ബ്രെൻഡൻ ഫ്രേസർ; കളിയാക്കിയവർക്കിടയിലൂടെ രാജകീയമായ തിരിച്ചുവരവ്
ബ്രെൻഡൻ ഫ്രേസർക്ക് മികച്ച നടനുള്ള അവാർഡ് നേടിക്കൊടുത്ത 'ദ് വെയിലി'ലെ കഥാപാത്രം താരത്തിന്റെ ജീവിതത്തോട് എത്ര അടുത്ത് നിൽക്കുന്നതാണ്
ബ്രെൻഡൻ ഫ്രേസർ
അക്കാദമി അവാർഡിൽ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങുമ്പോൾ ബ്രെൻഡൻ ഫ്രേസറിന്റെ കണ്ണ് നിറഞ്ഞ് തുളുമ്പിയിരുന്നു. അതുവരെ താൻ കേട്ട പരിഹാസവും മാറ്റിനിർത്തലും അദ്ദേഹത്തിന്റെ മനസ്സിലൂടെ മിന്നിമറിഞ്ഞിട്ടുണ്ടാവും. ദ് വെയ്ൽ എന്ന ചിത്രമാണ് ഫ്രേസറിനെ അവാർഡിന് അർഹനാക്കിയത്. ഡാരൻ അരൊണോഫ്‌സ്‌കിയാണ് ദി വെയ്‌ലിന്റെ സംവിധായകൻ. പൊണ്ണത്തടി മൂലം കഷ്ടപ്പെടുന്ന അധ്യാപകൻ മകളുമായുള്ള സ്‌നേഹ ബന്ധം നിലനിർത്താൻ ശ്രമിക്കുന്നതായിരുന്നു ചിത്രത്തിന്റെ പ്രമേയം. ഫ്രേസറിന്റെ ജീവിതവും ഈ സിനിമാക്കഥയുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. സിനിമയിൽ 272 കിലോ ഭാരമുള്ള മനുഷ്യനായാണ് അദ്ദേഹം അഭിനയിക്കുന്നത്.
തൊണ്ണൂറുകളിൽ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെ ത്രസിപ്പിച്ച ചിത്രങ്ങളിലെ സാന്നിധ്യമാണ് ഫ്രേസറിന് ആരാധകരെ ഉണ്ടാക്കിയത്. ജോർജ് ഓഫ് ദ് ജംഗിളിലെ ജോർജ് ഇപ്പോഴും കുട്ടികളുടെയും മുതിർന്നവരുടെയും ഇഷ്ട കഥാപാത്രമാണ്. ദ് മമ്മിയാണ് ഫ്രേസറിന്റെ മറ്റൊരു ഹിറ്റ് ചിത്രം. പിന്നീടിറങ്ങിയ മമ്മി സീരിസുകളിലും ഫ്രേസർ തന്നെ നായകനായി എത്തി. സിനിമയിലെ ഫ്രേസറിന്റെ കഥാപാത്രങ്ങൾ പോലെ തമാശ നിറഞ്ഞതായിരുന്നില്ല ജീവിതം.
രണ്ടായിരത്തിന്റെ തുടക്കത്തിൽ തന്നെ സ്‌ക്രീനിൽ നിന്ന ബ്രെൻഡനെ കാണാതായി. വിഷാദ രോഗവും അമിത വണ്ണവും താരത്തെ പിടിച്ചുകുലുക്കി. തുടരെ തുടരെ താരം നേരിട്ടത് നിരവധി ആരോപണങ്ങളാണ്. മുൻഭാര്യ ഫയൽ ചെയ്ത കേസിലെ ജീവനാംശവും താരത്തെ സാമ്പത്തികമായി തളർത്തി. താൻ കടന്നുപോയ മാനസികാവസ്ഥയും ശാരീരിക ബുദ്ധിമുട്ടുകളും ദ് വെയിലിലൂടെ സ്‌ക്രീനിലെത്തിക്കാൻ ഫ്രേസർക്ക് വലിയ ബുന്ധിമുട്ട് ഉണ്ടായിട്ടുണ്ടാവില്ല. അവസാനം എല്ലാ പരിഹാസങ്ങൾക്കും മാറ്റിനിർത്തലിനുമുള്ള മറുപടിയായി ഫ്രേസർ മികച്ച നടനുള്ള അവാർഡ് വാങ്ങി.
ജൂനിയർ എൻടിആർ അവാർഡിന് തലേദിവസം തന്നെ ബ്രെൻഡൻ ഫ്രേസെറിന് ആശംസ നേർന്നിരുന്നു. ബ്രെൻഡൻ ഫ്രേസെർ അവാർഡ് നേടിയതോടെ താരത്തിന്റെ പ്രവചനം സത്യമായിരിക്കുകയാണെന്നാണ് ഇന്ത്യൻ ആരാധകർ പറയുന്നത്.
Adjust Story Font
16