'പൊലീസ് ആക്ഷന്‍ പ്രിവിലേജ് നോക്കി, കേരള ക്രൈം ഫയല്‍സ് പറയുന്നത് എറണാകുളത്തെ യഥാര്‍ത്ഥ കഥ'; ആഷിഖ് ഐമര്‍
'കേരള ക്രൈം ഫയല്‍സ്' എന്ന ആദ്യ വെബ് സീരീസ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയതിന് പിന്നാലെ തന്‍റെ സിനിമാ പ്രവേശനവും സിനിമയിലെ രാഷ്ട്രീയവും വിശദീകരിക്കുകയാണ് തിരക്കഥാകൃത്തായ ആഷിഖ് ഐമര്‍
ഹോട്ട്സ്റ്റാറിന്‍റെ മലയാളത്തിലെ ആദ്യത്തെ വെബ് സീരീസ് എന്ന അവകാശവാദവുമായാണ് കേരള ക്രൈം ഫയല്‍സ് ഇന്നലെ പുറത്തിറങ്ങിയത്. ജോജു ജോര്‍ജ് നായകനായ മധുരത്തിന് ശേഷം ആഷിഖ് ഐമര്‍ തിരക്കഥ എഴുതിയ സിനിമ യഥാര്‍ത്ഥ സംഭവകഥകളുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ വെബ് സീരീസ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയതിന് പിന്നാലെ തന്‍റെ സിനിമാ പ്രവേശനവും സിനിമയിലെ രാഷ്ട്രീയവും വിശദീകരിക്കുകയാണ് ആഷിഖ് ഐമര്‍.
'തിളക്കുന്ന ജീവിത വെളിച്ചെണ്ണയിൽ നൂലുപോലെ വട്ടത്തിൽ ചുറ്റിച്ചുറ്റി പ്രദക്ഷിണം വെച്ച് അറ്റം മുറിഞ്ഞ് വീഴുന്ന ജിലേബി പോലെ സ്നേഹ മധുരമെന്നാണ്' രഘുനാഥ് പലേരി 'മധുരം' കണ്ടതിന് ശേഷം എഴുതിയത്. എനിക്ക് കിട്ടിയ ഓസ്കര്‍ എന്നാണ് ആ കുറിപ്പ് ഷെയര്‍ ചെയ്ത് ആഷിഖ് കുറിച്ചത്. 'മധുരം' സംഭവിക്കുന്നത് എങ്ങനെയാണ്?
ജോജു ജോര്‍ജിനെ നായകനാക്കി അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന 'ഇന്‍ഷാ അല്ലാഹ്' എന്ന സിനിമയായിരുന്നു ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. അതായിരുന്നു സിനിമയിലേക്കുള്ള തുടക്കം. എഴുതിയ ആദ്യത്തെ തിരക്കഥ തന്നെ അതായിരുന്നു. കോവിഡ് ആരംഭിച്ചതോടെ അതിന്‍റെ ചിത്രീകരണം മുടങ്ങി. പിന്നീട് അടുത്തതെന്ത് എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് 'മധുരം' സംഭവിക്കുന്നത്. കോവിഡ് സമയത്ത് ചെയ്യാന്‍ പറ്റുന്ന സിനിമയേത് എന്ന ആലോചനയിലാണ് 'മധുരം' എഴുതുന്നത്. ബന്ധങ്ങളുടെ കഥ പറയാം, വൈകാരികമായി പറയാം, അത് ആശുപത്രിയിലെ ബൈ സ്റ്റാന്‍ഡേഴ്സിന്‍റെ പശ്ചാത്തലത്തില്‍ പറയാമെന്നൊക്കെ തീരുമാനിക്കുന്നത് അപ്പോഴാണ്. പിന്നീട് പത്ത് മുപ്പത് ദിവസം കൊണ്ടാണ് തിരക്കഥ എഴുതി സിനിമ പൂര്‍ത്തിയാക്കുന്നത്. അങ്ങനെ ചിത്രീകരിച്ച് ഇറങ്ങിയ സിനിമയാണത്. തിയറ്ററില്‍ പോയി കാണാമെന്ന നമ്മുടെ ചെറുപ്പത്തിലെ ആഗ്രഹമോ സിനിമ ഇറങ്ങും മുന്നേയുള്ള ടെന്‍ഷനും ഒക്കെ മുന്നേ ആലോചിച്ചിരുന്നു, എന്നാല്‍ ശരിക്കും ഇതൊന്നും സംഭവിച്ചില്ല. വലിയ പ്രതീക്ഷകളൊന്നുമില്ലാതെ ഇറങ്ങിയ ചെറിയ ചിത്രമായിരുന്നു 'മധുരം'. പക്ഷേ ആ ചിത്രത്തിന് കിട്ടിയ റെസ്പോണ്‍സ് കണ്ടപ്പോള്‍ കൊള്ളാമല്ലോയെന്ന് തോന്നി. രഘുനാഥ് പലേരി എഴുതിയത് കണ്ടപ്പോള്‍ ശരിക്കും ഓസ്കര്‍ മൊമന്‍റ് ആയിരുന്നു. അത്രയും എക്സൈറ്റഡ് ആയിരുന്നു. ആദ്യം ഞാനെന്‍റെ ഉമ്മയെയാണ് വിളിച്ചത്, രഘുനാഥ് പലേരിയെ എന്‍റെ ഉമ്മക്ക് അറിയില്ല, അദ്ദേഹം എഴുതിയ സിനിമകളെല്ലാം ഉമ്മ കണ്ടിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ആ സിനിമകളുടെ ആള് നല്ലത് പറഞ്ഞിട്ടുണ്ടെന്ന് ഉമ്മയോട് പറഞ്ഞു. വലിയ എക്സൈറ്റ്മെന്‍റിലാണ് അങ്ങനെ പറഞ്ഞത്.
