പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: 'ചട്ടമ്പി' റിലീസ് സമയം മാറ്റി
ശ്രീനാഥ് ഭാസി നായകനായ 'ചട്ടമ്പി' സിനിമയുടെ റിലീസ് സമയത്തില്‍ മാറ്റം വരുത്തി
സംസ്ഥാനത്ത് പോപുലർ ഫ്രണ്ട് നാളെ ഹർത്താൽ പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തില്‍ ശ്രീനാഥ് ഭാസി നായകനായ 'ചട്ടമ്പി' സിനിമയുടെ റിലീസ് സമയത്തില്‍ മാറ്റം വരുത്തി. വൈകിട്ട് ആറുമണിക്ക് ശേഷമാകും ആദ്യ ഷോ നടക്കുകയെന്ന് പിന്നണി പ്രവര്‍ത്തകര്‍ അറിയിച്ചു.
ആർട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറിൽ ആസിഫ് യോഗി നിർമ്മിച്ച ചിത്രം 1990കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരു ചട്ടമ്പിയുടെ കഥയാണ് പറയുന്നത്. ചെമ്പൻ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്‍റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവർ അഭിനയിക്കുന്നു. ഡോൺ പാലത്തറയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ച അലക്‌സ് ജോസഫ് ആണ്.
സിറാജ്, സന്ദീപ്, ഷനിൽ, ജെസ്ന ആഷിം എന്നിവർ സഹ നിർമ്മാതാക്കൾ ആയ ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിറാജ് ആണ്. മാജിക് ഫ്രെയിംസ് ആണ് വിതരണം. സെബിൻ തോമസ് കലാ സംവിധാനവും ശേഖർ മേനോൻ സംഗീതവും നിർവഹിച്ചിരുന്നു. ജോയൽ കവിയാണ് എഡിറ്റർ. പ്രൊഡക്ഷൻ കണ്ട്രോളർ ജിനു, പി.ആർ.ഒ ആതിര. കണ്ടന്‍റ് ഫാക്ടറിയാണ് പി.ആർ സ്ട്രാറ്റജി ആൻഡ് മാർക്കറ്റിങ്.
സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവെച്ചു. മഹാത്മാ ഗാന്ധി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. കേരള സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.
കേരളം ഉൾപ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻ.ഐ.എ, ഇ.ഡി റെയ്ഡില്‍ പ്രതിഷേധിച്ചാണ് പോപുലര്‍ ഫ്രണ്ട് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. പോപുലര്‍ ഫ്രണ്ടിന്‍റെ ദേശീയ സംസ്ഥാന നേതാക്കളടക്കം 106 പേരെയാണ് അറസ്റ്റ് ചെയ്തത്. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Adjust Story Font
16