ദേഹത്തിലേക്ക് വാഹനമിടിച്ചുകയറ്റി; പഞ്ചാബി ഗായകൻ അൽഫാസിന് ഗുരുതര പരിക്ക്
മൊഹാലിയിലെ ഒരു ധാബയിൽ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം
മൊഹാലി: വാഹനമിടിച്ച് പഞ്ചാബി ഗായകൻ അൽഫാസ് ഗുരുതരാവസ്ഥയിൽ. മൊഹാലിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അൽഫാസ് ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നാണ് പുറത്തുവരുന്ന വിവരം.
മൊഹാലിയിലെ ഒരു ധാബയിൽ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു അൽഫാസ്. ഇതിനിടെ വിക്കി എന്നു പേരുള്ള ധാബയിലെ മുൻ ജീവനക്കാരൻ ഉടമയുമായി വാക്കുതർക്കം നടന്നു. ഉടമ നൽകാനുള്ള പണം ചോദിച്ചാണ് ഇയാൾ ഇവടെയെത്തിയത്. ഹോട്ടൽ ഉടമയോട് സംസാരിച്ച് പരിഹാരമുണ്ടാക്കിത്തരാൻ ഇയാൾ അൽഫാസിനോട് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ, വിഷയത്തിൽ ഇടപെടാൻ ഗായകൻ വിസമ്മതിച്ചു. ഇതോടെ പരിസരത്തുണ്ടായിരുന്ന ധാബ ഉടമയുടെ വാഹനം എടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. വാഹനം പിന്നോട്ടെടുക്കുന്നതിനിടെ അൽഫാസിനെ ഇടിച്ചിടുകയായിരുന്നു. തലയിലും കൈകളിലും കാലിലും ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചു.
സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രതിയെ പിടികൂടിയിട്ടുണ്ട്. ഇയാൾക്കെതിരെ സോന പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹണി സിങ് ആണ് ഗായകൻ വാർത്ത സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. എന്റെ സഹോദരൻ ആക്രമണത്തിനിരയായിരിക്കുന്നു, എല്ലാവരും അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കണമെന്ന അടിക്കുറിപ്പോടെ ആശുപത്രിയിൽനിന്നുള്ള അർഫാസിന്റെ ചിത്രം ട്വീറ്റ് ചെയ്യുകയായിരുന്നു.
'പുട്ട് ജാട്ട് ദാ', റിക്ഷോ, ഗഡ്ഡി തുടങ്ങിയ സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെ പ്രശസ്തനാണ് അൽഫാസ്. അമൻജോത് സിങ് പൻവാർ എന്നാണ് യഥാർത്ഥ നാമം. ഹണി സിങ്ങുമായി സഹകരിച്ചും നിരവധി ആൽബങ്ങളിൽ പാടിയിട്ടുണ്ട്. പഞ്ചാബി ചിത്രം 'ജാട്ട് എയർവേസി'ൽ അഭിനയിച്ചിട്ടുണ്ട്.
Summary: Punjabi singer Alfaaz hospitalised after being attacked in Mohali
Adjust Story Font
16