സംവിധായകനാവാന്‍ കൊതിച്ചു തിരക്കഥാകൃത്തായ ആളാണ് ആഷിഖ് എന്ന് മുന്നേ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഓര്‍ക്കുന്നു. സിനിമാക്കാരനാവാന്‍ തീരുമാനിക്കുന്ന ഒരു മൊമന്‍റ് കാണില്ലേ? സിനിമാ മാത്രമാണ് മുന്നില്‍ എന്ന് തീരുമാനിക്കുന്നത് എപ്പോഴാണ്?
നാടകത്തില്‍ അഭിനയിക്കുന്നത് കൊണ്ടും എഴുതുന്നതും കൊണ്ടും തന്നെ ഹൈസ്കൂള്‍ കാലഘട്ടത്തില്‍ സിനിമയോട് വലിയ താല്‍പര്യമായിരുന്നു. സ്വയം എഴുതി ചെയ്യാന്‍ വേണ്ടി തുടങ്ങിയതായിരുന്നു നാടകങ്ങള്‍. കഥാകവിത മത്സരങ്ങളിലൊന്നും പങ്കെടുത്തിരുന്നില്ല, അതൊന്നും അറിയില്ലായിരുന്നു. പത്ര വായനയും ചരിത്ര പഠനവും ഇഷ്ടമായിരുന്നു. അന്ന് മുതലേ രാഷ്ട്രീയം നന്നായി ശ്രദ്ധിക്കുമായിരുന്നു. മാക്സിമം അത്രയുമാണ് എഴുതിയിരുന്നത്. അങ്ങനെയൊക്കെയിരിക്കുമ്പോഴാണ് സിനിമയൊക്കെ സംവിധാനം ചെയ്യണമെന്ന ആഗ്രഹം മനസ്സില്‍ ഉയരുന്നത്. അത് സിനിമയോടുള്ള ഇഷ്ടത്തില്‍ നിന്നാണ് വരുന്നത്. തിരക്കഥയെഴുതണമെന്ന ആഗ്രഹം മനസ്സില്‍ പോലുമില്ലായിരുന്നു. അങ്ങനെ പ്ലസ് ടു കഴിഞ്ഞ ഉടനെ ഷോര്‍ട്ട് ഫിലിമുകള്‍ എടുക്കാന്‍ തുടങ്ങി. പിന്നീട് 'അല്‍ മലപ്പുറം' എന്ന പ്രൊട്ടസ്റ്റ് വീഡിയോ ചെയ്തു, അത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു.ബീഫ് നിരോധനം വന്ന സമയത്ത് മലപ്പുറത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഷോര്‍ട്ട് ഫിലിം ആയിരുന്നു അത്.
ആദ്യം മുതലേ സിനിമ ചെയ്യണമെന്ന അതിയായ ആഗ്രഹം മനസ്സിലുണ്ട്, പക്ഷേ ഈ പറയും പോലെ സ്ക്രിപ്റ്റ് എഴുതാന്‍ അറിയില്ലായിരുന്നു. പിന്നീട് അത് പഠിക്കാനുള്ള ശ്രമമൊക്കെ നടത്തി. കുഞ്ഞിരാമായണത്തിന്‍റെ തിരക്കഥാകൃത്ത് ദീപു പ്രദീപുമായി സൗഹൃദമുണ്ടാവുകയും അവരുമായുള്ള പരസ്പര കഥ പറച്ചിലില്‍ സിനിമ പിറക്കുകയും ചെയ്തു. അങ്ങനെയാണ് ഇവിടെ എത്തുന്നത്. ആരുമല്ലാത്തതിനാല്‍ തന്നെ നമ്മളെ വിശ്വസിച്ച് ആരും സ്ക്രിപ്റ്റ് തരികയുമില്ല. ഡയറക്ഷനില്‍ ആരെയും അസിസ്റ്റ് ചെയ്തിട്ടുമുണ്ടായിരുന്നില്ല. അപ്പോള്‍ എനിക്ക് തോന്നി അസിസ്റ്റ് ചെയ്യുന്നതിനേക്കാള്‍ നല്ലത് സക്രിപ്റ്റ് എഴുതി ആ പ്രിവിലേജില്‍ സെറ്റില്‍ പോയി സിനിമ പഠിക്കാമല്ലോയെന്നാണ്. അങ്ങനെയാണ് സ്ക്രിപ്റ്റ് എഴുതാമെന്ന ചിന്തയില്‍ എത്തുന്നത്. പക്ഷേ ഇപ്പോള്‍ ഗൗരവമായി തന്നെ സിനിമയെയും തിരക്കഥാ രചനയെയും കാണുന്നു, സംവിധാനം പഠിക്കാനുള്ള ശ്രമം സമാന്തരമായി നടക്കുകയും ചെയ്യുന്നുണ്ട്.
