Quantcast

'മോദി സർക്കാരിനെ വിമർശിച്ച് രൺവീർ സിങ്'; വൈറൽ വിഡിയോയിൽ പ്രതികരിച്ച് താരം

അടുത്തിടെ വാരാണസി സന്ദർശിച്ച രൺവീർ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നഗരത്തിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് പ്രതികരിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    20 April 2024 10:48 AM GMT

Bollywood actor Ranveer Singh flags deepfake alert after AI video of him criticizing Narendra Modi government goes viral
X

നരേന്ദ്ര മോദി, രണ്‍വീര്‍ സിങ്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോയിൽ പ്രതികരിച്ച് രൺവീർ സിങ്. തന്റെ പേരിൽ പ്രചരിക്കുന്ന വിഡിയോ വ്യാജമാണെന്ന് താരം വ്യക്തമാക്കി. ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പാണെന്നാണ് രൺവീർ ആരോപിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് മോദി സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള രൺവീർ സിങ്ങിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. കേന്ദ്ര സർക്കാർ ജനങ്ങളുടെ പ്രശ്‌നങ്ങളെയും വേദനകളെയുമെല്ലാം ആഘോഷിക്കുകയാണെന്നും രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്നുമെല്ലാം വിഡിയോയിൽ വിമർശിക്കുന്നുണ്ട്. എന്നാൽ, അടുത്തിടെ വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ നടത്തിയ സന്ദർശനത്തിനുശേഷം പങ്കുവച്ച വിഡിയോ ആണ് എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചതെന്നാണു സൂചന.

വിഡിയോ ഒറ്റ വാക്കിൽ തള്ളിക്കളഞ്ഞിരിക്കുകയാണ് രൺവീർ. 'ഡീപ് ഫേക്കിനെ സൂക്ഷിക്കൂ സുഹൃത്തുക്കളേ' എന്നാണ് താരം പ്രതികരിച്ചത്. വാരാണസിയിൽ വന്ന മാറ്റങ്ങളെക്കുറിച്ചും ആത്മീയമായ അനുഭവങ്ങളെക്കുറിച്ചും ഒരു മാധ്യമത്തോട് രൺവീർ മനസ്സുതുറന്നിരുന്നു. ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരം. ഈ വിഡിയോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ശബ്ദം മാറ്റി പ്രചരിപ്പിക്കുകയായിരുന്നുവെന്നാണു വിവരം.

നേരത്തെ, ആമിർ ഖാന്റെ പേരിലും ഡീപ് ഫേക്ക് വിഡിയോ പ്രചരിച്ചിരുന്നു. ബി.ജെ.പിയെ വിമർശിച്ചും കോൺഗ്രസിനു വേണ്ടി വോട്ട് അഭ്യർഥിച്ചുമായിരുന്നു വിഡിയോ. എല്ലാ പൗരന്മാരുടെയും ബാങ്ക് അക്കൗണ്ടുകളിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന നരേന്ദ്ര മോദിയുടെ പാഴ്‌വാഗ്ദാനത്തെ പരിഹസിച്ചുകൊണ്ടായിരുന്നു വിഡിയോ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എല്ലാവരും സജീവമായി പങ്കാളികളാകണമെന്ന് ആഹ്വാനവുമുണ്ടായിരുന്നു. വിവാദ വിഡിയോയ്‌ക്കെതിരെ ആമിർ ഖാൻ നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. മുംബൈ പൊലീസിന്റെ സൈബർ സെല്ലിലാണു താരം പരാതി നൽകിയത്. ഒരു പാർട്ടിക്കു വേണ്ടിയും താൻ വോട്ടഭ്യർഥിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

Summary: Bollywood actor Ranveer Singh flags deepfake alert after AI video of him criticizing Narendra Modi government goes viral

TAGS :

Next Story