Quantcast

മൂന്ന് ദിവസത്തില്‍ 'പൊന്നിയന്‍ സെല്‍വന്‍' സ്വന്തമാക്കിയത് 230 കോടി! ഗംഭീര സ്വീകരണം

ഈ വര്‍ഷം പുറത്തിറങ്ങിയതില്‍ മികച്ച ആദ്യദിന കലക്ഷന്‍ നേടുന്ന സിനിമകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് പൊന്നിയന്‍ സെല്‍വന്‍

MediaOne Logo

ijas

  • Updated:

    2022-10-03 14:08:05.0

Published:

3 Oct 2022 2:05 PM GMT

മൂന്ന് ദിവസത്തില്‍ പൊന്നിയന്‍ സെല്‍വന്‍ സ്വന്തമാക്കിയത് 230 കോടി! ഗംഭീര സ്വീകരണം
X

മണിരത്നം സംവിധാനം ചെയ്ത പൊന്നിയന്‍ സെല്‍വന്‍ തിയറ്ററുകളില്‍ ഗംഭീര അഭിപ്രായം നേടി മുന്നേറികൊണ്ടിരിക്കെ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കലക്ഷന്‍ പുറത്തുവന്നു. ആഗോള വ്യാപകമായി മൂന്ന് ദിവസത്തില്‍ ചിത്രം 230 കോടി രൂപയാണ് സ്വന്തമാക്കിയത്. തമിഴ്നാട്ടില്‍ മാത്രമായി ചിത്രത്തിന് അതിഗംഭീര സ്വീകരണമാണ് ലഭിച്ചത്. ആദ്യ ദിനം തമിഴ്നാട്ടില്‍ നിന്നുമാത്രം 25.86 കോടി ചിത്രം നേടി. ഈ വര്‍ഷം പുറത്തിറങ്ങിയതില്‍ മികച്ച ആദ്യദിന കലക്ഷന്‍ നേടുന്ന സിനിമകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് പൊന്നിയന്‍ സെല്‍വന്‍. അജിത് നായകനായ വലിമൈയും ബീസ്റ്റുമാണ് ഇതില്‍ ആദ്യരണ്ടു സ്ഥാനങ്ങളില്‍. യു.എസ്.എ, യു.കെ, ആസ്ട്രേലിയ, ന്യൂസിലാന്‍റ് എന്നീ രാജ്യങ്ങളിലും ചിത്രം ആദ്യ ദിവസം മുതല്‍ തന്നെ മികച്ച കലക്ഷന്‍ സ്വന്തമാക്കി. അമേരിക്കന്‍ ബോക്സ് ഓഫിസില്‍നിന്നു മാത്രം 15 കോടിയാണ് വരുമാനം. സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്ത പൊന്നിയന്‍ സെല്‍വന്‍ ഐ മാക്സ് ഫോര്‍മാറ്റിലാണ് പുറത്തിറക്കിയത്.

എഴുത്തുകാരനായ കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചോള സാമ്രാജ്യത്തിലെ ചരിത്ര സംഭവങ്ങളെയും കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഈ നോവൽ 1955-ലാണ് പുറത്തിറങ്ങിയത്. ഏകദേശം 3 വർഷവും 6 മാസവും കൊണ്ടാണ് കൽക്കി കൃഷ്ണമൂർത്തി ഈ നോവൽ പൂർത്തിയാക്കിയത്. രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ചിത്രം ലൈക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും ചേർന്നാണ് നിർമ്മിക്കുന്നത്.

പത്താം നൂറ്റാണ്ടിൽ ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും പോരാട്ടങ്ങളും ത്യാഗങ്ങളും നേട്ടങ്ങളുമാണ് പൊന്നിയൻ സെൽവൻ നോവൽ. അരുള്‍മൊഴി വര്‍മ്മന്റെയും ചോള രാജവംശത്തിന്റെയും കഥയാണ് ചിത്രത്തിന്‍റെ അടിസ്ഥാനം. അഞ്ച് ഭാഗങ്ങളിലായി ആണ് നോവൽ എഴുതപ്പെട്ടിരിക്കുന്നത്. വന്തിയതേവൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കാർത്തി അവതരിപ്പിക്കുന്നത്. ആദിത്യ കരികാലൻ എന്ന കഥാപാത്രമായി ആണ് വിക്രം എത്തുന്നത്. ചിത്രത്തിൽ പഴുവൂരിലെ രാജ്ഞി നന്ദിനിയായി ആണ് ഐശ്വര്യ റായ് എത്തുന്നത്. കുന്ദവൈ രാജകുമാരിയായാണ് തൃഷ ചിത്രത്തിലെത്തുന്നത്. ഒരു ചെറിയ ഇടവേളക്ക് ശേഷം ഐശ്വര്യ റായി ബച്ചൻ ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് പൊന്നിയന്‍ സെല്‍വന്‍. തൃഷ, ജയം രവി, പ്രഭു, ശരത് കുമാർ, കാർത്തി, വിക്രം, റഹ്മാൻ, ജയറാം, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷമി, ലാൽ എന്നീ താരങ്ങളും സിനിമയുടെ ഭാഗമാണ്. എ.ആർ.റഹ്മാനാണ് സംഗീത സംവിധായകൻ. രവി വര്‍മ്മന്‍റേതാണ് ഛായാഗ്രഹണം.

TAGS :

Next Story