സംവിധാനവും എഴുത്തും രണ്ട് തരത്തിലുള്ള പ്രൊസസുകളാണ്. എഴുത്തിലേക്ക് ആദ്യം കടക്കുമ്പോള്‍ നേരിട്ട അനുഭവങ്ങള്‍ എങ്ങനെയാണ്, പ്രത്യേകിച്ചും തിരക്കഥാ രചനയില്‍ മുന്‍ അനുഭവം ഇല്ലാത്ത പശ്ചാത്തലത്തില്‍. തിരക്കഥാ എഴുത്ത് വര്‍ക്കാവുമെന്ന് തോന്നിയ നിമിഷം കാണില്ലേ?
സ്ക്രീപ്റ്റ് റൈറ്റിങ് തുടങ്ങുന്ന സമയത്ത് ടെക്നിക്കല്‍ വശങ്ങളൊന്നും അറിഞ്ഞിരുന്നില്ല. ചെറുപ്പം മുതലേ സിനിമ കണ്ടിട്ടുള്ള അനുഭവങ്ങള്‍ മുന്നിലുണ്ടായിരുന്നു. നോവല്‍ വായിക്കുന്നതിനേക്കാളും ചെറുകഥ വായിക്കുന്നതിനേക്കാളും കൂടുതല്‍ സിനിമയായിരിക്കും കണ്ടിരിക്കുക. ത്രീ ആക്ട് സ്ട്രെക്ചര്‍ അറിയില്ലെങ്കിലും എഴുതുമ്പോള്‍ എഴുത്തില്‍ അത് വരുന്നുണ്ടായിരുന്നു. ഇത്രയും കാലം സിനിമ കണ്ട അനുഭവത്തില്‍, എഴുത്തില്‍ അത് അറിയാതെ വന്നുപോവുന്നുണ്ടായിരുന്നു. അങ്ങനെയാണ് എഴുതി തുടങ്ങുന്നത്. എഴുതി തുടങ്ങുമ്പോള്‍ ഒരിക്കലും നമ്മുടേത് നല്ലതാണെന്ന് തോന്നുന്നുണ്ടായിരുന്നില്ല. നേരത്തെ പറഞ്ഞ ദീപു പ്രദീപ്, അയല്‍വാസി കൂടിയായ സംവിധായകന്‍ സകരിയ, ഇവരൊക്കെ എഴുതിയതില്‍ സിനിമയുണ്ടെന്ന് പറയുമ്പോഴാണ് വലിയ പ്രചോദനമാകുന്നത്.
ചെറുപ്പത്തിലെ സിനിമാ കാഴ്ചകള്‍ സിനിമാ പ്രവേശനത്തില്‍ സ്വാധീനിച്ചതായി തോന്നുന്നുണ്ടോ. ആ അനുഭവങ്ങള്‍ പങ്കുവെക്കാമോ?
പണ്ടുമുതലേ സിനിമ വളരെ സീരിയസായി തന്നെ കാണാറുണ്ടായിരുന്നു. മലയാളം സിനിമകള്‍ക്ക് പുറമേ അന്ന് ഇറാനിയന്‍ സിനിമകളും കാണും. പെന്‍ഡ്രൈവ് കൊണ്ടുകൊടുക്കുമ്പോള്‍ സകരിയാക്ക ഒരുപാട് സിനിമകള്‍ കയറ്റിതരുമായിരുന്നു. അതൊക്കെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. കുറച്ചുകൂടി സിനിമ സീരിയസായി കാണാന്‍ ഇതൊക്കെ കാരണമായിട്ടുണ്ട്. കെ.ജി ജോര്‍ജിന്‍റെയും ഡെന്നീസ് ജോസഫിന്‍റെയും സിനിമകള്‍ സ്വാധീനിച്ചിട്ടുണ്ട്. പണ്ട് നമ്മള്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോള്‍ ടി.വി ഓണാക്കി സിനിമ കാണും. സിനിമ കണ്ടുകൊണ്ടാണ് ഭക്ഷണം കഴിക്കുക. ഇപ്പോഴത് മൊബൈലിലേക്ക് മാറിയാലും, മൊബൈല്‍ അച്ചാറിന്‍റെ ബോട്ടിലിന്‍റെ അടുത്ത് വെച്ച് കണ്ടുകൊണ്ടിരിക്കുമല്ലോ. 90സ് കിഡ്സിന് ആ ഒരു അനുഭവമുണ്ട്. സിനിമ വളരുന്നതിന് അനുസരിച്ച് അതിന് പിന്നാലെ തന്നെയുണ്ടായിരുന്നു. ആ സിനിമകളൊക്കെ പല രീതിയില്‍ സ്വാധീനിച്ചത് കൊണ്ടാണ് ഇപ്പോള്‍ എഴുതാന്‍ പറ്റുന്നതൊക്കെ, കാരണം വായനയേക്കാള്‍ കൂടുതല്‍ സിനിമയാണ് കണ്ടിട്ടുള്ളത്.
ആഷിഖ് ഐമറിന്‍റെ ഫ്ലേവറിലുള്ള സിനിമകള്‍ ഏതൊക്കെയാണ്?
