Quantcast

ഭ്രമയുഗം സല്‍പ്പേരിനെ ബാധിക്കും; പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് കുഞ്ചമണ്‍ കുടുംബം ഹൈക്കോടതിയില്‍

കുടുംബത്തിന്‍റെ സമ്മതമില്ലാതെയാണ് ഇല്ലപ്പേരും കഥാപാത്രത്തിന്‍റെ പേരും അണിയറ പ്രവർത്തകർ തീരുമാനിച്ചതെന്ന് ഹരജിയിൽ പറയുന്നു

MediaOne Logo

Web Desk

  • Published:

    13 Feb 2024 6:26 AM GMT

bramayugam
X

ഭ്രമയുഗത്തില്‍ മമ്മൂട്ടിയും അര്‍ജുന്‍ അശോകനും

കൊച്ചി: ഭ്രമയുഗം സിനിമക്ക് നൽകിയ സിബഎഫ്‍സി സർട്ടിഫിക്കേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. കുഞ്ചമണ്‍ ഇല്ലത്തെ പി.എം ഗോപിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കുടുംബത്തിന്‍റെ സമ്മതമില്ലാതെയാണ് ഇല്ലപ്പേരും കഥാപാത്രത്തിന്‍റെ പേരും അണിയറ പ്രവർത്തകർ തീരുമാനിച്ചതെന്ന് ഹരജിയിൽ പറയുന്നു.

ദുർമന്ത്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമ റിലീസ് ചെയ്താൽ കുടുംബത്തിന്‍റെ സൽപ്പേരിനെ ബാധിക്കും. അതിനാൽ സർട്ടിഫിക്കേഷൻ റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യം. രാഹുൽ സദാശിവൻ തിരക്കഥയും സംവിധാനവും നിർവ​ഹിച്ച് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമയിലെ പ്രധാന കഥാപാത്രമായ കുഞ്ചമൺ പോറ്റി ദുർമന്ത്രവാദമടക്കമുള്ള പ്രവർത്തികളിൽ ഏർപ്പെടുന്നതായാണ് ചിത്രികരിച്ചിരിക്കുന്നത്. ഇത് തങ്ങളുടെ കുടുംബത്തിന്‍റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതാണെന്നാണ് ഹരജിക്കാരന്‍റെ വാദം.

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിലാണ് കുഞ്ചമണ്‍ പോറ്റിയെ കുറിച്ച് പറയുന്നത്. ആഭിചാരക്രിയ ചെയ്ത് ആദ്യമായി ചാത്തനെ നേരിട്ട് വരുത്തിയ ആളായാണ് കുഞ്ചമണ്‍ പോറ്റിയെ ഐതീഹ്യമാലയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. എഴുത്ത് കൊടുത്ത് ചാത്തനോട് അവധി പറയുന്ന പതിവും കുഞ്ചമന്‍ പോറ്റിക്കുണ്ട്. കടമറ്റത്ത് കത്തനാരുടെ അടുത്ത സുഹൃത്തായിരുന്ന കുഞ്ചമണ്‍ പോറ്റി പിന്നീട് അദ്ദേഹവുമായി തെറ്റിയതായും പറയുന്നുണ്ട്.

അതേസമയം, ഇത് കുഞ്ചമണ്‍ പോറ്റിയുടെ കഥയല്ലെന്ന് സംവിധായകന്‍ രാഹുല്‍ സദാശിവന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കുഞ്ചമണ്‍ പോറ്റിയുടെ പേരില്‍ ചര്‍ച്ചകള്‍ ചൂടുപിടിച്ചതോടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം. ഭ്രമയുഗം പൂര്‍ണമായും ഫിക്ഷണല്‍ സ്റ്റോറിയാണ്. വേറെ ഒന്നും അഡ്രസ് ചെയ്യുന്നില്ല. ഇത് കുഞ്ചമണ്‍ പോറ്റിയുടെ കഥയല്ല. പതിമൂന്ന് വയസിന് മുകളിലുള്ള കുട്ടികള്‍ക്കും കാണാന്‍ പറ്റുന്ന സിനിമയാണിത്. ചെറുതായിട്ട് ഒരു ഹൊറര്‍ എലമെന്‍സ് ഉണ്ട്. പക്ഷേ ഇതൊരു സസ്പെന്‍സ് ത്രില്ലര്‍ എന്നൊക്കെ പറയാം. ഒരു പിരീയ്ഡ് പടമാണ്. അത് ബ്ലാക് ആന്‍ഡ് വൈറ്റില്‍ കണ്ടാല്‍ എക്സ്പീരിയന്‍സ് വേറെ ആയിരിക്കും എന്നായിരുന്നു രാഹുല്‍ സദാശിവന്‍ പറഞ്ഞത്.

ഫെബ്രുവരി 15നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്.ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ് ഓവർസീസ് ഡിസ്ട്രിബ്യൂഷൻ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും 2024ന്റെ തുടക്കത്തിൽ 'The Age of Madness' എന്ന ടാഗ്‌ലൈനോടെ പുറത്തുവിട്ട ബ്ലാക്ക് ആൻഡ് വൈറ്റ് പോസ്റ്ററും സ്വീകാര്യത നേടിയിരുന്നു. മമ്മൂട്ടിയോടൊപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് ഒരുങ്ങുന്നത്.

TAGS :

Next Story