ഐഎഫ്എഫ്‌കെ 'സ്പിരിറ്റ് ഓഫ് ദ സിനിമ' അവാർഡ് പായൽ കപാഡിയയ്ക്ക്
സമൂഹത്തിലെ അനീതികൾക്കെതിരെ സിനിമ ആയുധമാക്കി പോരാടുന്ന ചലച്ചിത്ര പ്രവർത്തകർക്കുള്ള ആദരമായാണ് 'സ്പിരിറ്റ് ഓഫ് ദ സിനിമ' അവാർഡ് നൽകുന്നത്
തിരുവനന്തപുരം: ബോളിവുഡ് സംവിധായിക പായൽ കപാഡിയയ്ക്ക് 29-ാമത് ഐഎഫ്എഫ്‌കെ പുരസ്‌കാരം. സിനിമയെ സമരായുധമാക്കിയ ചലച്ചിത്ര പ്രവർത്തകർക്ക് നൽകുന്ന 'സ്പിരിറ്റ് ഓഫ് ദ സിനിമ' അവാർഡാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബർ 20ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന മേളയുടെ സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും.
കാൻ ചലച്ചിത്ര മേളയിലെ ഗ്രാൻഡ് പ്രീ ജേതാവാണ് പായൽ കപാഡിയ. ഈ അംഗീകാരം നേടുന്ന ഏക ഇന്ത്യൻ സംവിധായിക കൂടിയാണ് അവർ. 'ഓൾ വി ഇമാജിൻ ഏസ് ലൈറ്റ്' എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു അഭിമാനകരമായ നേട്ടം. നടനും ബിജെപി നേതാവുമായ ഗജേന്ദ്ര ചൗഹാനെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിച്ചതിനെതിരെ നടന്ന സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്നു പായൽ. സമരത്തിന്റെ പേരിൽ അറസ്റ്റ് വരിക്കുകയും ചെയ്തു. പായൽ സംവിധാനം ചെയ്ത 'പ്രഭയായി നിനച്ചതെല്ലാം' ഇത്തവണ ഐഎഫ്എഫ്‌കെയിൽ പ്രദർശിപ്പിക്കുന്നുണ്ട്.
സമൂഹത്തിലെ അനീതികൾക്കെതിരെ സിനിമ ആയുധമാക്കി പോരാടുന്ന ചലച്ചിത്ര പ്രവർത്തകർക്കുള്ള ആദരമായി 26-ാമത് ഐഎഫ്എഫ്‌കെയിലാണ് 'സ്പിരിറ്റ് ഓഫ് ദ സിനിമ' അവാർഡ് ആരംഭിച്ചത്. കുർദ് സംവിധായിക ലിസ കലാൻ ആയിരുന്നു പ്രഥമ പുരസ്‌കാര ജേതാവ്. ഇറാൻ സംവിധായിക മഹ്നാസ് മുഹമ്മദി, കെനിയൻ സംവിധായിക വനൂരി കഹിയു എന്നിവരാണു മറ്റു ജേതാക്കൾ.
Summary: Bollywood director Payal Kapadia wins 29th IFFK's 'Spirit of the Cinema' award
Adjust Story Font
16