രാഷ്ട്രീയ അജണ്ട എന്ന നിലയില്‍ പ്രേമിച്ച് തീവ്രവാദത്തിലേക്ക് കൊണ്ടുപോവുന്നുവെന്ന് വെളിവുള്ളവര്‍ വിശ്വസിക്കില്ല: രഞ്ജന്‍ പ്രമോദ്
സിനിമകളെ വിലക്കേണ്ടതില്ലെന്ന് രഞ്ജൻ പ്രമോദും ദിലീഷ് പോത്തനും
Ranjan Pramod
കൊച്ചി: സിനിമകളെ വിലക്കേണ്ട കാര്യമില്ലെന്ന് സംവിധായകരായ രഞ്ജൻ പ്രമോദും ദിലീഷ് പോത്തനും മീഡിയവണിനോട്. ഒരാള്‍ ഒരു സിനിമ ചെയ്തതുകൊണ്ട് നമ്മുടെ അഭിപ്രായമോ കാഴ്ചപ്പാടോ ഒന്നും മാറാന്‍ പോകുന്നില്ലെന്ന് രഞ്ജന്‍ പ്രമോദ് പറഞ്ഞു. രാഷ്ട്രീയ അജണ്ട എന്ന നിലയില്‍ കുറേ ആളുകളെ പ്രേമിച്ച്, വളച്ചുതിരിച്ചെടുത്ത് തീവ്രവാദത്തിലേക്ക് കൊണ്ടുപോവുക എന്നത് ലാര്‍ജ് സ്കെയിലില്‍ ആരെങ്കിലും ചെയ്യുന്നുണ്ടെന്ന് വെളിവുള്ളവര്‍ വിശ്വസിക്കുമെന്ന് തോന്നുന്നില്ല. കേരള സ്റ്റോറിയെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രഞ്ജന്‍ പ്രമോദ്.
"സിനിമക്കെതിരെ കൊടിപിടിക്കേണ്ട കാര്യമൊന്നുമില്ല. ഒരാള്‍ ഒരു സിനിമ ചെയ്തതുകൊണ്ട് നമ്മുടെ അഭിപ്രായമോ കാഴ്ചപ്പാടോ ഒന്നും മാറാന്‍ പോകുന്നില്ല. കേരള സ്റ്റോറിയില്‍ തീവ്രവാദ പ്രശ്നമാണ് പറയുന്നത്. പത്തിരുപത്തഞ്ച് വയസ്സായ ആളുകള്‍ അവരുടെ സ്വാതന്ത്ര്യത്തില്‍ ഒരു മതം സ്വീകരിച്ചുപോകുന്നു. അത് അവരുടെ സ്വാതന്ത്ര്യത്തില്‍ അവര്‍ തീരുമാനിച്ചിട്ടുള്ള കാര്യമാണ്. അവര്‍ ചതിയില്‍ അകപ്പെട്ടാല്‍ അവരുടെ കുഴപ്പമാണ്. ഇങ്ങനെ ഒരുപാടു ചതികളുണ്ട്. ആളുകളെ തട്ടിക്കൊണ്ടുപോകുന്നുണ്ട്. സെക്സ് റാക്കറ്റില്‍ കൊണ്ടുപോകുന്നുണ്ട്. അല്ലാതെ രാഷ്ട്രീയ അജണ്ട എന്ന നിലയില്‍ കുറേ ആളുകളെ പ്രേമിച്ച്, വളച്ചുതിരിച്ചെടുത്ത് തീവ്രവാദത്തിലേക്ക് കൊണ്ടുപോവുക എന്നത് ലാര്‍ജ് സ്കെയിലില്‍ ആരെങ്കിലും ചെയ്യുന്നുണ്ടെന്ന് വെളിവുള്ളവര്‍ വിശ്വസിക്കുമെന്ന് തോന്നുന്നില്ല. അങ്ങനെ ഒരു സിനിമ വന്നു എന്നത് അത് ഒരാളുടെ അഭിപ്രായമാണ്. ഒരു സിനിമ പോലെ കാണേണ്ടതുള്ളൂ അതിനെ. സിനിമ ആസ്വദിക്കാന്‍ പറ്റുന്നുണ്ടോ എന്നതാണ്. അല്ലാതെ ഒരു ഡിബേറ്റ് മുന്നോട്ടുവെയ്ക്കാനാണെങ്കില്‍ എന്തിന് സിനിമ ചെയ്യണം? പൊളിറ്റിക്സില്ലാതെ ഒരു സിനിമയും ചെയ്യാനാവില്ല. എന്‍റെ സിനിമയിലും പൊളിറ്റിക്സുണ്ട്. പൊളിറ്റിക്സില്ലാതെ നമുക്ക് ജീവിക്കാന്‍ തന്നെ പറ്റില്ല. നമ്മുടെ മൌനത്തില്‍ പോലും വാചാലതയുണ്ട്, രാഷ്ട്രീയമുണ്ട്"- രഞ്ജന്‍ പ്രമോദ് പറഞ്ഞു.
കലയില്‍ എല്ലാം സാധ്യമാവണമെന്ന് ദിലീഷ് പോത്തനും പറഞ്ഞു- "ആര്‍ക്കും എന്തും പറയാമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അഭിപ്രായം പറയാം. കാണുന്ന ഞാന്‍ എങ്ങനെ വിലയിരുത്തണം, ഉള്‍ക്കൊള്ളണം എന്നതേയുള്ളൂ. എല്ലാ വിഷയങ്ങളെയും മുന്നോട്ടുവെയ്ക്കാനും സംസാരിക്കാനും വേദിയാവട്ടെ. കലയില്‍ എല്ലാം സാധ്യമാവണം. എല്ലാ തരത്തിലുള്ള ആശയങ്ങളും പ്രചരിപ്പിക്കപ്പെടട്ടെ".
Adjust Story Font
16