Quantcast

ബോളിവുഡ് നടൻ രൺബീർ കപൂറിന് ഇഡി നോട്ടീസ്

നടൻ വെള്ളിയാഴ്ച ഇഡിക്ക് മുമ്പിൽ ഹാജരാകുമെന്നാണ് റിപ്പോർട്ട്

MediaOne Logo

Web Desk

  • Updated:

    2023-10-04 11:03:16.0

Published:

4 Oct 2023 10:59 AM GMT

ബോളിവുഡ് നടൻ രൺബീർ കപൂറിന് ഇഡി നോട്ടീസ്
X

മുംബൈ: മഹാദേവ് ഗെയിമിങ് ആപ് കേസിൽ ബോളിവുഡ് നടൻ രൺബീർ കപൂറിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് (ഇഡി) നോട്ടീസ്. നടൻ വെള്ളിയാഴ്ച ഇഡിക്ക് മുമ്പിൽ ഹാജരാകുമെന്നാണ് റിപ്പോർട്ട്. ഗെയിമിങ് ആപ് കമ്പനിയുടെ 417 കോടി രൂപയുടെ സ്വത്ത് കണ്ടു കെട്ടിയതിന് പിന്നാലെയാണ് ഇഡി നീക്കം.

കേസുമായി ബന്ധപ്പെട്ട് രൺബീറിനെ കൂടാതെ 17 സിനിമാ-ക്രിക്കറ്റ് താരങ്ങൾ ഇഡിയുടെ വലയത്തിലുണ്ട് എന്നാണ് സൂചന. ആപ് ഉടമകളിൽ ഒരാളായ സൗരഭ് ചന്ദ്രകാറിന്റെ ആഡംബര വിവാഹത്തിൽ പങ്കെടുത്ത ടൈഗർ ഷ്റോഫ്, സണ്ണി ലിയോൺ, നേഹ കക്കർ, ആതിഫ് അസ്ലം, റാഹത് ഫതേഹ് അലി ഖാൻ, അലി അസ്ഗർ, വിശാൽ ദൽദാനി, എല്ലി എവ്റം, ഭാർതി സിങ്, ഭാഗ്യശ്രീ, നുസ്രത്ത് ഭറുച, കൃഷ്ണ അഭിഷേക്, സുഖ്വീന്ദർ സിങ് തുടങ്ങിയവരിൽ നിന്ന് ഇഡി മൊഴിയെടുത്തേക്കും.

ആഡംബര വിവാഹത്തിൽ ഹവാലപ്പണം

2023 ഫെബ്രുവരിയിൽ യുഎഇയിലെ റാസൽഖൈമയിൽ വച്ചു നടന്ന സ്വന്തം വിവാഹത്തിന് സൗരഭ് 200 കോടി രൂപയുടെ ഹവാലപ്പണം ഒഴുക്കി എന്നാണ് ഇഡി പറയുന്നത്. ബന്ധുക്കളെയും സുഹൃത്തുക്കളെയും യുഎഇയിലേക്ക് കൊണ്ടുവരാൻ പ്രൈവറ്റ് ജെറ്റ് വാടകയ്ക്കെടുക്കുകയും ഹോട്ടലുകൾ ബുക്കു ചെയ്യാൻ മാത്രം അമ്പത് കോടിയോളം രൂപ ചെലവഴിക്കുകയും ചെയ്തു. എല്ലാ പണമിടപാടും നടന്നത് കറൻസിയിലാണ്.

ചടങ്ങ് സംഘടിപ്പിച്ച ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ നിന്ന് ബോളിവുഡ് താരങ്ങൾ ഹവാലപ്പണം സ്വീകരിച്ചെന്നാണ് ഇഡി കരുതുന്നത്. വെഡ്ഡിങ് പ്ലാനേഴ്സ്, നർത്തകർ, അലങ്കാരപ്പണിക്കാർ തുടങ്ങിയവരെ എല്ലാം എത്തിച്ചത് മുംബൈയിൽ നിന്നാണ്. വിവാഹവുമായി ബന്ധപ്പെട്ട് 112 കോടി രൂപ ഇവന്റ് മാനേജ്മെന്റ് കമ്പനി മാത്രം ഹവാലയിലൂടെ സ്വീകരിച്ചിട്ടുണ്ട്. 42 കോടി ചെലവഴിച്ച് ഹോട്ടലുകൾ ബുക്കു ചെയ്തതും ഹവാല വഴിയാണ്. പണം കൈമാറിയതിന്റെ റസിപ്റ്റ് രേഖകൾ കണ്ടെടുത്തതായും ഇഡി അറിയിച്ചു.

കഴിഞ്ഞ വർഷം സെപ്തംബറിൽ നടന്ന ആപ്പിന്റെ സക്സസ് പാർട്ടിയിലും നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു.

ഓൺലൈൻ ബെറ്റിങ് കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത, മുംബൈ, ഭോപ്പാൽ എന്നിവിടങ്ങളിൽ നടത്തിയ തെരച്ചിലിൽ 417 കോടി രൂപയാണ് ഇഡി കണ്ടെടുത്തത്. ഛത്തീസ്ഗഡിലെ ഭിലായ് സ്വദേശിയാണ് ബെറ്റിങ് ആപ്പ് ഉടമസ്ഥരായ സൗരഭ് ചന്ദ്രകാറും രവി ഉപ്പലും. നിയമവിധേയമല്ലാത്ത ബെറ്റിങ് വെബ്സൈറ്റുകൾക്ക് സഹായം നൽകുന്ന സ്ഥാപനമാണ് മഹാദേവ് ബെറ്റിങ് ആപ്പ്. ദുബൈയിൽനിന്നായിരുന്നു ആപ്പിന്റെ ഓപറേഷൻ.




TAGS :

Next Story