എനിക്ക് എല്ലാ തരം സിനിമകളും ഇഷ്ടമാണ്. സി.ഐ.ഡി മൂസയും പഥേര്‍ പാഞ്ചാലിയും ഞാന്‍ കണ്ടിട്ടുണ്ട്. എനിക്ക് എല്ലാം കാണാനും എല്ലാ തരം സിനിമകള്‍ ചെയ്യാനും ഇഷ്ടമാണ്.
അഹമ്മദ് കബീറിന്‍റെ 'മധുരം' എന്ന സിനിമയിലാണ് ആഷിഖിനെ റൈറ്റര്‍ എന്ന ടൈറ്റിലിന് താഴെ കാണുന്നത്. രണ്ടാമത് അതെ പേരില്‍ കാണുന്നത് 'കേരള ക്രൈം ഫയല്‍സിലാണ്'. അഹമ്മദ് കബീറിലെത്തുന്നത് എങ്ങനെയാണ്?
'ഇന്‍ഷാ അല്ലാഹ്' സിനിമയുടെ സ്ക്രിപ്റ്റ് ആണ് ആദ്യം എഴുതുന്നത്. ഇത് ആദ്യം നരേറ്റ് ചെയ്യുന്നത് 'കുഞ്ഞിരാമായണം' എഴുതിയ ദീപു പ്രദീപിന്‍റെ അടുത്താണ്. അന്ന് ആ സിനിമ സംവിധാനം ചെയ്യാമെന്ന ആലോചനയിലാണ് തിരക്കഥ എഴുതുന്നത്. മലപ്പുറം പെരിന്തല്‍മണ്ണയിലുള്ള എം.ഇ.എസില്‍ കോളജ് ലെക്ചററായി ജോലി ചെയ്യുമ്പോഴാണ് ഈ തിരക്കഥ എഴുതുന്നത്. അഹമ്മദ് കബീര്‍ ദീപുവിന്‍റെ സുഹൃത്തായിരുന്നു. ഇവര് തമ്മിലുള്ള സംസാരത്തിലാണ് ദീപു പ്രദീപ് എന്‍റെ കഥ അഹമ്മദിനോട് പറയുന്നത്. അങ്ങനെയാണ് അഹമ്മദ് കബീര്‍ എന്നെ ബന്ധപ്പെടുന്നതും ഒരുമിച്ച് ആ സിനിമ ചെയ്താലോ എന്ന് ചോദിക്കുന്നതും. അങ്ങനെയാണ് സിനിമയില്‍ എത്തുന്നത്.
ആദ്യത്തെ സിനിമ കോവിഡ് സാഹചര്യത്തില്‍ നടന്നില്ല, അങ്ങനെയാണ് 'മധുരം' സംഭവിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരു ഹ്യൂമര്‍ പൊലീസ് സിനിമ ഒരുക്കുന്നതിന്‍റെ ഭാഗമായ റിസര്‍ച്ച് പരിപാടികള്‍ക്കിടയില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ വിജയ് ശങ്കര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്നാണ് 'കേരള ക്രൈം ഫയല്‍സിന്‍റെ' കഥ ലഭിക്കുന്നത്. അദ്ദേഹം പറഞ്ഞ ഒരു യഥാര്‍ത്ഥ സംഭവ കഥയാണ് 'കേരള ക്രൈം ഫയല്‍സിന്‍റെ' പശ്ചാത്തലം. കൊച്ചിയില്‍ നടന്ന ഒരു സെക്സ് വര്‍ക്കറുടെ കൊലപാതകമായിരുന്നു ആ സംഭവം. സെന്‍സേഷണല്‍ കേസ് അല്ലാതിരുന്നിട്ടും പൊലീസ് അത് അന്വേഷിച്ച രീതിയും പ്രതികളെ കണ്ടെത്തിയതുമാണ് അതിന്‍റെ കഥ. സെക്സ് വര്‍ക്കറുടെ കൊലപാതകം മറ്റാരുടെയും സ്വാധീനമില്ലാതിരുന്നിട്ടും അവര്‍ കഷ്ടപ്പെട്ട് അന്വേഷിക്കാന്‍ തയ്യാറായി എന്നതായിരുന്നു ഈ കഥയിലെ ഹൂക്ക്.
ആദ്യ സിനിമ 'മധുരം' റിലീസ് ആയി ലഭിച്ച ഓര്‍ത്തിരിക്കുന്ന റിവ്യൂകളും ഓര്‍ത്തിരിക്കുന്ന മനുഷ്യരും കാണില്ലേ?
മധുരം കണ്ടിട്ട് മമ്മൂക്ക അഹമ്മദ് കബീറിനെയും ടീമിനെയും വിളിച്ച് നേരില്‍ കാണുകയൊക്കെ ചെയ്തിരുന്നു. സിനിമ കണ്ടിട്ട് മമ്മൂട്ടി എഴുത്തുക്കാരനായ ഷറഫുവിന്‍റെയടുത്ത് ഇഷ്ടപ്പെട്ട കാര്യവും പങ്കുവെച്ചു. ഞാന്‍ ഒരു കടുത്ത മമ്മൂട്ടി ആരാധകനാണ്. അങ്ങനെ മമ്മൂട്ടി ഞാന്‍ എഴുതിയ സിനിമ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞത് വലിയ എനര്‍ജി നല്‍കിയ സംഭവമായിരുന്നു. മമ്മൂട്ടി സിനിമ കാണുകയെന്നത് തന്നെ എനര്‍ജി നല്‍കുന്ന കാര്യമാണല്ലോ.
