'ഞാൻ പെരിയാറിസ്റ്റ്; മോദിയായി അഭിനയിക്കാനില്ല'; വാര്‍ത്തകള്‍ തള്ളി നടൻ സത്യരാജ്
2019ൽ വിവേക് ഒബ്‌റോയ് നായകനായി പുറത്തിറങ്ങിയ 'പി.എം നരേന്ദ്ര മോദി'ക്ക് കാര്യമായ ഇളക്കമുണ്ടാക്കാനായിരുന്നില്ല
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്കിൽ അഭനയിക്കുമെന്ന വാർത്തകൾ തള്ളി നടൻ സത്യരാജ്. വാർത്തകൾ തെറ്റാണെന്ന് താരം തന്നെ വ്യക്തമാക്കി. താൻ പ്രത്യയശാസ്ത്രപരമായി പെരിയാറിസ്റ്റാണെന്നും ഇത്തരമൊരു ചിത്രത്തിൽ തനിക്ക് അഭിനയിക്കാൻ കഴിയില്ലെന്നും സത്യരാജ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേഷമിടണമെന്ന് ആവശ്യപ്പെട്ട് ആരും തന്നെ ഇതുവരെ സമീപിച്ചിട്ടില്ലെന്ന് നടൻ പറഞ്ഞു. ഇതു തനിക്കൊരു പുതിയ വാർത്തയാണ്. ആരോ മനഃപൂർവം സൃഷ്ടിച്ചതാണു വാർത്തയെന്നും സത്യരാജ് പറഞ്ഞതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മുൻപ് ലണ്ടൻ മ്യൂസിയത്തിൽ തന്റെ മെഴുക് പ്രതിമ സ്ഥാപിച്ചു എന്ന പേരിൽ ഒരു വാർത്ത വന്നിരുന്നു. എന്റെ അളവ് എടുക്കാതെ എങ്ങനെ പ്രതിമ നിർമിക്കുമെന്നാണ് അന്നു ഞാൻ തിരിച്ചുചോദിച്ചത്. അതോടെ ആ വാർത്ത നിന്നു. ഇതും അതുപോലെത്തന്നെയാണ്. ഞാനൊരു പെരിയാറിസ്റ്റാണ്. എനിക്ക് എങ്ങനെ ഇത്തരമൊരു വേഷം ചെയ്യാനാകുമെന്നും സത്യരാജ് ചോദിച്ചു.
അതേസമയം, ഇതിഹാസ താരമായ എം.ആർ രാധ നിരീശ്വരവാദിയായിട്ടും അത്തരത്തിലല്ലാത്ത വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്ന കാര്യവും നടൻ ചൂണ്ടിക്കാട്ടി. അതുകൊണ്ട് ഇത്തരമൊരു വേഷം ലഭിച്ചാൽ അതേക്കുറിച്ച് ആലോചിക്കുകയൊക്കെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴിൽ വില്ലൻ വേഷത്തിലൂടെയാണ് സത്യരാജ് സിനിമാ കരിയർ ആരംഭിക്കുന്നത്. എസ്.എസ് രാജമൗലിയുടെ ബ്ലോക്ബസ്റ്റർ ചിത്രം 'ബാഹുബലി'യിൽ താരം ചെയ്ത കട്ടപ്പ വേഷം വലിയ തരംഗം സൃഷ്ടിച്ചിരുന്നു. 2007ൽ റിലീസ് ചെയ്ത സാമൂഹിക പരിഷ്‌കർത്താവ് പെരിയാറിന്റെ ബയോപിക്കിലും അദ്ദേഹം അഭിനയിച്ചിരുന്നു.
സിനിമാരംഗത്തെ ഏറ്റവും പുതിയ വിവരങ്ങൾ പങ്കുവയ്ക്കുന്ന രമേശ് ബാലയാണ് സത്യരാജ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്കിൽ പ്രധാന വേഷത്തിലെത്തുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. വാർത്ത സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ കോൺഗ്രസ് എം.പി കാർത്തി ചിദംബരം ഉൾപ്പെടെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സത്യരാജ് തന്നെ പ്രതികരിച്ചത്.
ഇതിനുമുൻപും നരേന്ദ്ര മോദിയുടെ ബയോപിക് പുറത്തിറങ്ങിയിട്ടുണ്ട്. 2019ൽ ഒമങ് കുമാർ സംവിധാനം ചെയ്ത്, ബോളിവുഡ് താരം വിവേക് ഒബ്രോയ് മോദി നായകനായി പുറത്തിറങ്ങി 'പി.എം നരേന്ദ്ര മോദി' എന്ന ചിത്രത്തിനു കാര്യമായ ഇളക്കമുണ്ടാക്കാനായിരുന്നില്ല. ഇതിനു പുറമെ ചലച്ചിത്ര താരങ്ങളാ മഹേഷ് താക്കൂർ, ലാൽജി ദിയോറിയ, രജിത് കപൂർ, കെ.കെ ശുക്ല എന്നിവരും ടെലിവിഷൻ സീരീസുകൾ ഉൾപ്പെടെയുള്ള വിവിധ പ്രോജക്ടുകളിൽ മോദിയുടെ വേഷത്തിലെത്തിയിട്ടുണ്ട്.
ഇപ്പോൾ ദക്ഷിണേന്ത്യയിൽ കൂടുതൽ സ്വാധീനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു തെന്നിന്ത്യൻ താരത്തെ വച്ച് മോദിയുടെ ബയോപിക് ചെയ്യാൻ നീക്കം നടക്കുന്നതെന്നാണു സൂചന.
Summary: I am not going to act in PM Modi's biopic, I am Periyarist: Says Sathyaraj
Adjust Story Font
16