അന്യന്‍ ഹിന്ദിയിലേക്ക്; രൺവീർ സിങ്ങ് നായകന്‍
വിക്രത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു ഇത്
തമിഴിൽ സൂപ്പർ ഹിറ്റായ ചിത്രം അന്യന്‍ ബോളിവുഡിലേക്ക്. റിലീസ് ചെയ്ത് പതിനാറ് വർഷം പിന്നിടുമ്പോഴാണ് ചിത്രത്തിന് റീമേക്ക് ഒരുങ്ങുന്നത്. തമിഴ് ചിത്രം സംവിധാനം ചെയ്ത ശങ്കർ തന്നെയാണ് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും ഒരുക്കുന്നത്. ബോളിവുഡ് മുന്‍നിര നായകന്മാരിലൊരാളായ രണ്‍വീർ സിംഗ് ആണ് നായകനായെത്തുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്‍റെ ഭാഗമാകുന്ന കാര്യം രൺവീർ തന്നെയാണ് ആരാധകരെ അറിയിച്ചത്. 2022 പകുതിയോടെ ചിത്രീകരണം ആരംഭിക്കും.
'ഇന്ത്യൻ സിനിമയുടെ മുൻനിര ദീര്‍ഘവീക്ഷകരിൽ ഒരാളായ ശങ്കറുമൊത്ത് സഹകരിച്ച് പ്രവർത്തിക്കാൻ പോകുന്നു എന്ന വിവരം അഭിമാനത്തോടെ അറിയിക്കുന്നു' എന്നാണ് രൺവീർ ട്വീറ്റ് ചെയ്തത്. രണ്‍വീർ സിംഗുമൊത്ത് അന്യൻ സംവിധാനം ചെയ്യുന്ന സന്തോഷം ശങ്കറും പങ്കുവച്ചിട്ടുണ്ട്. പെന്‍മൂവിസിന്‍റെ ബാനറിൽ ഡോ.ജയന്തിലാല്‍ ഗാഡയാണ് ചിത്രം നിർമ്മിക്കുന്നത്.
അന്യൻ നേരത്തെ അപരിചിത് എന്ന പേരിൽ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു. 2005 ലാണ് സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലറായി അന്യൻ പുറത്തിറങ്ങുന്നത്. നായക കഥാപാത്രമായി വിക്രം തകർത്താടിയ ചിത്രമായിരുന്നു അന്യൻ. അമ്പി, റെമോ, അന്യൻ എന്നിങ്ങനെ മൂന്ന് വേഷ-ഭാവ പകർച്ച കൊണ്ട് വിക്രം ഞെട്ടിച്ച ചിത്രം കൂടിയായിരുന്നു ഇത്. സദയാണ് ചിത്രത്തിൽ നായികയായെത്തിയത്. നെടുമുടി വേണു, പ്രകാശ് രാജ്, വിവേക്, നാസർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Adjust Story Font
16