മധുരത്തിന് ലഭിച്ച വിമര്‍ശനങ്ങള്‍ ശ്രദ്ധിച്ചിരുന്നോ? തിരക്കഥയിലെ പ്രശ്നങ്ങളായി എണ്ണി പറഞ്ഞ ഒന്നായിരുന്നല്ലോ നായകനായ സാബു ചിത്രയുടെ അപകടത്തെ കുറിച്ച് പറയുന്നത്. "അവൾ അടുക്കള ഭാഗത്ത് ഒന്നു തെന്നി വീണു. ഞാനവളെ നടത്തീട്ടാ കൊണ്ടു വന്നത്. ഇവിടെ സ്കാനിങ്ങിനും എല്ലാത്തിനും ഞങ്ങൾ നടന്നാ പോയേ', എന്ന് പറയുന്ന ഭാഗത്തിലെ അപകടം മെഡിക്കല്‍ രംഗത്തെ പലരും ചൂണ്ടിക്കാണിച്ചിരുന്നു. തിരക്കഥാ രചനാവേളയില്‍ ഇതിലെ പ്രശ്നം മനസ്സിലായിരുന്നോ. തിരക്കഥയില്‍ ഇതിനെ വിശദീകരിക്കുന്ന ഭാഗമുണ്ടായിരുന്നോ. സാബുവിന്റെ പ്രണയം മനോഹരമാണെങ്കിലും, സാബു ഭാര്യയോട് ചെയ്തത് അത്ര മനോഹരമല്ലായെന്ന് പലരും ചൂണ്ടിക്കാണിച്ചിരുന്നു...
സിനിമയിലെ ചിത്രയുടെ അപകടത്തെ പരാമര്‍ശിച്ചുള്ള മെഡിക്കല്‍ പോസ്റ്റ് ശ്രദ്ധിച്ചിരുന്നു. എന്നാലത് തെറ്റായി എനിക്ക് തോന്നിയിട്ടില്ല കാരണം സാബുവിന്‍റെ വൈകാരികതയിലാണ് സിനിമ വര്‍ക്ക് ആവുന്നത്. ഭാര്യയെ അതിയായി സ്നേഹിക്കുന്ന കാരക്ടറാണ് സാബു. എന്നാല്‍ മെഡിക്കല്‍ രംഗത്തെ ആളുകള്‍ പറഞ്ഞത് ടെക്നിക്കലി ശരിയായ കാഴ്ചപ്പാട് തന്നെയാണ്.
എന്നാല്‍ തിരക്കഥയില്‍ എനിക്ക് തെറ്റുപറ്റിയെന്ന് തോന്നിയ ഒരു കാര്യമുണ്ട്. അത് സിനിമയില്‍ ഡിവോഴ്സിനെ മോശമായി കാണിക്കുന്ന സംഭവമാണ്. അതില്‍ എനിക്ക് കുറച്ചുകൂടി ശ്രദ്ധിക്കാമായിരുന്നുവെന്ന് തോന്നി. ഡിവോഴ്സ് അത്ര പാപമുള്ള പ്രശ്നമല്ല, സിനിമ ചെയ്തുവന്നപ്പോള്‍ അവരുടെ ഇമോഷന്‍സിന് മാത്രം പിന്തുടര്‍ന്നുവന്നപ്പോള്‍ സംഭവിച്ചതാണത്. അത് ഇപ്പോള്‍ തിരുത്താമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്.
ഹോട്ട് സ്റ്റാറിന്‍റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് എന്ന അവകാശവാദവുമായാണ് 'കേരള ക്രൈം ഫയല്‍സ്' വരുന്നത്. കോവിഡിന് മുന്നേയുള്ള പ്രേക്ഷകരല്ല ഇപ്പോഴുള്ളത്.. കോവിഡ് കാലത്ത് ലോകത്തുള്ള എല്ലാ തരത്തിലുള്ള ക്രൈം സിനിമകളും കണ്ട പ്രേക്ഷകര്‍ക്ക് മുന്നിലേക്കാണ് ഈ സീരീസും വരുന്നത്. ട്രീറ്റ്മെന്‍റിലെ വ്യത്യാസം അടക്കം പ്രേക്ഷകരെ തൃപ്തിപ്പെടുത്തണം. എങ്ങനെ ഈ സീരീസ് വ്യത്യസ്തത പുലര്‍ത്തുക. പിടിച്ചിരുത്താന്‍ എന്തൊക്കെ തരം പൊടിക്കൈകളാണ് ചെയ്തത്?
