പൂനം പാണ്ഡെ കേന്ദ്ര സര്‍ക്കാരിന്‍റെ സെര്‍വിക്കല്‍ ക്യാന്‍സര്‍ ബോധവത്ക്കരണ ക്യാമ്പയിന്‍ അംബാസിഡര്‍ അല്ല; വാര്‍ത്തകള്‍ നിഷേധിച്ച് അധികൃതര്‍
പൂനം ക്യാമ്പയിന്‍റെ മുഖമാകാന്‍ സാധ്യതയുണ്ടെന്നും മന്ത്രാലയ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിവരികയാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വിശദീകരണം
പൂനം പാണ്ഡെ
ഡല്‍ഹി: വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചതിന് വലിയ വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ് ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ. ഇതിനിടയിലാണ് കേന്ദ്രസര്‍ക്കാരിന്‍റെ സെർവിക്കൽ ക്യാൻസർ ബോധവത്കരണ കാമ്പയിന്‍റെ മുഖമായി നടി എത്തിയേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. സെർവിക്കൽ ക്യാൻസറിനെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനായുള്ള ദേശീയ കാമ്പയിന്‍റെ ബ്രാൻഡ് അംബാസഡറായാണ് പൂനം പാണ്ഡെ എത്തുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അധികൃതര്‍.
പൂനം ക്യാമ്പയിന്‍റെ മുഖമാകാന്‍ സാധ്യതയുണ്ടെന്നും മന്ത്രാലയ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിവരികയാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വിശദീകരണം. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് പൂനം പാണ്ഡെയുടെ മരണവാര്‍ത്ത ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍മീഡിയയിലും നിറഞ്ഞുനിന്നത് ചര്‍ച്ചയായിരുന്നു.ഈ വാർത്ത വ്യാജമാണെന്നും സെർവിക്കൽ ക്യാൻസറിനെക്കുറിച്ചുള്ള "നിർണ്ണായക അവബോധം" പ്രചരിപ്പിക്കുന്നതിനായി നടനും സംഘവും നടത്തിയ ഒരു സ്റ്റണ്ടായിരുന്നുവെന്നും പിന്നീട് തെളിഞ്ഞു.സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച് പൂനം പാണ്ഡെ മരിച്ചുവെന്ന് അവരുടെ തന്നെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌തിരുന്നു. പിന്നീട് സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം നല്‍കാനാണ് താന്‍ വ്യാജ മരണവാര്‍ത്ത സൃഷ്‌ടിച്ചതെന്ന് പൂനം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌ത വീഡിയോയിലൂടെ വെളിപ്പെടുത്തി. സംഭവം വലിയ വിവാദമാകുകയും ചെയ്‌തു. നിരവധി പേര്‍ നടിയെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തു.
അതേസമയം വിമര്‍ശനങ്ങള്‍ക്കു പിന്നാലെ വൈകാരികമായ കുറിപ്പുമായി നടി രംഗത്തെത്തിയിരുന്നു. 'എന്നെ കൊല്ലാം, ക്രൂശിക്കാം, വെറുക്കാം, പക്ഷേ നിങ്ങൾ ഇഷ്ടപ്പെടുന്ന ആരെയെങ്കിലും രക്ഷിക്കൂ' എന്നാണ് നടി കുറിച്ചത്. സെർവിക്കൽ കാൻസറിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഒരു കുറിപ്പും താരം പോസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത സെർവിക്കൽ കാൻസർ രോഗികളുടെ എണ്ണവും മരിച്ചവരുടെ കണക്കും കുറിപ്പിലുണ്ട്.
Adjust Story Font
16