റാപ്പർ ബാദ്ഷായെ മഹാരാഷ്ട്രാ പൊലീസ് ചോദ്യംചെയ്തു
മഹാരാഷ്ട്രാ സൈബർ സെല്ലിന്റെ ചോദ്യംചെയ്യൽ നാലു മണിക്കൂറോളം നീണ്ടെന്നാണ് റിപ്പോർട്ട്
ബാദ്ഷാ
മുംബൈ: റാപ്പർ ബാദ്ഷായെ മഹാരാഷ്ട്രാ പൊലീസ് ചോദ്യംചെയ്തതായി റിപ്പോർട്ട്. ഓൺലൈൻ ബെറ്റിങ് ആപ്പായ 'ഫെയർപ്ലേ'യുമായി ബന്ധപ്പെട്ടാണു ചോദ്യംചെയ്യൽ. വിയാകോം 18 നൽകിയ ഡിജിറ്റൽ പൈറസി പരാതിയിലുള്ള അന്വേഷണത്തിന്റെ ഭാഗമായാണു നടപടിയെന്നാണു വിവരം.
2023 ഐ.പി.എല്ലിനിടെ പ്രദർശിപ്പിച്ച ഫെയർപ്ലേ പരസ്യത്തിൽ അഭിനയിച്ചവർക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ബാദ്ഷാ എന്ന പേരിൽ അറിയപ്പെടുന്ന ആദിത്യ പ്രതീക് സിങ് സിസോദിയയ്ക്കു പുറമെ പ്രമുഖ താരങ്ങളായ സഞ്ജയ് ദത്ത്, രൺബീർ കപൂർ, കൈര അദ്വാനി, സൈന നെഹ്‌വാൾ, മേരി കോം, മിഥാലി രാജ് ഉൾപ്പെടെയുള്ള 40ഓളം പേർക്കെതിരെയാണു നടപടി. 2023 മാർച്ച് മുതൽ മേയ് വരെ നടന്ന ഐ.പി.എല്ലിന്റെ സംപ്രേഷണാവകാശം വിയാകോമിനായിരുന്നു. എന്നാൽ, ഫെയർപ്ലേ ആപ്പിലും വെബ്‌സൈറ്റിലും ഇതേ സമയത്തു തന്നെ ടൂർണമെന്റ് തത്സമയം സംപ്രേഷണം ചെയ്‌തെന്നാണു പരാതി.
കേസിൽ മഹാരാഷ്ട്ര പൊലീസിന്റെ സൈബർ സെല്ലിനുമുൻപാകെയാണ് ബാദ്ഷാ ഹാജരായത്. ചോദ്യംചെയ്യൽ നാലു മണിക്കൂർ വരെ നീണ്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേസിൽ സാക്ഷിയായാണ് ബാദ്ഷായെ പൊലീസ് വിളിപ്പിച്ചതെന്നും പ്രതിയല്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ പ്രശാന്ത് പാട്ടീൽ പറഞ്ഞു. അന്വേഷണവുമായി പൂർണമായി സഹകരിക്കും. ബാങ്ക് വിവരങ്ങളടക്കം അന്വേഷണസംഘത്തിനു കൈമാറിയിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.
ഫെയർപ്ലേയ്ക്കു പുറമെ വേറെയും നിരവധി ആപ്പുകൾക്കെതിരെ വിയാകോം ലീഗൽ വൈസ് പ്രസിഡന്റ് പരാതി നൽകിയിട്ടുണ്ട്. Pikashow app, Foxi app, Vedu app, Smart Player Lite app, Film Plus app, Tea Tv app, Wow TV app തുടങ്ങിയവയ്‌ക്കെതിരെയാണു നിയമനടപടി. വിയാകോം ആപ്പുകളിലെ സിനിമകളും വെബ്‌സീരീസുകകളും വൂട്ടിലെ കണ്ടെന്റുകളും നിയമവിരുദ്ധമായി സ്ട്രീം ചെയ്‌തെന്നാണ് ഇവർക്കെതിരായ പരാതി.
Summary: Rapper Badshah questioned by Maharashtra Police Cyber Cell in case of promoting FairPlay app
Adjust Story Font
16