മതവികാരം വ്രണപ്പെടുത്തി; നടി കരീന കപൂറിനെതിരെ പൊലീസില്‍ പരാതി
നടിക്കും മറ്റു രണ്ടു പേർക്കുമെതിരെയാണ് ആൽഫ ഒമേഗ ക്രിസ്ത്യൻ മഹാസംഘ് പ്രസിഡന്‍റ് ആശിഷ് ഷിൻഡെയുടെ പരാതി
ബോളിവുഡ് നടി കരീന കപൂര്‍ എഴുതിയ 'പ്രെഗ്നൻസി ബൈബിൾ' എന്ന പുസ്തകത്തിനെതിരെ പൊലീസില്‍ പരാതി. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മഹാരാഷ്ട്രയിലെ ബീഡിസെ ക്രൈസ്തവ സംഘടനയാണ് ശിവാജി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയത്. നടിക്കും മറ്റു രണ്ടു പേർക്കുമെതിരെയാണ് ആൽഫ ഒമേഗ ക്രിസ്ത്യൻ മഹാസംഘ് പ്രസിഡന്‍റ് ആശിഷ് ഷിൻഡെയുടെ പരാതി.
തന്‍റെ ഗര്‍ഭകാല അനുഭവങ്ങള്‍ ഉള്‍പ്പെടുത്തി കരീന കപൂറും അദിതി ഷാ ഭീംജാനിയും ചേര്‍ന്നാണ് പുസ്തകം രചിച്ചത്. ജംഗ്ഗര്‍നട്ട് ബുക്സാണ് ബുക്ക് പ്രസിദ്ധീകരിച്ചത്. പുസ്തകത്തിന്‍റെ ടൈറ്റിലില്‍ ബൈബിള്‍ എന്ന് ഉപയോഗിച്ചതാണ് സംഘടനയെ ചൊടിപ്പിച്ചത്. ഇത് ക്രിസ്ത്യാനികളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ പരാതി ലഭിച്ചിട്ടുണ്ടെങ്കിലും എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവം നടന്നത് മുംബൈയിൽ ആയതിനാൽ അവിടെ പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ശിവാജി നഗർ പോലീസ് സ്റ്റേഷൻ ചുമതലയുള്ള ഇൻസ്പെക്ടർ സൈനാഥ് തോംബ്രെ പി.ടി.ഐയോട് പറഞ്ഞു. ജൂലൈ 9നാണ് പ്രഗ്നന്‍സി ബൈബിള്‍ പ്രസിദ്ധീകരിച്ചത്. തന്‍റെ മൂന്നാമത്തെ കുട്ടിയെന്നാണ് കരീന പുസ്തകത്തെ വിശേഷിപ്പിച്ചത്.
Adjust Story Font
16