വർഗീയ സംഘർഷത്തിന് സാധ്യത; 'ഹമാരേ ബാരാ' യുടെ റിലീസ് തടഞ്ഞ് കർണാടക
അറിയിപ്പ് ലഭിക്കുന്നതുവരെ സിനിമ പ്രദർശിപ്പിക്കരുതെന്നാണ് നിർദേശം
'ഹമാരേ ബാരാ' സിനിമയുടെ റിലീസും സംപ്രേക്ഷണവും തടഞ്ഞ് കർണാടക സർക്കാർ. വർഗീയ സംഘർഷം തടയുക എന്ന ലക്ഷ്യത്തോടെ ഒരു അറിയിപ്പ് ലഭിക്കുന്നതു വരെ സിനിമ പ്രദർശിപ്പിക്കരുതെന്നാണ് നിർദേശം. കർണാടക സിനിമാ റെഗുലേഷൻസ് ആക്ട് 1964ന്റെ സെക്ഷൻ 15(1), 15(5) അനുസരിച്ചാണ് തീരുമാനം. സിനിമയുടെ റിലീസിനെ ചോദ്യം ചെയ്ത് മതസാമുദായിക പ്രവർത്തകർ നൽകിയ ഹരജിയെ തുടർന്നാണ് വിവാദങ്ങൾ ഉടലെടുത്തത്.
സിനിമയുടെ ട്രെയിലറിലും വർഗീയ സംഘർഷത്തിന് വഴിവെക്കുന്ന രംഗങ്ങൾ ഉണ്ടായിരുന്നുവെന്നും ഈ കാര്യമുന്നയിച്ച് നിരവധി ന്യൂനപക്ഷ സംഘടനകളുടെയും പ്രതിനിധി സംഘങ്ങളുടെയും അഭ്യർത്ഥനകൾക്കുടി പരിഗണിച്ചാണ് നടപടിയെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ ചിത്രം ജൂൺ 7 ന് രാജ്യത്തെ ബാക്കി സംസ്ഥാനങ്ങളിൽ റിലീസ് ചെയ്യും.
അമിത ജനസംഖ്യയുടെ പ്രമേയം ചർച്ചചെയ്യുന്ന സിനിമയിൽ അന്നു കപൂർ, മനോജ് ജോഷി, പരിതോഷ് ത്രിപാഠി എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവരിപ്പിക്കുന്നുണ്ട്. സ്റ്റേ ഏർപ്പെടുത്തിയത് സിനിമയുടെ നിർമ്മാതാക്കൾക്കിടയിൽ കടുത്ത ആശങ്കയ്ക്ക് വഴിവെച്ചിരുന്നു. ബിരേന്ദർ ഭഗത്, രവി എസ് ഗുപ്ത, സഞ്ജയ് നാഗ്പാൽ, ഷിയോ ബാലക് സിംഗ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കമൽ ചന്ദ്രയാണ്.
സിനിമയെക്കുറിച്ചും തനിക്ക് ലഭിച്ച ഭീഷണികളെക്കുറിച്ചും അന്നു കപൂർ ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മുൻകരുതൽ എന്ന നിലയിൽ, ഞങ്ങൾക്ക് പൊലീസിനെയും കോടതിയെയും അറിയിക്കേണ്ടിവന്നു, ''അദ്ദേഹം പറഞ്ഞു.
Adjust Story Font
16