Quantcast

എന്‍റെ തകരെ..എന്നാണ് എന്നെ വിളിച്ചിരുന്നത്, ഞാന്‍ ചെല്ലപ്പാനാശാരി എന്നും; നെടുമുടി വേണു മരിച്ചപ്പോള്‍ പ്രതാപ് പോത്തന്‍ പറഞ്ഞു

വേണുവിന്‍റെ അപ്രതീക്ഷിത വിയോഗം പ്രതാപ് പോത്തനെ വേദനിപ്പിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    15 July 2022 5:45 AM GMT

എന്‍റെ തകരെ..എന്നാണ് എന്നെ വിളിച്ചിരുന്നത്, ഞാന്‍ ചെല്ലപ്പാനാശാരി എന്നും; നെടുമുടി വേണു മരിച്ചപ്പോള്‍ പ്രതാപ് പോത്തന്‍ പറഞ്ഞു
X

നെടുമുടി വേണുവിന്‍റെയും പ്രതാപ് പോത്തന്‍റെയും സിനിമാജീവിതത്തിലെ വഴിത്തിരിവായിരുന്ന ചിത്രമായിരുന്നു 1979ല്‍ പുറത്തിറങ്ങിയ തകര. പത്മരാജന്‍റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഇരുവരും മത്സരിച്ച് അഭിനയിക്കുകയായിരുന്നു. മാനസിക വളര്‍ച്ചയില്ലാത്ത തകര എന്ന അനാഥനെ പ്രതാപ് പോത്തന്‍ അവതരിപ്പിച്ചപ്പോള്‍ ചെല്ലപ്പാനാശാരിയുടെ വേഷത്തിലെത്തിയത് വേണുവായിരുന്നു. ഇന്ന് ചെല്ലപ്പാനാശാരിയില്ല...ഇപ്പോള്‍ തകരയും വേഷങ്ങള്‍ അഴിച്ചുവച്ച് യാത്രയായി...

വേണുവിന്‍റെ അപ്രതീക്ഷിത വിയോഗം പ്രതാപ് പോത്തനെ വേദനിപ്പിച്ചിരുന്നു. ''എനിക്ക് വളരെയധികം അടുപ്പമുള്ള സുഹൃത്താണ് വേണു. കരിയര്‍ തുടങ്ങിയത് തന്നെ ഒരുമിച്ചാണ്. എന്നെ വേണു കാണുമ്ബോള്‍ വിളിക്കുന്നത് തന്നെ എന്റെ തകരേ എന്നാണ്. ഞാന്‍ ചെല്ലപ്പനാശാരി എന്നും. ചെല്ലപ്പനാശാരി പോയതിന്‍റെ സങ്കടം എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. സകലകലാവല്ലഭന്‍ എന്ന് നിസംശയം വിളിക്കാവുന്ന കലാകാരന്‍. കലകളെ കുറിച്ച്‌ വളരെ അറിവുള്ളയാള്‍. ഇന്ത്യലെ തന്നെ മികച്ച നടന്മാരില്‍ ഒരാള്‍. നെടുമുടിയെപ്പോലെ ആത്മാര്‍ഥമായ കഠിനാധ്വാനിയായ ഒരു നടന്‍ അപൂര്‍വമായിരിക്കും. അങ്ങനെയൊരാളാണ് പോയത്. നമ്മളെല്ലാവരും പോകാനായി വരി നില്‍ക്കുകയാണ്. അത് സത്യമാണ്. അംഗീകരിച്ചേ മതിയാകൂ.

തകരയുടെ ഷൂട്ടിങ് സമയത്ത് ഒരേ മുറിയിലാണ് ഞങ്ങള്‍ താമസിച്ചത്. ഒരുമിച്ചുള്ള ആദ്യത്തെ സിനിമ ആരവമായിരുന്നു. തകരയില്‍ വളരെ രസമുള്ള അനുഭവങ്ങളാണ് ഉണ്ടായത്. ഞങ്ങളാരും വലിയ നടന്മാരായിട്ടില്ല അന്ന്. ക്യാമറ ഓണാകുമ്പോള്‍ മാത്രമാണ് അഭിനയിക്കാനെത്തിയതാണെന്ന് തോന്നുന്നത്. വേണു ശരിക്കും ആശാരി ആയിരുന്നോ എന്ന് അന്ന് പലരും ചോദിക്കുമായിരുന്നു.

തകരയില്‍ ശരിക്കും ഞങ്ങള്‍ ആസ്വദിച്ചാണ് അഭിനയിച്ചത്. ഞാന്‍ സംവിധാനം ചെയ്ത മൂന്ന് മലയാള സിനിമകളിലും വേണു ഉണ്ടായിരുന്നു. അത്രയ്ക്ക് അടുത്ത സുഹൃത്തായിരുന്നു. സിനിമയില്‍ എനിക്ക് അത്രമാത്രം സുഹൃത്തുക്കളൊന്നുമില്ല. അവസാനമായി കണ്ടിട്ട് ഒന്നര വര്‍ഷമായിക്കാണും. എനിക്ക് വേണുവിന്‍റെ വിയോഗം സഹിക്കാവുന്നതിനും അപ്പുറമാണ്. മറ്റൊരു ലോകത്തിരുന്ന് അവിടെയുള്ളവരെ അദ്ദേഹം രസിപ്പിക്കുമായിരിക്കും'' പ്രതാപ് പോത്തന്‍ അന്നു കുറിച്ചു.

TAGS :

Next Story