രാഷ്ട്രീയം എന്‍റെ കരിയറിനെ ബാധിക്കുന്നുണ്ട്, ചിലര്‍ എനിക്കൊപ്പം പ്രവര്‍ത്തിക്കുന്നില്ല; പ്രകാശ് രാജ്
രാഷ്ട്രീയത്തിന്‍റെ പേരില്‍ സിനിമാമേഖലയിലെ ഒരു വിഭാഗം തന്നെ നിശബ്ദമായി ബഹിഷ്ക്കരിക്കുകയാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പ്രകാശ് രാജ് പറഞ്ഞു
ചെന്നൈ: മികച്ചൊരു നടന്‍ മാത്രമല്ല സാമൂഹിക,രാഷ്ട്രീയ വിഷയങ്ങളില്‍ കൃത്യമായ അഭിപ്രായം പറയുന്ന വ്യക്തി കൂടിയാണ് പ്രകാശ് രാജ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്താറുമുണ്ട്. ഇപ്പോഴിതാ തന്‍റെ രാഷ്ട്രീയം സിനിമാജീവിതത്തെ ബാധിക്കുന്നുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍. രാഷ്ട്രീയത്തിന്‍റെ പേരില്‍ സിനിമാമേഖലയിലെ ഒരു വിഭാഗം തന്നെ നിശബ്ദമായി ബഹിഷ്ക്കരിക്കുകയാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പ്രകാശ് രാജ് പറഞ്ഞു.
''രാഷ്ട്രീയം എന്‍റെ സിനിമാജീവിതത്തെ ബാധിക്കുന്നുണ്ട്. ഇന്ന് ചില ആളുകള്‍ എനിക്കൊപ്പം പ്രവര്‍ത്തിക്കുന്നില്ല. അവരോട് ആരും പറഞ്ഞിട്ടല്ല. അവര്‍ അംഗീകരിക്കപ്പെട്ടില്ലെങ്കിലോ എന്ന് ആശങ്കപ്പെടുന്നതിനാലാണ് അത്. അതെല്ലാം നഷ്ടപ്പെടാനും മാത്രം ശക്തനും സമ്പന്നനുമാണ് ഞാന്‍. എന്‍റെ ഭയമായിരിക്കും മറ്റുള്ളവരുടെ കരുത്ത് എന്നാണ് ഞാന്‍ കരുതുന്നത്'' പ്രകാശ് പറയുന്നു. പല നടന്മാരും സാമൂഹികവും രാഷ്ട്രീയവുമായ കാര്യങ്ങളിൽ തന്നെപ്പോലെ വാചാലരാകാത്തത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലാക്കാൻ കഴിയുമെന്നും താരം വ്യക്തമാക്കി. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി തനിക്ക് അത് 'താങ്ങാൻ' കഴിയുമെന്നതിനാൽ തന്‍റെ വിയോജിപ്പ് തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇത്തരം നഷ്ടങ്ങളില്‍ താന്‍ ഖേദിക്കുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഇപ്പോള്‍ എനിക്ക് അറിയാം ആരെല്ലാം ആരൊക്കെയാണെന്ന്. ഞാന്‍ കൂടുതല്‍ സ്വതന്ത്ര്യനായതുപോലെയാണ്. ഞാന്‍ ശബ്ദം ഉയര്‍ത്തിയില്ല എങ്കില്‍ ഞാന്‍ മരിക്കുമ്പോള്‍ അറിയപ്പെടുക മികച്ച നടന്‍ എന്ന നിലയിലായിരിക്കും. എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള ഞാന്‍ ആരാണെന്ന നിലയിലായിരിക്കില്ല. പക്ഷേ അത് ചെയ്യുന്നത് പലതിനെയും ബാധിക്കും. അത് ഞാന്‍ അംഗീകരിക്കുന്നു.- പ്രകാശ് രാജ് പറഞ്ഞു.
രാഷ്ട്രീയ തിരിച്ചടി ഭയന്ന് ബോളിവുഡിലെ സിനിമാ പ്രവർത്തകർ തന്നോടൊപ്പം പ്രവർത്തിക്കാൻ ഭയപ്പെടുന്നതായി പ്രകാശ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ദക്ഷിണേന്ത്യയില്‍ അത്തരമൊരു സാഹചര്യം നേരിടേണ്ടി വരില്ലെന്നും അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16