കോവിഡ് സമയത്താണ് മലയാളികള്‍ക്കിടയില്‍ വെബ് സീരീസുകള്‍ ജനകീയമാകുന്നത്. അതിനു ശേഷം ഇന്ത്യന്‍ വെബ് സീരീസുകള്‍ വന്നു, ഫാമിലി മാന്‍, സാക്രഡ് ഗെയിംസ് ഒക്കെ നമ്മള്‍ കണ്ടതാണ്. മലയാളത്തില്‍ കരിക്ക് അടക്കമുള്ള പ്ലാറ്റ്ഫോമുകള് യൂട്യൂബ് കണ്ടന്‍റുകളും പുറത്തിറക്കിയിരുന്നു. കേരള ക്രൈം ഫയല്‍സ് ക്വാളിറ്റി വൈസ് ഒരു കോംപ്രമൈസിനും തയ്യാറായിട്ടില്ല. ട്രെയിലറും ടീസറും വന്നപ്പോള്‍ വെബ് സീരീസിന്‍റെ ക്വാളിറ്റിയെ ഒരുപാട് പേര്‍ പ്രശംസിച്ചിരുന്നു. എന്നാല്‍ ഈ സീരീസിനകത്ത് ഒരു ഔട്ട് ഓഫ് ദ ബോക്സ് കളിക്കാനൊന്നും നോക്കിയിട്ടില്ല. ആളുകള്‍ സീരീസ് കണ്ടുതുടങ്ങണമെന്ന ഉദ്ദേശ്യമുള്ളത് കൊണ്ടാണത്. അതുകൊണ്ടു തന്നെ ഇതിന്‍റെ വലുപ്പവും കുറച്ചിട്ടുണ്ട്. 25 മുതല്‍ 30 വരെ മിനുറ്റുള്ള ആറ് എപ്പിസോഡുകളാണ് സീരീസിലുള്ളത്. ഡാര്‍ക്ക് മോഡിലും വലിയ വയലന്‍സിലേക്ക് പോവാതെ മിതപ്പെടുത്തിയിട്ടുണ്ട്. പരമാവധി ഓഡിയന്‍സ് ഇതിലേക്ക് എത്തിയിട്ട് വരും കാല സീരീസുകളില്‍ പരീക്ഷണത്തിന് മുതിരാമെന്നായിരുന്നു ആലോചന.
സിനിമയും സിനിമയിലെ രാഷ്ട്രീയവും വലിയ രീതിയില്‍ സംസാരിക്കുന്ന സമയമാണ് മലയാളത്തിലിപ്പോള്‍. പൊലീസിന്‍റെ അമിതാധികാരം അല്ലെങ്കില്‍ അട്രോസിറ്റി ഒക്കെ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യുന്ന സമയമാണിപ്പോള്‍, മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ ജാക്സണ്‍ ബസാര്‍ പൊലീസ് അതിക്രമങ്ങളോടുള്ള പ്രതികരണമായും വായിച്ചെടുക്കാം. പൊലീസ് പശ്ചാത്തലത്തില്‍ ഒരു സിനിമ ഒരുക്കുമ്പോള്‍ ഇത്തരം വാര്‍ത്തകളും അനുഭവങ്ങളുമൊക്കെ മനസ്സില്‍ വന്നിരുന്നോ? സിനിമയുടെ സ്വഭാവം എങ്ങനെയാണ്?
പൊലീസിനെ വെള്ള പൂശാനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ല. പൊലീസിന്‍റെയും സ്റ്റേറ്റിന്‍റെയും ഭാഗത്തുനിന്നുള്ള പ്രശ്നങ്ങള്‍ നമുക്കറിയാം. എല്ലാവരുടെയും ഭാഗത്ത് പ്രശ്നങ്ങളുണ്ട്. എന്നാല്‍ കേരള പൊലീസ് കേസ് അന്വേഷിക്കുന്നതിലും കുറ്റകൃത്യം തെളിയിക്കുന്നതിലും മികവ് തെളിയിച്ച ആളുകള്‍ തന്നെയാണ്. എന്നാല്‍ ബ്യൂറോക്രസി ഇവിടെ ഒരു പ്രശ്നവുമുണ്ടാക്കാത്ത ആളുകളാണെന്ന തോന്നലൊന്നും എനിക്കില്ല. അവരുടെ ഭാഗത്തും പ്രശ്നങ്ങളുണ്ട്. ഈ സീരീസില്‍ കുറച്ചൂകൂടി പ്ലോട്ട് വൈസ് ആയാണ് പോകുന്നത്. എന്നാല്‍ ഗ്രേ ആക്കേണ്ടയിടങ്ങളില്‍ അതങ്ങനെ തന്നെ നല്‍കിയിട്ടുണ്ട്. പൊലീസിന് ഒരു പ്രശ്നം വന്നാല്‍ അവരുടെ പരിപാടിയൊക്കെ അതുപോലെ തന്നെ സീരീസില്‍ കാണിച്ചിട്ടുണ്ട്. കേസ് തെളിയിക്കാന്‍ പൊലീസിനുണ്ടാകുന്ന വിഷമങ്ങളും അവരുടെ പ്രശ്നങ്ങളും സീരീസ് ചര്‍ച്ച ചെയ്യുന്നുണ്ട്.
യഥാര്‍ത്ഥ സംഭവ പരമ്പരകളാണ് സിനിമക്ക് ആധാരമെന്നാണ് അറിഞ്ഞത്. അതിന് വേണ്ടി ഏതൊക്കെ തരത്തിലുള്ള റഫറന്‍സുകളെയാണ് ആശ്രയിച്ചത്?
