോൻസയ്ക്കു തേപ്പുകാരിയുടെ പട്ടം ചാർത്തി കൊടുക്കുന്നവരോടുള്ള മറുപടി ആന്റണി തന്നെ കൊടുക്കുന്നുണ്ട്, അവളുടെ സാഹചര്യമാണ് അതിനു കാരണമെന്ന്. തന്റെ സഹപ്രവർത്തകർ പറഞ്ഞിട്ടും അൽഫോൻസ തേപ്പുകാരിയാണെന്ന് വിശ്വസിക്കാത്ത ആന്റണിയേക്കാൾ മറ്റുള്ളവർ പറഞ്ഞത് വിശ്വസിക്കാൻ തയ്യാറാകുന്നതിലെ യുക്തി തീരെ മനസ്സിലാകുന്നില്ല, ഒരു വേള അൽഫോൻസയോട് "എങ്കിൽ മോള് പോയി ഉന്മാദിക്ക് " എന്ന് പറയുന്ന ആന്റണിയുടെ മുഖത്തടിയ്ക്കുന്ന അവളുടെ മുഖത്ത് ദേഷ്യത്തിനു പകരം സങ്കടം വന്നതിനു കാരണം ഒരു വേള അവനും തന്നെ അവിശ്വസിക്കുന്നു എന്ന തോന്നലാണ്. തനിക്കു പറ്റിയ ചതി മനസ്സിലാക്കി സൈബർ സെല്ലിൽ പരാതി പറയാൻ വന്ന അൽഫോൻസ കൂടെ നില്ക്കണം എന്നു പറയുമ്പോൾ "എന്തു പറ്റി ഇങ്ങനെയുള്ള അബദ്ധങ്ങൾ ഒന്നും പറ്റാത്തതാണല്ലോ " എന്നാണ് ആന്റണി ചോദിക്കുന്നത്.

രണ്ടാമതും അവനെ പിരിയേണ്ടി വരുമ്പോൾ ഞാനെന്താണ് ചെയ്യേണ്ടത് എന്ന ചോദ്യത്തിന്റെ അർഥം മനസ്സിലാക്കിയാണ്, നിനക്ക് നല്ലതെന്നു തോന്നുന്നത് ചെയ്യാൻ ആന്റണി പറയുന്നത്, അതിനു ശേഷം അൽഫോൻസ ചെയ്തത് തേപ്പാണെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെങ്കിൽ അത്തരമൊരു പൊതുബോധം സൃഷ്ടിക്കുന്നത് നിങ്ങൾ തന്നെയാണ് കാരണം അൽഫോൻസയെ സംബന്ധിച്ച് എല്ലാം ബോധ്യമാകേണ്ടത് ആന്റണിക്കാണ് അതവൻ മനസ്സിലാക്കുന്നുമുണ്ട്.

തിരശീലയ്ക്കു മുന്നിലുള്ള സ്ത്രീ കഥാപാത്രങ്ങൾ മാത്രമല്ല പിന്നിലുമുണ്ട് കരുത്തരായ സ്ത്രീകൾ ജാവയുടെ വസ്ത്രാലങ്കാരം കൈകാര്യം ചെയ്ത മഞ്ജുഷ രാധാകൃഷ്ണനും, കലാസംവിധാനം കൈകാര്യം ചെയ്ത ദുന്ദു രഞ്‌ജീവും... പറഞ്ഞു തുടങ്ങിയാൽ ഇനിയുമുണ്ട് ഏറെ... സ്ത്രീകളെ പറ്റിയുള്ള സംവിധായകന്റെ കാഴ്ച്ചപ്പാട് അവർ ദുർബലകളാണ് എന്നാണ് ഇനിയും നിങ്ങൾ പറയുന്നതെങ്കിൽ തിരിച്ച് എനിയ്ക്ക് ഒന്നേ പറയാനുള്ളു , നിരൂപകന്റെ മങ്ങിയ ആ കണ്ണട അഴിച്ചു വെച്ചിട്ട് ആസ്വാദകന്റെ തെളിഞ്ഞ മനസ്സുമായി ഒന്നുകൂടി ഓപ്പറേഷൻ ജാവ കാണൂ.

ഇല്ലെങ്കിൽ കഥാപാത്രത്തിന്റെ പേരിൽ നിന്നും ജാതി കണ്ടെത്തി വിലയിരുത്തുന്ന പുതിയ കാലഘട്ടത്തിൽ ഇനി ഓരോ സംവിധായകനും അവന്റെ കഥാപാത്രങ്ങൾക്ക് A,B,C,D എന്നു പേരു നല്കേണ്ടി വരും.

TAGS :

Next Story