പ്രേമലു തിയറ്ററുകളിൽ തന്നെ; വിഷു റിലീസായി ഒടിടിയിൽ?
സിനിമയുടെ തെലുങ്ക് പതിപ്പും മാർച്ച് എട്ടിന് പ്രദർശനത്തിനു തയ്യാറെടുക്കുകയാണ്
സൂപ്പർഹിറ്റായി തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ഗിരീഷ് എ ഡിയുടെ 'പ്രേമലു' സിനിമയുടെ ഒടിടി അവകാശം വിറ്റുപോയെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് സ്ഥിരീകരിച്ച് നിർമാതാക്കൾ. നിലവിൽ ഒരു ഒടിടി പ്ലാറ്റ്‌ഫോമുമായും ഡീൽ സംസാരിച്ചിട്ടില്ലെന്നും തിയറ്ററുകളിലെ പ്രദർശനം പൂർത്തിയായതിനു ശേഷമെ അത്തരം ധാരണകളിലേക്ക് കടക്കൂ എന്നും നിർമാതാക്കളായ ഭാവന സ്റ്റുഡിയോസ് അറിയിച്ചു.
സിനിമയുടെ തെലുങ്ക് പതിപ്പും മാർച്ച് എട്ടിന് പ്രദർശനത്തിനു തയ്യാറെടുക്കുകയാണ്. എസ്.എസ്. രാജമൗലിയുടെ മകൻ കാർത്തികേയയുടെ വിതരണ കമ്പനിയായ 'Showing Business' ആണ് തെലുങ്കിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത്. തെലുങ്ക് പതിപ്പിന്റെ ഒടിടി വിതരണാവകാശവും അദ്ദേഹം തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്. തമിഴ് നാട്ടിലും ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. ആഗോള കലക്ഷനായി 70 കോടി നേടിയ ചിത്രം 100 കോടി ക്ലബ്ബിലേക്കു കുതിക്കുകയാണ്. വിഷു റിലീസായാകും ഒടിടി റിലീസ് അണിയറ പ്രവർത്തകർ പദ്ധതിയിടുന്നത്.
നസ്‍ലന്‍, മമിത എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രേമലു ഒരു മുഴുനീള റൊമാന്‍റിക് കോമഡി എന്റർടൈനർ ആയാണ് ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌ക്കരൻ എന്നിവർ ചേർന്നാണ് 'പ്രേമലു' നിർമിച്ചിരിക്കുന്നത്. ഹൈദരാബാദിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരും അണിനിരക്കുന്നു. ഗിരീഷ് എഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്‌സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ്, വിഎഫ്എക്‌സ്: എഗ് വൈറ്റ് വിഎഫ്എക്‌സ്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആർഒ: ആതിര ദിൽജിത്ത്.
Adjust Story Font
16