കോവിഡ് പ്രതിരോധത്തിന് 50 ലക്ഷം സംഭാവന നല്‍കി രജനികാന്ത്
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ നേരിട്ട് കണ്ടാണ് ചെക്ക് കൈമാറിയത്.
തമിഴ്നാട്ടിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം സംഭാവന നല്‍കി നടന്‍ രജനികാന്ത്. സെക്രട്ടേറിയറ്റിലെത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ നേരിട്ട് കണ്ടാണ് ചെക്ക് കൈമാറിയത്.
കോവിഡിനെ ചെറുക്കാനുള്ള പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച അദ്ദേഹം മഹാമാരിയെ നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ചലച്ചിത്ര താരങ്ങളായ സൂര്യ, കാര്‍ത്തി, വിക്രം, അജിത് തുടങ്ങിയവരും നേരത്തെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.
തമിഴ്നാട്ടില്‍ 33,181 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. 311 മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 17,670 ആയതായി ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
Adjust Story Font
16