Quantcast

മോദി മികച്ച പ്രഭാഷകന്‍; അദ്ദേഹത്തിനു ചുറ്റും കാന്തികമായൊരു പ്രഭാവലയമുണ്ട്-രണ്‍ബീര്‍ കപൂര്‍

2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബോളിവുഡ് താരങ്ങളും തമ്മില്‍ ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലെ അനുഭവങ്ങള്‍ വിവരിക്കുകയായിരുന്നു രണ്‍ബീര്‍ കപൂര്‍

MediaOne Logo

Web Desk

  • Updated:

    2024-07-28 14:26:43.0

Published:

28 July 2024 2:25 PM GMT

Ranbir Kapoor hails PM Narendra Modis Magnetic Charm; Says Like Shah Rukh Khan
X

നരേന്ദ്ര മോദി, രണ്‍ബീര്‍ കപൂര്‍

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍. മികച്ചൊരു പ്രഭാഷകനാണ് അദ്ദേഹമെന്നും ആളുകളെ ആകര്‍ഷിക്കുന്ന ഒരു കാന്തികവലയം അദ്ദേഹത്തിനു ചുറ്റുമുണ്ടെന്നും താരം പറഞ്ഞു. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്‍പര്യമില്ലെന്നും രണ്‍ബീര്‍ വ്യക്തമാക്കി.

സെറോദ ബ്രോക്കിങ് സ്ഥാപകനും വ്യവസായിയുമായ നിഖില്‍ കാമത്തിന്റെ യൂട്യൂബ് ചാനലിലാണ്, 2019ല്‍ ബോളിവുഡ് താരങ്ങളും മോദിയും തമ്മില്‍ ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലെ അനുഭവങ്ങള്‍ രണ്‍ബീര്‍ വിവരിച്ചത്. നാലഞ്ചു വര്‍ഷം മുന്‍പ് യുവ നടന്മാര്‍ക്കും നടിമാര്‍ക്കുമൊപ്പം താന്‍ പ്രധാനമന്ത്രിയെ കാണാന്‍ പോയിരുന്നു. അദ്ദേഹത്തെ നമ്മള്‍ ടെലിവിഷനില്‍ ഒരുപാട് കണ്ടതാണ്. അദ്ദേഹം സംസാരിക്കുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. മികച്ചൊരു പ്രഭാഷകന്‍ കൂടിയാണ് അദ്ദേഹമെന്ന് താരം അഭിപ്രായപ്പെട്ടു.

''ആ നിമിഷം ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഞങ്ങള്‍ അവിടെ ഇരിക്കുമ്പോഴാണ് അദ്ദേഹം കടന്നുവരുന്നത്. കാന്തികമായ വലിയൊരു പ്രഭാവലയം അദ്ദേഹത്തിനു ചുറ്റുമുണ്ടായിരുന്നു. അവിടെ വന്നിരുന്ന് അദ്ദേഹം ഓരോരുത്തരോടും സംസാരിച്ചു. വളരെ വ്യക്തിപരമായ വിഷയങ്ങളാണ് അദ്ദേഹം സംസാരിച്ചത്. അന്ന് എന്റെ അച്ഛന്റെ ചികിത്സ നടക്കുകയായിരുന്നു. അച്ഛന് എങ്ങനെയുണ്ട്, ചികിത്സ എങ്ങനെ പോകുന്നു എന്നെല്ലാം ചോദിച്ചറിഞ്ഞു.''

ആലിയയോടും വിക്കി കൗശാലിനോടും കരണ്‍ ജോഹറിനോടുമെല്ലാം ഓരോരോ കാര്യങ്ങളാണ് അദ്ദേഹം ചോദിച്ചതെന്നും രണ്‍ബീര്‍ പറഞ്ഞു. എല്ലാം വ്യക്തിപരമായ കാര്യങ്ങളായിരുന്നു. വലിയ മനുഷ്യരിലാണ് അത്തരം അധ്വാനമൊക്കെ കാണുക. അവര്‍ക്ക് അങ്ങനെയൊന്നും ചെയ്യേണ്ട ആവശ്യമില്ല. എന്നാലും, അവരത് ചെയ്യും. ഷാരൂഖ് ഖാനെ പോലെ അത്തരത്തില്‍ അധ്വാനമെടുക്കുന്ന വേറെയും വലിയ ആളുകളുണ്ടെന്നും താരം പറഞ്ഞു.

അതേസമയം, രാഷ്ട്രീയത്തില്‍ ചേരില്ലെന്നും രണ്‍ബീര്‍ വ്യക്തമാക്കി. രാഷ്ട്രീയത്തെ കുറിച്ച് ഞാന്‍ അധികം ചിന്തിക്കാറില്ല. കലാകാരന്മാരുടെ ലോകത്ത് ജീവിക്കാനാണ് ഇഷ്ടം. പുതിയ സംഗതികള്‍ കൊണ്ടുവരാനും സിനിമകള്‍ സംവിധാനം ചെയ്യാനുമൊക്കെയാണ് എനിക്കിഷ്ടം. നിര്‍മാതാവാകാനുള്ള യോഗ്യത എനിക്കില്ല. ഒരു സിനിമ, ജഗ്ഗ ജാസൂസ്, നിര്‍മിക്കാന്‍ ശ്രമിച്ച് ബോക്‌സോഫിസില്‍ പരാജയപ്പെട്ടതാണ്. അതിനുള്ള ശേഷി എനിക്കില്ലെന്ന തിരിച്ചറിവ് അന്നെനിക്കു കിട്ടി. നിനക്ക് രാഷ്ട്രീയക്കാരനാകാന്‍ പറ്റും, അതു ചെയ്യാം, ഇത് ചെയ്യാമെന്നൊക്കെ പറയാന്‍ സുഖമാണ്. പക്ഷേ, ഓരോന്നിനും അതിന്റേതായ കഴിവുകള്‍ ആവശ്യമാണ്. രാഷ്ട്രീയക്കാരന്‍ എപ്പോഴും മനുഷ്യന്മാരുടെ ആളാകണം. താന്‍ അങ്ങനത്തെയാളല്ലെന്നും രണ്‍ബീര്‍ കപൂര്‍ കൂട്ടിച്ചേര്‍ത്തു.

രണ്‍ബീര്‍ മുഖ്യ വേഷത്തിലെത്തുന്ന നിതേഷ് തിവാരി ചിത്രം 'രാമായണ'യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആരാധകര്‍ വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ ശ്രീരാമന്റെ വേഷത്തിലാണ് രണ്‍ബീര്‍ എത്തുന്നത്. സായ് പല്ലവിയാണ് സീതയുടെ കഥാപാത്രം അവതരിപ്പിക്കുന്നത്. അരുണ്‍ ഗോവില്‍ ദശരഥനായും ലാറാ ദത്ത കൈകേയിയായും സണ്ണി ഡിയോള്‍ ഹനുമാനായും ചിത്രത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Summary: Ranbir Kapoor hails PM Narendra Modi's 'Magnetic Charm'; Says 'Like Shah Rukh Khan


TAGS :

Next Story