മലയാളത്തിന് അഭിമാനം; ബേസിൽ ജോസഫിനെ അഭിനന്ദിച്ച് മോഹൻലാൽ
രാഷ്ട്രീയ രംഗത്തെ പ്രമുഖരും ബേസിലിന് ആശംസകളറിയിച്ചു
ഏഷ്യൻ അക്കാദമി അവാർഡ് 2022ൽ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ബേസിൽ ജോസഫിനെ അഭിനന്ദിച്ച് മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ. 'അഭിനന്ദങ്ങൾ പ്രിയ ബേസിൽ, ഈ നേട്ടം നമ്മുടെ നാടിന് അഭിമാനമാണ്'- മോഹൻലാൽ ട്വിറ്ററിൽ കുറിച്ചു. ബേസിൽ ജോസഫ് പുരസ്‌കാരം സ്വീകരിക്കുന്ന വീഡിയോ പങ്കുവെച്ചാണ് മോഹൻലാലിന്റെ ട്വീറ്റ്.
മോഹൻലാലിനെ കൂടാതെ രാഷ്ട്രീയ രംഗത്തെ പ്രമുഖരും ബേസിലിന് അഭിനന്ദനവുമായെത്തി. മലയാള സിനിമയിൽ പുതിയ കാലത്തെ വലിയ സ്വപ്നങ്ങൾക്ക് പ്രചോദനമായ ബേസിലിന് ഹൃദയാഭിവാദ്യങ്ങൾ എന്നായിരുന്നു ഷാഫി പറമ്പിൽ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലും ബേസിലിന് ആശംസകൾ നേർന്നു.
മിന്നൽ മുരളി എന്ന സിനിമക്കാണ് ബേസിലിന് പുരസ്‌കാരം ലഭിച്ചത്. പതിനാറ് രാജ്യങ്ങളാണ് പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചത്. ബേസിൽ തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ''സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ് 2022ൽ, പതിനാറ് രാജ്യങ്ങളിൽ നിന്ന് മികച്ച സംവിധായകനായി എന്നെ തെരഞ്ഞെടുത്തതിൽ എനിക്ക് അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു. മലയാള സിനിമ ഇൻഡസ്ട്രിയുടെ ഭാഗമായി ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ വേദിയിൽ നിൽക്കാൻ കഴിഞ്ഞതിലും എനിക്ക് വളരെ അഭിമാനമുണ്ട്.ഈ അംഗീകാരം ആഗോളതലത്തിലേക്ക് നമ്മെ ഒരു പടി കൂടി അടുപ്പിച്ചുവെന്ന് എനിക്ക് ബോധ്യമുണ്ട്. ഞങ്ങളുടെ നിർമ്മാതാക്കൾ, നെറ്റ്ഫ്‌ലിക്‌സ്, അഭിനേതാക്കൾ, എഴുത്തുകാർ, ഛായാഗ്രാഹകർ, കൂടാതെ മുഴുവൻ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും ഹൃദ്യമായ ആലിംഗനം. ഇതാ- എന്നിൽ വിശ്വസിച്ചതിന് നന്ദി. നിങ്ങളില്ലാതെ ഈ സൂപ്പർഹീറോ ഉയർന്നുവരുമായിരുന്നില്ല!,' ബേസിൽ കുറിച്ചു.
ടൊവിനോ തോമസ്, ദർശന രാജേന്ദ്രൻ, സിദ്ധാർഥ് ഭരതൻ, അന്ന ബെൻ തുടങ്ങി നിരവധി പേർ നടനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോളാണ് മിന്നൽ മുരളി നിർമിച്ചത്. സമീർ താഹിർ ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് ഷാൻ റഹ്മാൻ ആണ്. ടൊവിനോ ആണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത്.
Adjust Story Font
16