'ഐ ഡോണ്ട് ലൈക്ക് നൈറ്റ് ഷൂട്ട്, ഐ അവോയ്ഡ്'; സഹാറ മരുഭൂമിയില്‍ നിന്നും കെ.ജി.എഫ് സ്റ്റൈലില്‍ പൃഥ്വിരാജ്
സഹാറ മരുഭൂമിയിലെ കൊടും തണുപ്പിലാണ് 'ആടുജീവിതം' ചിത്രീകരിക്കുന്നത്. രാത്രികളിലാണ് ചിത്രീകരണം നടക്കുന്നത്
അള്‍ജീരിയ: 'ആടുജീവിത'-ത്തിന്‍റെ ചിത്രീകരണത്തിനിടെ കെ.ജി.എഫ് സ്റ്റൈല്‍ ഡയലോഗുമായി സഹാറ മരുഭൂമിയില്‍ നിന്നും നടന്‍ പൃഥ്വിരാജ്. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് പൃഥ്വിരാജ് കെ.ജി.എഫിലെ റോക്കി ഭായ്‍യുടെ പഞ്ച് ഡയലോഗ് മാറ്റങ്ങളോടെ കടമെടുത്തത്.
'നൈറ്റ് ഷൂട്ട്, നൈറ്റ് ഷൂട്ട്, നൈറ്റ് ഷൂട്ട്. ഐ ഡോണ്ട് ലൈക്ക് നൈറ്റ് ഷൂട്ട്. ഐ അവോയ്ഡ്. ബട്ട് മിസ്റ്റര്‍ ബ്ലെസി ലൈക്ക്സ് നൈറ്റ് ഷൂട്ട്. സോ ഐ കാന്‍ട് അവോയ്ഡ്'- എന്നാണ് പൃഥ്വിരാജ് സഹാറ മരുഭൂമിയുടെ രാത്രി ദൃശ്യത്തോടെ പങ്കുവെച്ചത്. ചിത്രത്തിന് താഴെ നിരവധി പേരാണ് പൃഥ്വിരാജിന്‍റെ 'സിംപിള്‍' ഇംഗ്ലീഷ് പരാമര്‍ശിച്ചും താരത്തിന്‍റെ ആത്മാര്‍ത്ഥതയെയും സമര്‍പ്പണത്തെയും പ്രശംസിച്ചും രംഗത്തുവന്നത്. സഹാറ മരുഭൂമിയിലെ കൊടും തണുപ്പിലാണ് 'ആടുജീവിതം' ചിത്രീകരിക്കുന്നത്. രാത്രികളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.
മാര്‍ച്ച് 31നാണ് പൃഥ്വിരാജ് അള്‍ജീരിയയിലേക്കു പോയത്. അടുത്ത നാല്‍പ്പത് ദിവസത്തോളം സഹാറ മരുഭൂമിയില്‍ ആടുജീവിതത്തിന്‍റെ ചിത്രീകരണം നടക്കും. അതിനു ശേഷം 35 ദിവസത്തോളം ജോര്‍ദാനിലെ വാദി റാമ്മിലും ചിത്രീകരണം നടക്കും. ജൂണിലാകും 'ആടുജീവിതം' പൂര്‍ത്തിയാക്കി പൃഥ്വിരാജ് കേരളത്തിലേക്ക് മടങ്ങി വരിക.
ബ്ലെസി സംവിധാനം ചെയ്യുന്ന 'ആടുജീവിതം' ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. സിനിമക്കായി ശരീരഭാരം കുറച്ചതിന്‍റെ കഷ്ടപ്പാടുകൾ അടുത്തകാലത്ത് ഒരഭിമുഖത്തിൽ പൃഥ്വി തുറന്നു പറഞ്ഞിരുന്നു. 2020-ലായിരുന്നു പൃഥ്വിയും സംഘവും 'ആടുജീവിത'-ത്തിലെ ജോര്‍ദാനിലെ ചിത്രീകരണത്തിനു ശേഷം തിരിച്ചെത്തിയത്. ചിത്രീകരണത്തിനായി ജോർദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും കോവിഡിനെത്തുടർന്ന് അവിടെ കുടുങ്ങുകയായിരുന്നു. ഏകദേശം രണ്ടര മാസത്തിനു ശേഷം 2020 മേയ് 22നാണ് സംഘം പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിയത്.
Prithviraj in KGF style from Sahara Desert
Adjust Story Font
16