Quantcast

ഗായിക കല്ല്യാണി മേനോന്‍ അന്തരിച്ചു

പക്ഷാഘാതത്തെ തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

MediaOne Logo

Web Desk

  • Updated:

    2021-08-02 08:56:39.0

Published:

2 Aug 2021 8:39 AM GMT

ഗായിക കല്ല്യാണി മേനോന്‍ അന്തരിച്ചു
X

തെന്നിന്ത്യന്‍ ഗായിക കല്ല്യാണി മേനോന്‍ അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 80 വയസായിരുന്നു.

ഇളയരാജ, എ.ആർ റഹ്മാന്‍ എന്നിവരുടെ സംഗീതത്തില്‍ മലയാളത്തിലും തമിഴിലും നിരവധി ഗാനങ്ങള്‍ ആലപിച്ചു. മംഗളം നേരുന്നു എന്ന ചിത്രത്തില്‍ യേശുദാസിനൊപ്പം പാടിയ 'ഋതുഭേദ കല്‍പന ചാരുത നല്‍കിയ', വിയറ്റ്‌നാം കോളനിയിലെ 'പവനരച്ചെഴുതുന്നു', മൈ മദേഴ്‌സ് ലാപ്‌ടോപ്പ് എന്ന ചിത്രത്തിലെ 'ജലശയ്യയില്‍', മുല്ലവള്ളിയും തേന്‍മാവും എന്ന ചിത്രത്തിലെ 'നിനക്കും നിലാവും' എന്നീ ഗാനങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. അലൈപായുതേ, മുത്തു, കാതലന്‍ തുടങ്ങിയ സിനിമകളില്‍ എ.ആര്‍. റഹ്മാന്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ പാടിയതോടെയാണ് തമിഴകത്ത് കല്ല്യാണി മോനോന്‍ പ്രിയങ്കരിയായത്.

എറണാകുളം കാരയ്‌ക്കാട്ടു മാറായിൽ ബാലകൃഷ്‌ണ മേനോന്റെയും രാജമ്മയുടെയും ഏക മകളായ കല്യാണി മേനോൻ പഠനകാലത്ത് യുവജനോത്സവ വേദികളിലൂടെയാണ് പാട്ടിലേക്കു വരുന്നത്. 1973 ല്‍ തോപ്പില്‍ ഭാസിയുടെ 'അബല'യില്‍ പാടിയാണു ചലച്ചിത്ര സംഗീതരംഗത്തെത്തിയത്. 1979 ല്‍ ശിവാജി ഗണേശന്റെ 'നല്ലതൊരു കുടുംബ'മെന്ന സിനിമയിലൂടെയാണ് തമിഴിലെ അരങ്ങേറ്റം.

2018ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം 96ലെ കാതലേ കാതലേ ആണ് അവസാനം പാടിയ ഗാനം. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാര ജേതാവാണ്. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോന്‍ മകനാണ്. രാജീവ് മേനോന്റെ 'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍' എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിരുന്നു.

TAGS :

Next Story