Quantcast

'ഈ കാണുന്നതൊന്നും എനിക്ക് വിശ്വസിക്കാനാവുന്നില്ല'; അല്ലു അർജുന് പിന്തുണയുമായി രശ്മിക മന്ദാന

എല്ലാ കുറ്റവും ഒരാളുടെ മേല്‍ മാത്രം ചാര്‍ത്തുന്നത് ശരിയല്ലെന്നാണ് രശ്മിക ചൂണ്ടിക്കാട്ടുന്നത്

MediaOne Logo

Web Desk

  • Published:

    14 Dec 2024 4:59 AM GMT

ഈ കാണുന്നതൊന്നും എനിക്ക് വിശ്വസിക്കാനാവുന്നില്ല; അല്ലു അർജുന് പിന്തുണയുമായി രശ്മിക മന്ദാന
X

ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന്റെ അറസ്റ്റില്‍ പ്രതികരണവുമായി നടി രശ്മിക മന്ദാന. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വിശ്വസിക്കാന്‍ കഴിയുന്നില്ല. നടന്ന സംഭവങ്ങൾ തീര്‍ത്തും ദൗര്‍ഭാഗ്യകരവും സങ്കടകരവുമാണെന്ന് നടി വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെയാണ് രശ്മിക അല്ലു അർജുന് പിന്തുണയുമായി രംഗത്തെത്തിയത്.

'ഈ കാണുന്നതൊന്നും എനിക്ക് വിശ്വസിക്കാനാവുന്നില്ല. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ തീര്‍ത്തും ദൗര്‍ഭാഗ്യകരവും സങ്കടകരവുമാണ്. എല്ലാ കുറ്റവും ഒരാളുടെ മേല്‍ മാത്രം ചാര്‍ത്തുന്നത് ശരിയല്ല. ഇപ്പോഴത്തെ സാഹചര്യം തീര്‍ത്തും അവിശ്വസനീയവും ഹൃദയഭേദകവുമാണ്'- രശ്മിക ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. പുഷ്പ 2 സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിലാണ് നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റിലായത്. 'പുഷ്പ' യിൽ അല്ലു അര്‍ജുന്റെ സഹതാരമാണ് രശ്മിക മന്ദാന.

കഴിഞ്ഞ ദിവസം അല്ലു അർജുന്റെ വസതിയിലെത്തിയാണ് തെലങ്കാന പൊലീസ് സംഘം നടനെ അറസ്റ്റുചെയ്തത്. തുടർന്ന് ഇന്ന് രാവിലെയാണ് അല്ലു അർജുൻ ജയില്‍മോചിതനായത്. ഇടക്കാല ജാമ്യ ഉത്തരവ് രാത്രി വൈകിയും ജയിലിൽ എത്താതായതോടെയാണ് ജയിലില്‍ തന്നെ തുടരേണ്ടിവന്നത്. രാവിലെ കോടതി ഉത്തരവ് ജയിലില്‍ എത്തിയതിനുശേഷമാണ് താരം ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.

താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും നിയമത്തിൽ നിന്നും ഒളിച്ചോടില്ലെന്നും അല്ലു അർജുൻ വ്യക്തമാക്കി. വർഷങ്ങളായി താൻ ജനങ്ങൾക്കിടയിലുണ്ടെന്നും ഇതുവരെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും നടൻ ജയിൽമോചിതനായതിന് പിന്നാലെ പ്രതികരിച്ചു. അതേസമയം, മോചന ഉത്തരവ് രാത്രി ലഭിച്ചിട്ടും അല്ലുവിന്‍റെ ജയിൽ മോചനം വൈകിപ്പിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടന്‍റെ അഭിഭാഷകൻ വ്യക്തമാക്കി.

ഡിസംബര്‍ നാലാം തീയതി പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് രേവതി എന്ന യുവതി മരിച്ചത്. അന്നത്തെ പ്രദര്‍ശനത്തിനിടെ അല്ലു അര്‍ജുനും തിയേറ്ററിലെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വലിയ തിക്കുംതിരക്കുമുണ്ടായത്. അപകടത്തില്‍ രേവതിയുടെ മകന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

TAGS :

Next Story