വാട്ടെവര്‍ യു സേ, സ്റ്റില്‍ ഐ ലവ് യൂ; അധ്യാപികയെ പ്രണയിച്ച ചാമരത്തിലെ വിനോദ്
ബാലകൃഷ്ണന്‍ മങ്ങാടിന്‍റെ കഥക്ക് ജോണ്‍ പോള്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ച ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രങ്ങളുടെ പട്ടികയില്‍ എപ്പോഴുമുണ്ടാകും
കൊച്ചി: എണ്‍പതുകളിലെ ക്യാമ്പസ് അതേപടി വരച്ചിട്ട ചിത്രമായിരുന്നു ഭരതന്‍ സംവിധാനം ചെയ്ത ചാമരം. ബാലകൃഷ്ണന്‍ മങ്ങാടിന്‍റെ കഥക്ക് ജോണ്‍ പോള്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ച ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രങ്ങളുടെ പട്ടികയില്‍ എപ്പോഴുമുണ്ടാകും. ഒരു വിദ്യാര്‍ഥിയും അധ്യാപികയും തമ്മിലുള്ള പ്രണയകഥയായിരുന്നു ചിത്രത്തിന്‍റെ ഇതിവൃത്തം. വിനോദ് എന്ന വിദ്യാര്‍ഥിയായി പ്രതാപ് പോത്തനെത്തിയപ്പോള്‍ സെറീന വഹാബായിരുന്നു അധ്യാപികയായ ഇന്ദു ടീച്ചറായി എത്തിയത്.
ഇന്ദു നാട്ടിലെ മുറച്ചെറുക്കനുമായി പ്രണയത്തിലാണ് എന്നറിഞ്ഞ വിനോദ് നിരാശനാകുന്നു. എന്നാൽ മുറച്ചെറുക്കൻ മറ്റൊരു വിവാഹം കഴിക്കുന്നു. ഇന്ദു നിരാശയാവുകയും ഒടുവിൽ വിനോദിന്‍റെയടുത്ത് ചെല്ലുന്നു. പിന്നീട് വിനോദ് അപകടത്തിൽ മരിക്കുന്നു...അന്നത്തെ കോളേജ് വിദ്യാര്‍ഥികള്‍ ആഘോഷമാക്കിയ ചിത്രം കൂടിയായിരുന്നു ചാമരം. അല്‍പം കുറുമ്പും പിന്നീട് പ്രണയം കൊണ്ടു നിറഞ്ഞ കാമുകനുമായി പ്രതാപ് പോത്തന്‍ സിനിമയില്‍ നിറഞ്ഞു. അന്നത്തെ നായകസങ്കല്‍പങ്ങളെയെല്ലാം മറിച്ചിടുന്നതായിരുന്നു പ്രതാപിന്‍റെ രൂപവും ഭാവങ്ങളുമെല്ലാം. ടീച്ചര്‍ കല്യാണം കഴിച്ചതാണോ എന്നു ചോദിക്കുന്ന വിനോദിനെ കണ്ട് അന്നത്തെ കോളേജ് വിദ്യാര്‍ഥികള്‍ അമ്പരന്നു. അധ്യാപികയുടെ കല്യാണം ഉറപ്പിച്ചതാണെന്ന് അറിഞ്ഞപ്പോഴും സ്റ്റിൽ ഐ ലവ് യൂ എന്ന് പറയുന്ന പ്രതാപ് പോത്തൻ കാമ്പസുകളുടെ ഹീറോയായി.
അധ്യാപികയെ വിദ്യാര്‍ഥി പ്രണയിക്കുന്നത് അന്നത്തെ കാലത്ത് വലിയ ചര്‍ച്ചയായിരുന്നെങ്കിലും ഭരതന്‍ മാജികില്‍ ആ വിമര്‍ശനങ്ങളെല്ലാം ഇല്ലാതെയായി. പരാജയപ്പെടുമെന്ന് പ്രവചിച്ച ചിത്രം ബോക്സോഫീസില്‍ വലിയ വിജയം കൊയ്യുകയും ചെയ്തു. മലയാളത്തില്‍ അതിനു മുന്‍പും ശേഷവും ക്യാമ്പസ് പ്രമേയമായ ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സത്യസന്ധമായ ആവിഷ്കാരം കൊണ്ട് ചാമരത്തിന്‍റെ സ്ഥാനം എപ്പോഴും ഒരുപടി മുന്നിലാണ്.
2015ല്‍ പ്രേമം പുറത്തിറങ്ങിയപ്പോള്‍ വിദ്യാര്‍ഥിയായ ജോര്‍ജ് അധ്യാപികയായ മലരിനെ പ്രണയിക്കുന്നതു കണ്ടു നെറ്റിചുളിച്ച ചിലരുടെ മുന്നിലേക്കാണ് വര്‍ഷങ്ങള്‍ക്കു മുന്‍പേ ഭരതന്‍ അധ്യാപിക-വിദ്യാര്‍ഥി പ്രണയം വരച്ചിട്ടത്. ജോണ്‍ പോളിന്‍റെ തിരക്കഥയും സംഭാഷണവുമായിരുന്നു ചിത്രത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്. നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ എന്ന പാട്ടും ചാമരത്തെക്കുറിച്ച് പറയുമ്പോള്‍ ഓര്‍ക്കാതിരിക്കാന്‍ വയ്യ.
Adjust Story Font
16