സനാതന ധർമം ഉന്മൂലനം ചെയ്യാനല്ല; ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള സമയമാണിത്-രചന നാരായണൻകുട്ടി
''സനാതന ധർമത്തിന്റെ സ്വഭാവം തന്നെ ചോദ്യങ്ങൾ ഉന്നയിപ്പിക്കുക എന്നതാണ്. മുൻകൂട്ടി തയാറാക്കിയ ഉത്തരങ്ങൾ നൽകാനല്ല, ചോദ്യങ്ങൾ ഉന്നയിക്കാനാണ് അത് ശീലിപ്പിക്കുന്നത്.''
കോഴിക്കോട്: തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍റെ 'സനാതന ധർമം' വിമര്‍ശനത്തില്‍ പ്രതികരിച്ച് നടി രചന നാരായണൻകുട്ടി. സനാതന ധർമം ഉന്മൂലനം ചെയ്യാനല്ല, ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയമാണിതെന്നു നടി പറഞ്ഞു. മുൻകൂട്ടി തയാറാക്കിയ ഉത്തരങ്ങൾ നൽകാനല്ല, ചോദ്യങ്ങൾ ഉന്നയിക്കാനാണു സനാതന ധർമം ശീലിപ്പിക്കുന്നതെന്നും രചന പറഞ്ഞു.
മനുഷ്യരാശിയുടെ ചരിത്രത്തിൽ ആദ്യമായി, മനുഷ്യബുദ്ധി മുമ്പെങ്ങുമില്ലാത്തവിധം പൂവണിഞ്ഞുകൊണ്ടിരിക്കുകയാണ്. കാലങ്ങളായി നിലനിന്നിരുന്ന, മറ്റെല്ലാവർക്കും വേണ്ടി ചിന്തിക്കുന്ന 'ഒരു ഗ്രാമത്തിലെ ആ ഒരു മനുഷ്യൻ' എന്നത് എപ്പോഴേ മാറി. എല്ലാവരും അവരവരുടെ വഴികളിൽ ചിന്തിക്കാൻ പ്രാപ്തരായി. സ്വർഗത്തിൽ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന തത്ത്വചിന്തകൾ ഇനി ഇവിടെ പ്രവർത്തിക്കാൻ പോകുന്നില്ല-രചന നാരായണൻകുട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു.
യുക്തിക്കു നിരക്കാത്ത വിപുലമായ തത്ത്വചിന്തകൾ ഇനി ഇവിടെ പ്രവർത്തിക്കാൻ പോകുന്നില്ല. എല്ലാത്തിനും പ്രായോഗികമായ പരിഹാരങ്ങൾ ജനം ആഗ്രഹിക്കുന്നു. അതിനാൽ, സനാതന ധർമം ഉന്മൂലനം ചെയ്യാനല്ല, ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയമാണിത്! സനാതന ധർമത്തിന്റെ സ്വഭാവം തന്നെ ചോദ്യങ്ങൾ ഉന്നയിപ്പിക്കുക എന്നതാണ്. മുൻകൂട്ടി തയാറാക്കിയ ഉത്തരങ്ങൾ നൽകാനല്ല, ചോദ്യങ്ങൾ ഉന്നയിക്കാനാണ് അത് ശീലിപ്പിക്കുന്നത്. എല്ലാ ഉറവിടവും കണ്ടെത്തുന്ന തരത്തിൽ ചോദ്യംചെയ്യലിനെ ആഴത്തിലാക്കാനാണ് അത് കാണിച്ചുതരുന്നതെന്നും നടി കുറിച്ചു.
രചന നാരായണൻകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സനാതന ധർമം!
പാടേ ഉന്മൂലനം ചെയ്യാൻ പറ്റുന്ന ഒന്നാണോ ഇത്? മനുഷ്യരാശിയുടെ ചരിത്രത്തിൽ ആദ്യമായി, മനുഷ്യബുദ്ധി മുമ്പെങ്ങുമില്ലാത്തവിധം പൂവണിഞ്ഞുകൊണ്ടിരിക്കുകയാണ്. കാലങ്ങളായി നിലനിന്നിരുന്ന, മറ്റെല്ലാവർക്കും വേണ്ടി ചിന്തിക്കുന്ന 'ഒരു ഗ്രാമത്തിലെ ആ ഒരു മനുഷ്യൻ' എന്നത് എപ്പോഴേ മാറി(ചില കൂപമണ്ഡൂകങ്ങൾ ഒഴികെ). എല്ലാവരും അവരവരുടെ വഴികളിൽ ചിന്തിക്കാൻ പ്രാപ്തരായി.
