കേരളത്തിൽ ഈ വർഷത്തെ ഫസ്റ്റ് ഡേ കളക്ഷനിൽ ഒന്നാമത്; ഫയറായി 'പുഷ്പ 2'
ലോകമാകെ പന്ത്രണ്ടായിരത്തിലേറെ സ്ക്രീനുകളിലാണ് സിനിമയുടെ റിലീസ്
എറണാകുളം: ബോക്‌സ് ഓഫീസില്‍ കാട്ടുതീ പോലെ ആളിപ്പടരുകയാണ് അല്ലു അര്‍ജ്ജുന്‍റെ 'പുഷ്പ 2 ദ റൂള്‍'. ഒരു തെലുങ്ക് ചിത്രത്തിന് കേരളത്തിൽ കിട്ടുന്ന ഏറ്റവും വലിയ ആദ്യ ദിന കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. അതോടൊപ്പം 2024-ൽ കേരളത്തിൽ റിലീസായ സിനിമകളിൽ ഏറ്റവും വലിയ ഫസ്റ്റേഡ കളക്ഷനും 'പുഷ്പ 2' സ്വന്തമാക്കിയിരിക്കുകയാണ്.
6.35 കോടി രൂപയാണ് ചിത്രത്തിന്‍റെ കേരളത്തിൽ നിന്നുള്ള ആദ്യ ദിന കളക്ഷൻ. ഈ വർഷം കേരളത്തിൽ മികച്ച ആദ്യ ദിന കളക്ഷൻ സ്വന്തമാക്കിയ 'ടർബോ' (6.15 കോടി), 'മലൈക്കോട്ടൈ വാലിബൻ' (5.85 കോടി), 'ദ ഗോട്ട് ലൈഫ്' (5.83 കോടി), 'ദ ഗോട്ട്' (5.80 കോടി) എന്നീ സിനിമകളെയാണ് 'പുഷ്പ 2' പിന്നിലാക്കിയിരിക്കുന്നത്. 600-ലേറെ സ്ക്രീനുകളിലാണ് ചിത്രം ആദ്യ ദിനം കേരളത്തിൽ റിലീസ് ചെയ്തത്. ലോകമാകെ പന്ത്രണ്ടായിരത്തിലേറെ സ്ക്രീനുകളിലാണ് സിനിമയുടെ റിലീസ്.
ഇന്ത്യന്‍ സിനിമയില്‍ തന്നെ സമീപകാലത്തെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷന്‍ ചിത്രം സ്വന്തമാക്കിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ്. ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'പുഷ്പ: ദ റൈസി'ന്‍റെ രണ്ടാം ഭാഗമായാണ് 'പുഷ്പ 2: ദ റൂൾ' എത്തിയത്.
സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്.
കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി.ആർ.ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.
Adjust Story Font
16