Quantcast

അസാധാരണമായ അനുഭവം, രണ്ടു തവണ കണ്ടു; കാന്താരയെ പ്രശംസിച്ച് പ്രഭാസ്

കുറഞ്ഞ സ്ക്രീനുകളില്‍ കര്‍ണാടകയില്‍ മാത്രം റിലീസ് ചെയ്ത ചിത്രം ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ റിലീസിന് ഒരുങ്ങുകയാണ്

MediaOne Logo

Web Desk

  • Published:

    15 Oct 2022 7:15 AM

അസാധാരണമായ അനുഭവം, രണ്ടു തവണ കണ്ടു; കാന്താരയെ പ്രശംസിച്ച് പ്രഭാസ്
X

ഹൈദരാബാദ്: കെ.ജി.എഫിനു ശേഷം മറ്റൊരു കന്നഡ ചിത്രം കൂടി ലോകശ്രദ്ധയാകര്‍ഷിക്കുകയാണ്. റിഷഭ് ഷെട്ടി സംവിധാനം ചെയ്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കാന്താരയാണ് മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുന്നത്. കുറഞ്ഞ സ്ക്രീനുകളില്‍ കര്‍ണാടകയില്‍ മാത്രം റിലീസ് ചെയ്ത ചിത്രം ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ റിലീസിന് ഒരുങ്ങുകയാണ്. മലയാളം,ഹിന്ദി,തെലുങ്ക് ഭാഷകളിലാണ് ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുക. ഇപ്പോള്‍ കാന്താരയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പ്രശസ്ത തെലുങ്ക് നടന്‍ പ്രഭാസ്.

"കാന്താര രണ്ടാം തവണയും കണ്ടു, എന്തൊരു അസാധാരണമായ അനുഭവമാണ്. മികച്ച പ്രമേയവും, ത്രില്ലിംഗ് അനുഭവവും തിയറ്ററില്‍ തന്നെ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രം"- പ്രഭാസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കാന്താരയുടെ തെലുങ്ക് പതിപ്പ് ഇന്ന് പ്രദര്‍ശനത്തിനെത്തും. ഗീത ആര്‍ട്സ് മേധാവി അല്ലു അരവിന്ദാണ് തെലുങ്ക് പതിപ്പിന്‍റെ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം ചിത്രത്തിന്‍റെ മലയാളം പതിപ്പ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. ഒക്ടോബര്‍ 20ന് ചിത്രം തിയറ്ററുകളിലെത്തും.

19-ാം നൂറ്റാണ്ടില്‍ കാന്തപുരയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് നിര്‍മാണം. സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

TAGS :

Next Story