സ്വർഗത്തിൽ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന തത്ത്വചിന്തകൾ ഇനി ഇവിടെ പ്രവർത്തിക്കാൻ പോകുന്നില്ല. യുക്തിക്കു നിരക്കാത്ത വിപുലമായ തത്ത്വചിന്തകൾ ഇനി ഇവിടെ പ്രവർത്തിക്കാൻ പോകുന്നില്ല. എല്ലാത്തിനും പ്രായോഗികമായ പരിഹാരങ്ങൾ ജനം ആഗ്രഹിക്കുന്നു. നമ്മൾ കണ്ടിട്ടില്ലാത്ത മറ്റൊരിടത്ത്, ഒരു പരിഹാരമുണ്ട് എന്നത് മനുഷ്യന് താൽപര്യമില്ലാത്ത കാലമെത്തി. അതുകൊണ്ടുതന്നെ, 'ഞാൻ-എന്ത്-പറയുന്നു-അത്-നിങ്ങൾ-വിശ്വസിക്കണം-അല്ലെങ്കിൽ-നിങ്ങൾ-മരിക്കും' എന്ന പഴയ നയം ഇവിടെ പ്രവർത്തിക്കാൻ പോകുന്നില്ല.
അതിനാൽ, സനാതന ധർമം ഉന്മൂലനം ചെയ്യാനല്ല, ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയമാണ് ഇത്! കാരണം, സനാതന ധർമത്തിന്റെ സ്വഭാവം എന്നതുതന്നെ 'നിങ്ങളിൽ ചോദ്യങ്ങൾ ഉന്നയിപ്പിക്കുക' എന്നതാണ്. നിങ്ങൾക്ക് മുൻകൂട്ടി തയാറാക്കിയ ഉത്തരങ്ങൾ നൽകാനല്ല- മറിച്ച്, ചോദ്യങ്ങൾ ഉന്നയിക്കാനാണ് അത് ശീലിപ്പിക്കുന്നത്. എല്ലാ ഉറവിടവും കണ്ടെത്തുന്ന തരത്തിൽ ചോദ്യംചെയ്യലിനെ ആഴത്തിലാക്കാനാണ് അത് കാണിച്ചുതരുന്നത്!
സനാതന ധർമം വളരെ subjective ആയ ഒന്നാണ്. അവിടെ, ഇതാണ് 'നമ്മുടെ' വഴി എന്നൊന്നില്ല. 'നമുക്ക്' അങ്ങനെ പ്രത്യേകിച്ചൊരു വഴിയൊന്നും ഇല്ലന്നെ! 'എന്താണോ ഉള്ളത് അത്'- അതാണ് സനാതനം! നമ്മൾ ചെയ്തത് ഇത്ര മാത്രമാണ്-ജീവിതത്തെ ഇതുപോലെ ക്രമീകരിക്കുകയാണെങ്കിൽ, അത് ഒരു വ്യക്തിക്കും ഒരു വലിയ സമൂഹത്തിനും ഏറ്റവും മികച്ചതായി ഭവിക്കും എന്നു കണ്ടെത്തി. അത്രയേ ഉള്ളൂ. എന്നാൽ 'this is it' എന്നു നമ്മൾ പറയുന്നേയില്ല. കാരണം ചോദ്യങ്ങൾ ദിനംപ്രതി കൂടിക്കൊണ്ടിരിക്കും, കൂടിക്കൊണ്ടേയിരിക്കണം! ചോദ്യങ്ങൾ ചോദിക്കുമ്പോഴാണ് ഉള്ളിലുള്ള...........(പൂരിപ്പിക്കുന്നില്ല)
NB : ഒരു ചോദ്യവും തെറ്റല്ല, ചില ഉത്തരങ്ങൾ മാത്രമേ തെറ്റാകൂ!
സ്‌നേഹം
Summary: ''Sanatana Dharma is not to be eradicated; It's the time to present it more firmly'': Malayalam actress Rachana Narayanankutty in Udhayanidhi Stalin's Sanatana Dharma remark row
Adjust Story Font
16