Quantcast

10 വർഷത്തിനിടെ ഷാരൂഖിന്റെ ഏക ഹിറ്റാണ് പഠാൻ: കങ്കണ റണാവത്ത്

'ഞങ്ങളും ഇപ്പോൾ ഷാരൂഖിനെ കണ്ട് പഠിക്കുകയാണ്'

MediaOne Logo

Web Desk

  • Published:

    30 Jan 2023 7:03 AM GMT

10 വർഷത്തിനിടെ ഷാരൂഖിന്റെ ഏക ഹിറ്റാണ് പഠാൻ: കങ്കണ റണാവത്ത്
X

മുംബൈ: ഷാരൂഖ് ഖാന്‍ നായകനായ പഠാനെ നടി കങ്കണ റണാവത്ത് അഭിനന്ദിച്ചത് വാര്‍ത്തയായിരുന്നു. അതിനിടെ സ്ഥിരമായി പരാജയങ്ങള്‍ ഏറ്റുവാങ്ങുന്ന കങ്കണയ്ക്ക് പഠാനെ കുറിച്ച് പറയാന്‍ എന്ത് അര്‍ഹതയെന്ന് ട്വിറ്ററില്‍ ചോദ്യമുയര്‍ന്നു. 10 വർഷത്തിനിടെ ഷാരൂഖിനുണ്ടായ ഒരേയോരു ഹിറ്റാണ് പഠാനെന്നും ഇന്ത്യക്കാര്‍ അദ്ദേഹത്തിന് നൽകിയ അവസരം തങ്ങളെപ്പോലുളളവർക്കും നൽകുമെന്ന് കരുതുന്നുവെന്നും കങ്കണ മറുപടി നല്‍കി.

"എന്‍റെ മുൻ ചിത്രമായ ധാക്കഡ് തികഞ്ഞ പരാജയമായിരുന്നു. അതിനെക്കുറിച്ച് സത്യസന്ധമായി മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ. എന്നാൽ കഴിഞ്ഞ 10 വർഷത്തിനിടെ ഷാരൂഖിന്‍റെ വിജയിച്ച ഒരേയൊരു ചിത്രമാണ് പഠാൻ. ഞങ്ങളും ഇപ്പോൾ അദ്ദേഹത്തെ കണ്ട് പഠിക്കുകയാണ്. അദ്ദേഹത്തിന് അവസരം നൽകിയതുപോലെ പ്രേക്ഷകര്‍ ഞങ്ങളെയും സ്വീകരിക്കും"- എന്നാണ് കങ്കണ മറുപടി നല്‍കിയത്.

പഠാന്‍‌ പോലുള്ള സിനിമകള്‍ വിജയിക്കണമെന്ന് നേരത്തെ കങ്കണ പ്രതികരിക്കുകയുണ്ടായി- "പഠാൻ വളരെ നന്നായി പോകുന്നു. ഇതുപോലുള്ള സിനിമകൾ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നു. ഹിന്ദി സിനിമാ വ്യവസായത്തെ തിരികെ കൊണ്ടുവരാനാണ് ഞങ്ങളാല്‍ കഴിയുന്ന വിധത്തില്‍ ശ്രമിക്കുന്നത്".

രാജ്യം ഖാന്മാരെ എന്നും സ്നേഹിച്ചിട്ടേയുള്ളൂവെന്ന് കങ്കണ റണാവത്ത് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. മാത്രമല്ല പ്രേക്ഷകര്‍ക്ക് മുസ്‍ലിം നടിമാരോട് അഭിനിവേശമുണ്ട്. അതിനാല്‍ രാജ്യത്തിനു മേല്‍ ഫാഷിസവും വെറുപ്പും ആരോപിക്കുന്നത് അന്യായമാണെന്നും കങ്കണ റണാവത്ത് ട്വീറ്റ് ചെയ്തു. പഠാന്‍ സിനിമയുടെ വിജയത്തെ കുറിച്ചുള്ള ഒരു വിശകലനം പങ്കുവെച്ചുകൊണ്ടാണ് കങ്കണയുടെ പ്രതികരണം.

പഠാന്‍റെ വിജയത്തെ കുറിച്ചുള്ള ബോളിവുഡ് സിനിമാ നിര്‍മാതാവ് പ്രിയ ഗുപ്തയുടെ വിശകലനം ഇങ്ങനെയാണ്- "പഠാന്‍റെ വിജയത്തില്‍ ഷാരൂഖ് ഖാനും ദീപിക പദുകോണിനും ആശംസകള്‍. ഇതില്‍ നിന്ന് വ്യക്തമാകുന്നത്- 1. ഹിന്ദുക്കളും മുസ്‍ലിംകളും ഒരുപോലെ ഷാരൂഖിനെ സ്നേഹിക്കുന്നു 2. ബഹിഷ്കരണ ആഹ്വാനങ്ങള്‍‌ സിനിമയെ ദോഷകരമായി ബാധിച്ചില്ല, പകരം ഗുണം ചെയ്തു. 3. ഇറോട്ടിക് രംഗങ്ങളും നല്ല സംഗീതവും 4. ഇന്ത്യ മതേതര രാജ്യമാണ്".

ഈ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് കങ്കണ റണാവത്ത് ട്വീറ്റ് ചെയ്തതിങ്ങനെ- "വളരെ നല്ല വിശകലനം. ഈ രാജ്യം ഖാന്മാരെ സ്നേഹിച്ചിട്ടേയുള്ളൂ. ചില നേരങ്ങളില്‍ ഖാന്മാരെ മാത്രം സ്നേഹിക്കുന്നു. കൂടാതെ മുസ്‍ലിം നടിമാരോട് പ്രത്യേക അഭിനിവേശമുണ്ട്. അതിനാല്‍ വെറുപ്പിന്‍റെയും ഫാഷിസത്തിന്‍റെയും പേരുപറഞ്ഞ് രാജ്യത്തെ കുറ്റപ്പെടുത്തുന്നത് അന്യായമാണ്. ഭാരതം പോലൊരു രാജ്യം ലോകത്തില്ല".

ഷാരൂഖ് ഖാനും ദീപിക പദുക്കോണിനുമൊപ്പം ജോൺ എബ്രഹാമും മുഖ്യവേഷത്തിലെത്തിയ സിനിമയാണ് പഠാന്‍. സിദ്ധാർഥ് ആനന്ദാണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തത്. യഷ് രാജ് ഫിലിംസാണ് നിർമാണം. നാല് വര്‍ഷത്തിന് ശേഷം ഷാരൂഖ് ഖാന്‍ ബിഗ് സ്ക്രീനില്‍ തിരിച്ചെത്തിയ സിനിമയാണിത്. ചിത്രം ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. നാലു ദിവസം കൊണ്ട് സിനിമ 400 കോടി ക്ലബ്ബില്‍ കടന്നു.


TAGS :

Next Story