ബിറ്റ്കോയിന്‍ തട്ടിപ്പ് കേസില്‍ ഇ.ഡി സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ട് മാസങ്ങള്‍; 3 കോടിയുടെ ആഡംബര കാര്‍ സ്വന്തമാക്കി രാജ് കുന്ദ്ര
ആകര്‍ഷകമായ ഇലക്ട്രിക് എസ്‍യുവിയുടെ വീഡിയോകളും ചിത്രങ്ങളും സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍മാര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്
മുംബൈ: മൂന്നു കോടിയുടെ ബ്രിട്ടീഷ് ആഡംബര കാര്‍ സ്വന്തമാക്കി നടി ശില്‍പാ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര. ബിറ്റ്കോയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡി സ്വത്തുക്കള്‍ കണ്ടുകെട്ടിയതിനു പിന്നാലെയാണ് കുന്ദ്ര കോടികള്‍ വിലമതിക്കുന്ന ആഡംബര കാര്‍ സ്വന്തമാക്കിയത്.
ആകര്‍ഷകമായ ഇലക്ട്രിക് എസ്‍യുവിയുടെ വീഡിയോകളും ചിത്രങ്ങളും സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍മാര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. പുതിയ ബ്രിട്ടീഷ് ആഡംബര സ്‌പോർട്‌സ് കാറായ ലോട്ടസ് എലെട്രയില്‍ രാജ് കുന്ദ്ര ടെസ്റ്റ് ഡ്രൈവിന് പോകുന്നതാണ് ഒരു വീഡിയോയിലുള്ളത്. പ്രമുഖ ബ്രിട്ടീഷ് സ്‌പോർട്‌സ് കാർ നിർമാതാക്കളായ ലോട്ടസ് കാർസ് നിർമ്മിക്കുന്ന ബാറ്ററി ഇലക്ട്രിക് ഫുൾ സൈസ് ലക്ഷ്വറി ക്രോസ്ഓവർ എസ്‌യുവിയാണ് ലോട്ടസ് എലെട്ര. ലോട്ടസ് എലെട്രെ ലൈനപ്പിൽ മൂന്ന് വകഭേദങ്ങൾ ഉൾപ്പെടുന്നു . എലെട്ര, എലെട്ര എസ്, എലെട്ര ആർ എന്നിവ. യഥാക്രമം 2.55 കോടി, 2.75 കോടി, 2.99 കോടി എന്നിങ്ങനെയാണ് ഇവയുടെ ഇന്ത്യയിലെ എക്സ്-ഷോറൂം വില.
കഴിഞ്ഞ ഏപ്രിലില്‍ രാജ് കുന്ദ്രയുടെ 98 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയിരുന്നു. ജൂഹുവില്‍ ശില്‍പ ഷെട്ടിയുടെ പേരിലുള്ള ഫ്ലാറ്റ് ഉള്‍പ്പെടെയുള്ള സ്ഥാവരജംഗമ വസ്തുക്കളാണ് കണ്ടുകെട്ടിയത്. 6,600 കോടി രൂപയുടെ ബിറ്റ് കോയിൻ തട്ടിപ്പിലൂടെ ഇവർ കള്ളപ്പണം വെളിപ്പിച്ചെന്നാണ് ഇ.ഡിയുടെ ആരോപണം.ബിറ്റ്കോയിനുകളുടെ രൂപത്തിൽ പ്രതിമാസം 10 ശതമാനം റിട്ടേൺ നൽകാമെന്ന വ്യാജവാഗ്ദാനങ്ങൾ നൽകി പൊതുജനങ്ങളിൽ നിന്ന് 6,600 കോടി രൂപ വിലമതിക്കുന്ന ഫണ്ടുകൾ പ്രതികൾ ശേഖരിച്ചുവെന്നാണ് ഇ.ഡി പറയുന്നത്.
സ്വര്‍ണ നിക്ഷേപത്തില്‍ വന്‍ തുക ലാഭം വാഗ്ദാനം ചെയ്ത് മുംബൈയിലെ പ്രമുഖ സ്വര്‍ണ വ്യാപാരിയില്‍നിന്ന് 90 ലക്ഷം രൂപ തട്ടിയെന്ന കേസും ശില്‍പക്കും രാജ് കുന്ദ്രക്കുമെതിരെയുണ്ട്. നീലച്ചിത്ര നിര്‍മാണവും ആപ്പുകളിലൂടെ അവ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ 2021 ജൂലൈയില്‍ കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Adjust Story Font
16