Quantcast

'ജനക്കൂട്ടത്തിന്‍റെ മിശിഹാ' ; മുംബൈയിലെ കനത്ത മഴയില്‍ സഹായം തേടി നടന്‍ സോനു സൂദിന്‍റെ വീടിനു മുന്നില്‍ നീണ്ട ക്യൂ

കനത്ത മഴ വക വയ്ക്കാതെ സോനുവിന്‍റെ വീടിനു മുന്നില്‍ ക്യൂ നില്‍ക്കുന്ന ഒരു വലിയ ആള്‍ക്കൂട്ടത്തെ വീഡിയോയില്‍ കാണാം

MediaOne Logo

Web Desk

  • Published:

    17 July 2024 5:48 AM GMT

Sonu Soods Mumbai Home
X

മുംബൈ: സ്ക്രീനില്‍ വില്ലത്തരങ്ങളിലൂടെയാണ് കയ്യടി നേടുന്നതെങ്കിലും ജീവിതത്തില്‍ നന്‍മയുള്ള മനസിന് ഉടമയാണ് നടന്‍ സോനു സൂദ്. കോവിഡ് കാലത്ത് അദ്ദേഹം ചെയ്ത സേവനപ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. സഹായം തേടി ആര് തന്‍റെ അടുത്തെത്തിയാലും ഒരിക്കലും അവരെ ഒരിക്കലും വെറുംകയ്യോടെ തിരിച്ചയക്കാറില്ല താരം. അതുകൊണ്ട് തന്നെ മുംബൈയിലെ അദ്ദേഹത്തിന്‍റെ വസതിക്കു മുന്നില്‍ എപ്പോഴും ആളുകളുണ്ടാകും. ഇപ്പോഴിതാ മഴക്കെടുതിയില്‍ വലയുന്ന മുംബൈ നിവാസികള്‍ ആശ്രയം തേടിയെത്തിയിരിക്കുന്നതും സോനുവിന്‍റെ പക്കലാണ്.

കനത്ത മഴ വക വയ്ക്കാതെ സോനുവിന്‍റെ വീടിനു മുന്നില്‍ ക്യൂ നില്‍ക്കുന്ന ഒരു വലിയ ആള്‍ക്കൂട്ടത്തെ വീഡിയോയില്‍ കാണാം. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരു നീണ്ട ക്യൂ തന്നെയാണുള്ളത്. ഇവര്‍ തങ്ങളുടെ പ്രശ്നങ്ങള്‍ പറയുമ്പോള്‍ ശ്രദ്ധയോടെ കേട്ടുനില്‍ക്കുന്ന താരത്തെയും കാണാം. അവരെ സഹായിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്. ''കനത്ത മഴക്കിടയിലും തന്‍റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരാനുള്ള സോനു സൂദിന്‍റെ സമര്‍പ്പണ മനോഭാവം. ഇതുകൊണ്ടാണ് അദ്ദേഹത്തെ ജനക്കൂട്ടത്തിന്‍റെ മിശിഹായെന്ന് വിളിക്കുന്നത്'' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'കുടുംബത്തോടൊപ്പമുള്ളപ്പോൾ മഴ ഒരു ആനന്ദമാണ്' എന്ന ക്യാപ്ഷനോടെ സോനും വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. നിരവധി പേരാണ് പതിവ് പോലെ സോനുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. 'ദൈവം സോനുവിനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ഒരു എം.പി, എം.എൽ.എമാർ പ്രവർത്തിക്കേണ്ടത് ഇങ്ങനെയാണ്' എന്നിങ്ങനെയാണ് കമന്‍റുകള്‍.

കോവിഡ് കാലത്ത് രോഗികളെയും മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെയും സഹായിക്കാന്‍ സോനു മുന്നില്‍ തന്നെയുണ്ടായിരുന്നു. 100 കോടിയുടെ ചിത്രത്തില്‍ അഭിനയിക്കുന്നതിനെക്കാള്‍ കോവിഡ് രോഗികളെ സഹായിക്കുമ്പോഴാണ് തനിക്ക് കൂടുതല്‍ സംതൃപ്തി ലഭിക്കുന്നതെന്നാണ് താരം അന്ന് പറഞ്ഞത്. മഹാമാരി കാലത്ത് ഗുരുതരാവസ്ഥയിലായ ഭാരതി ഒരു കോവിഡ് രോഗിയെ നാഗ്പൂരില്‍ നിന്നും ഹൈദരാബാദിലെത്തിക്കാന്‍ സോനു എയര്‍ ആംബുലന്‍സ് സംവിധാനം ഒരുക്കിക്കൊടുത്തിരുന്നു. കോവിഡ് മൂലം ശ്വാസകോശത്തിന്‍റെ 85-90 ശതമാനം നഷ്ടപ്പെട്ട ഭാരതിയെ സോനുവിന്‍റെ സഹായത്തോടെ നാഗ്പൂരിൽ നിന്ന് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സോനുവിനെയും കോവിഡ് ബാധിച്ചിരുന്നു. പലയിടങ്ങളിലായി കുടുങ്ങിപ്പോയ തൊഴിലാളികളെ പലതരത്തിലാണ് സോനു സഹായിച്ചത്. നാടുകളിലേക്ക് എത്താന്‍ അവര്‍ക്ക് ബസുകള്‍ വിട്ടു നല്‍കിയ താരം ക്വാറന്‍റൈന്‍ ആവശ്യങ്ങള്‍ക്കായി തന്‍റെ ഹോട്ടലും വിട്ടു നല്‍കിയിരുന്നു.

ജാക്വിലിന്‍ ഫെര്‍ണാണ്ടസിനൊപ്പം അഭിനയിക്കുന്ന ഫത്തേഹ് ആണ് സോനുവിന്‍റെ പുതിയ ചിത്രം. ഡല്‍ഹി,പഞ്ചാബ്, ലോസ് ഏഞ്ചല്‍സ് എന്നിവിടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിംഗ്. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ നസറുദ്ദീന്‍ ഷാ ഹാക്കറായി അഭിനയിക്കുന്നു. വൈഭവ് മിശ്ര സംവിധാനം ചെയ്ത ചിത്രം നിർമ്മിക്കുന്നത് ശക്തി സാഗർ പ്രൊഡക്ഷൻസും സീ സ്റ്റുഡിയോസും ചേർന്നാണ്. ഈ വർഷം ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് സൂചന.

TAGS :

Next Story