സീരീസിന് ആധാരമായ യഥാര്‍ത്ഥ കേസ് ശരിക്കും പഠിച്ചിരുന്നു. അത് അന്വേഷിച്ച ഉദ്യോഗസ്ഥന്‍മാരെ പോയി കണ്ടിരുന്നു. സീരീസ് ആയതുകൊണ്ട് സസ്പെന്‍സും ത്രില്ലിങും അത്യാവശ്യമായതിനാല്‍ തന്നെ ബേസിക്ക് ത്രെഡില്‍ നിന്നും മാറി കുറച്ചധികം ഫിക്ഷനും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു സിനിമാറ്റിക്ക് എക്സ്പീരിയന്‍സിന് ശ്രമിച്ചിട്ടുണ്ട്.
ഇടതുപക്ഷ ആഭിമുഖ്യം പരസ്യമാക്കിയ ആളാണ് ആഷിഖ്, ഇടതുപക്ഷം തുടര്‍ച്ചയായി ഭരിക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിലെ പൊലീസ് സംവിധാനം പരക്കെ വിമര്‍ശന വിധേയമായിരിക്കുകയാണല്ലോ. കേരള ക്രൈം ഫയല്‍സ് കേരള പോലീസ് പശ്ചാത്തലത്തില്‍ എടുക്കുമ്പോള്‍ കേരള പോലീസിനെ കുറിച്ചൊരു അഭിപ്രായം കാണുമല്ലോ? അതെന്താണ്?
ഈ സീരീസ് നടക്കുന്നത് ശരിക്കും വി.എസ് സര്‍ക്കാരിന്‍റെ കാലത്താണ്. 2011ലാണ് കഥ നടക്കുന്നത്. എന്നാല്‍ കേരള പൊലീസിന് കുറിച്ചു ചോദിക്കുമ്പോള്‍ അതില്‍ ഒരു മോശമോ അല്ലെങ്കില്‍ നല്ലതോ ആയ അഭിപ്രായമില്ല. ചില പൊലീസുകാരുടെ പരിപാടികള്‍ നാട്ടുകാര്‍ക്കും നമുക്കും അത്ര നല്ലതായി തോന്നിയിട്ടില്ല. എന്നാല്‍ അതിനെ ജനറലൈസ് ചെയ്ത് കാണണമെന്നും തോന്നുന്നില്ല. കേരള പൊലീസ് ഒന്നാകെ മോശമാണെന്ന അഭിപ്രായം എനിക്കില്ല. ചില മോശം അനുഭവങ്ങള്‍ കാണുമ്പോള്‍ അതില്‍ എതിര്‍പ്പും തോന്നാറുണ്ട്. ഇക്കാര്യം ഇടതുപക്ഷത്ത് നിന്നും പറയാനുള്ള സ്വാതന്ത്രൃമുണ്ടെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ടാണല്ലോ ഇടതുപക്ഷത്ത് നില്‍ക്കുന്നത്.
അതെ സമയം പൊലീസിന്‍റെ ഹീറോയിസങ്ങള്‍ പലപ്പോഴും പ്രിവിലേജ് അടിസ്ഥാനത്തിലാണെന്ന് തോന്നിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ തൊപ്പി എന്നയാളോടും അയാള്‍ പ്രചരിപ്പിക്കുന്നതിനോടും വിയോജിപ്പുകളുണ്ടെങ്കിലും ആ വ്യക്തിയേക്കാള്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ ഷാജന്‍ സ്കറിയ, ഹിന്ദുത്വ നേതാവ് ശശികല എന്നിവരുടെയൊന്നും വാതിലും വീടും തല്ലിപൊളിച്ചതായി നമ്മള്‍ കേട്ടിട്ടില്ല. അവരെ കസ്റ്റഡിയിലെടുക്കാന്‍ നിയമത്തിലെ നൂറ് നൂലാമാലകള്‍ പറയും. പ്രിവിലേജ്ഡല്ലാത്തവനായത് കൊണ്ടാണ് തൊപ്പിക്കെതിരെ ഇത്ര പെട്ടെന്ന് പൊലീസ് നടപടി വന്നത്. അത്തരക്കാര്‍ക്ക് നേരെയുള്ള പൊലീസ് ആക്ഷനെ ഒരുതരത്തിലും അംഗീകരിക്കാന്‍ പറ്റില്ല. അത്തരം ഹീറോയിസമല്ല പൊലീസ് കാണിക്കേണ്ടത്. വീടും ജംഗമവസ്തുക്കളും തല്ലിപൊളിക്കാനല്ല പൊലീസ്, അതാരുടേതായാലും.
എഴുത്തുകാരന്‍റെ രാഷ്ട്രീയം സിനിമയില്‍ വരുമെന്നാണ് പറയാറ്. ഏത് സിനിമയ്ക്കും അതിന്‍റേതായ രാഷ്ട്രീയം കാണും. ആഷിഖ് ഒരു സിനിമ ചെയ്യുമ്പോള്‍ ഏത് തരത്തിലുള്ള രാഷ്ട്രീയമാകും പറയാന്‍ ശ്രമിക്കുക. ഇതിനെ കുറിച്ചൊക്കെ ആലോചിച്ചിട്ടുണ്ടോ?
എനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. പക്ഷേ രാഷ്ട്രീയം പറയാന്‍ സിനിമ ഉപയോഗിക്കണമെന്ന് ഞാന്‍ കരുതുന്നില്ല. കാരണം അത് പറയാന്‍ എനിക്ക് മറ്റു വേദികളുണ്ടല്ലോ. അത് പറയാനും മടിയില്ല. ചിലരൊക്കെ പേടിക്കുന്ന പോലെയുള്ള പേടിയും എനിക്കില്ല. സിനിമയെ സിനിമയായിട്ടാണ് ഞാന്‍ കാണുന്നത്. പൂര്‍ണമായും രാഷ്ട്രീയം വരിക ഒരുപക്ഷേ ഞാന്‍ സംവിധാനം ചെയ്യുമ്പോള്‍ ആയിരിക്കും. കാരണം ഇത് എന്തൊക്കെ പറഞ്ഞാലും സംവിധായകന്‍റെ കലയാണ്. സംവിധായകനാണ് ഇതിന്‍റെ ഫൈനല്‍ ഡിസിഷന്‍ എടുക്കുന്നത്. സ്ക്രിപ്റ്റില്‍ എത്രയൊക്കെ രാഷ്ട്രീയം എഴുതിയാലും അത് പൂര്‍ണമായും സിനിമയില്‍ വരാറില്ല. എന്‍റെ അനുഭവത്തിലൊന്നും അത് പുറത്തുവന്നിട്ടില്ല. എന്‍റെ രാഷ്ട്രീയം വരുന്നത് ഞാന്‍ സംവിധാനം ചെയ്യുമ്പോള്‍ ആയിരിക്കും. പൂര്‍ണമായും എന്‍റെ സിനിമയെന്നത് അത് ഞാന്‍ സംവിധാനം ചെയ്യുന്നതായിരിക്കും. രാഷ്ട്രീയം പറയാന്‍ സിനിമ ഉപയോഗിക്കണമെന്ന അഭിപ്രായവും എനിക്കില്ല.
സംവിധായകനേക്കാള്‍ ഒരു എഴുത്തുകാരനല്ലേ സിനിമയെ ഡ്രൈവ് ചെയ്യാന്‍ സാധിക്കുക?
കണ്ടന്‍റുകളൊക്കെ നമ്മളാണ് തീരുമാനിക്കുന്നതെങ്കിലും അത് വേണ്ടായെന്ന് തീരുമാനിക്കുന്നത് സംവിധായകനാണല്ലോ. അവസാന തീരുമാനം ഡയറക്ടര്‍ ആണ് എടുക്കുന്നത്. ഒരു സീനില്‍ ഒരു ഡയലോഗ് പറയുമ്പോള്‍ അത് വേണ്ടായെന്ന് തീരുമാനിക്കാന്‍ ഡയറക്ടര്‍ക്ക് കഴിയുമല്ലോ. എത്രത്തോളം നമ്മളുടെ പൊളിറ്റിക്സ് അവിടെയും ഇവിടെയും വന്നാലും അത് പൂര്‍ണ തോതില്‍ സിനിമയിലെത്തണമെങ്കില്‍ ഒരു റൈറ്റര്‍ ഡയറക്ടറായി തന്നെ വരണം.
സംവിധായകനാകാനാണ് മോഹം എന്ന് പറഞ്ഞിരുന്നല്ലോ.....അത് എന്ന് സംഭവിക്കും?
ഉറപ്പായിട്ടും. അതാണ് ആഗ്രഹം. അതിലേക്കുള്ള യാത്രയിലാണ്. അത് എപ്പോള്‍ സംഭവിക്കുമെന്ന് പറയാന്‍ അറിയില്ല. രണ്ട് മൂന്ന് സിനിമകള്‍ എഴുതി കുറച്ചുകൂടി പഠിച്ചിട്ട് വേണം അത് ചെയ്യാന്‍. നല്ല രീതിയില്‍ തന്നെ ഡയറക്ട് ചെയ്യണമെന്നുണ്ട്. അതിലേക്കുള്ള യാത്രയിലാണ്, അതിന് വേണ്ടി തന്നെയാണ് എഴുതികൊണ്ടിരിക്കുന്നതും.
'ഇന്‍ഷാ അല്ലാഹ്' പ്രൊജക്ടിന് എന്ത് സംഭവിച്ചു. ഇനി വരുന്ന പുതിയ പ്രൊജക്ടുകള്‍ എന്തൊക്കെയാണ്?
കുട്ടികളെയായിരുന്നു ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്തിരുന്നത്. അവരൊക്കെ ഇപ്പോള്‍ വലുതായി. ശരിക്കും പറഞ്ഞാല്‍ ഇനി ഒന്നില്‍ നിന്നും തുടങ്ങണം. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ അത് സംസാരിക്കേണ്ട വിഷയമാണോയെന്നും ആലോചിക്കണം. പ്രത്യേകിച്ചും ന്യൂനപക്ഷങ്ങളൊക്കെ ആക്രമിക്കപ്പെടുന്ന സമയത്ത് ഇത്തരം ഒരു വിഷയം സംസാരിക്കണമോയെന്നത് ഒരിക്കല്‍ കൂടി ചിന്തിക്കേണ്ട വിഷയമാണ്.
ഒരു വെബ് സീരീസും സിനിമയുമാണ് ഇനി പുറത്തിറങ്ങാനുള്ളത്. അത് പ്രഖ്യാപിക്കാനുള്ള സമയമായിട്ടില്ല.
Adjust Story Font
16